ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന സിനിമയ്‌ക്കെതിരെ ബീമാപള്ളിയിൽ പ്രതിഷേധം. ബീമാപള്ളി സാംസ്കാരിക സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ബീമാപള്ളിയെ കൊള്ളക്കാരുടെയും ഭീകരവാദികളുടെയും നാടായി സിനിമയിലൂടെ ചിത്രീകരിച്ചുവെന്നും യഥാർഥ സംഭവത്തെ സിനിമയിലൂടെ വളച്ചൊടിച്ചുവെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. പിഡിപി സംസ്ഥാന വൈസ് ചെയർമാൻ വർക്കല രാജ് പ്രതിഷേധം ഉത്ഘാടനം ചെയ്തു.
മാലികിനെതിരെ ബീമാപള്ളിയിൽ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം 2009ലെ വെടിവയ്പ്പ് ആസ്പദമാക്കി നിർമിച്ച ചിത്രത്തിൽ തെറ്റായി ചിത്രീകരിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്ന് സാംസ്കാരിക കൂട്ടായ്മ പ്രതിനിധികൾ പറയുന്നു. ബീമാപള്ളി വെടിവയ്പ്പുമായി ബന്ധപ്പെട്ട കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും സിനിമയ്‌ക്കെതിരെ തുടർ പ്രതിഷേധ പരിപാടികൾ നടത്താൻ സമിതി ആലോചിക്കുന്നുവെന്നും പ്രതിഷേധക്കാർ പറയുന്നു.
Also Read: മാലിക്കിലെ 'കുടുംബനൃത്തം'; ലൊക്കേഷൻ വീഡിയോയുമായി വിനയ് ഫോർട്ടും നിമിഷ സജയനും
ആമസോൺ പ്രൈമിൽ മാലിക് റിലീസ് ആയതു മുതൽ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ബീമാപള്ളി വെടിവെപ്പുമായി സിനിമയ്ക്കുള്ള സാമ്യം ചിത്രം ഇറങ്ങിയത് മുതല്‍ വലിയ ചര്‍ച്ചയായിരുന്നു. റമദാപള്ളി, ഇടവാത്തുറ എന്നീ കടലോര ഗ്രാമങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
സിനിമയുടെ മേക്കിങ്ങിനെ കുറിച്ചും അഭിനേതാക്കളുടെ അഭിനയത്തെ കുറിച്ചും എതിരഭിപ്രായമില്ലെങ്കിലും സിനിമയിൽ കഥ അവതരിപ്പിച്ച രീതിയിൽ പല രീതിയിലുമുള്ള അഭിപ്രായ ഭിന്നതകൾ ഉയർന്നുവരുന്നുണ്ട്, അതിനിടയിലാണ് സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നത്. എന്നാൽ കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമാണെന്നാണ് സിനിമ സംവിധായകൻ മഹേഷ് നാരായണന്‍റെ പക്ഷം.