മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടൻമാരിൽ ഒരാളാണ് കേശവൻ വേണുഗോപാലൻ നായർ എന്ന നെടുമുടി വേണു. മലയാളത്തിൽ തിലകൻ ചേട്ടനൊപ്പം ചേർത്ത് വെക്കേണ്ട നാമം... അദ്ദേഹത്തിന്‍റെ ഭാവാഭിനയം കാണുമ്പോൾ കൊതി തോന്നിപ്പോവുമെന്ന് മലയാള സിനിമയിലെ തന്നെ പ്രമുഖര്‍ പറഞ്ഞിട്ടുണ്ട്.
പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ചിത്രം താളവട്ടത്തിവന്‍റെ ക്ലൈമാക്‌സില്‍ ഓടിക്കിതച്ച് ആശുപത്രിയിൽ എത്തുന്ന നെടുമുടിയുടെ ഉണ്ണിയേട്ടൻ എന്ന കഥാപാത്രം തളർന്ന് പോകുമ്പോൾ തലചായ്ക്കാൻ ഒരു തോളില്ലാതെ വരുമ്പോൾ.... ഉള്ള് തുറന്ന് സംസാരിച്ചില്ലെങ്കിൽ പോലും ആരെങ്കിലും നമ്മളെ മനസിലാക്കിയെങ്കിൽ എന്നോർത്ത് നെടുവീര്‍പ്പിടുമ്പോഴെല്ലാം നാമോരോരുത്തരും അടുത്തുവേണം എന്നാഗ്രഹിക്കുന്ന ഒരാളുടെ പ്രതിനിധിയായിരുന്നു..... അത്രത്തോളം സ്വാഭാവിക അഭിനയ മുഹൂര്‍ത്തങ്ങളാണ് സിനിമയിലുട നീളം ഉണ്ണിയേട്ടന്‍ എന്ന കഥാപാത്രം കാഴ്ചവെക്കുന്നത്.
ആശുപത്രിയിൽ എത്തുന്ന നെടുമുടിയുടെ ഉണ്ണിയേട്ടൻ കാണുന്നത്.... ജീവച്ഛവം പോലെക്കിടക്കുന്ന തന്‍റെ പ്രിയപ്പെട്ട വിനുവിനെയാണ്. നായകൻ വിട്ടൊഴിഞ്ഞ തട്ടിൽ ഇനി അയാളുടെ ഊഴമാണ്. കള്ളൻ പവിത്രൻ മുതൽ ഓറഞ്ച് മരങ്ങളുടെ വീട് വരെ എത്തിനിൽക്കുന്ന അഭിനയജീവിതത്തിൽ അയാളെത്രയോ തവണ നമ്മളെ കരയിപ്പിച്ചും ചിരിപ്പിച്ചും കടന്നുപോയിട്ടുണ്ട്. പ്രായഭേതമന്യേ കഥാപാത്രങ്ങളിലേക്ക് നെടുമുടി മാനറിസങ്ങളോടെ ഇറങ്ങിച്ചെല്ലുന്ന രീതി ഇന്നും അത്ഭുതമാണ് സമ്മാനിക്കുന്നത്. സോമന്‍റെ കഥാപാത്രത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ശരീരഭാഷയിലൂടെയാണ് നെടുമുടിയുടെ കഥാപാത്രം വിനോദിനെ തന്‍റെ മാത്രം യുക്തിക്ക് ചേര്‍ന്ന ദയാവധത്തിന് വിധേയമാക്കിയതിന്‍റെ കാരണങ്ങൾ വിവരിക്കുന്നത്. ആ രംഗം മാത്രം പോരെ...? എത്രമാത്രം കറകളഞ്ഞ അഭിനേതാവാണ് നെടുമുടി വേണു എന്ന് മനസിലാക്കാന്‍.....
ഒരു നടന്‍റെ ശരീരം കൃത്രിമായ ആയാസ മുറകൾ കൊണ്ട് വടിവൊത്ത് നിര്‍മിച്ചെടുക്കേണ്ടതല്ല. ഓരോ കഥാപാത്രവും, കഥയും, വികാരങ്ങളും അനായാസമായി പ്രയാണം ചെയ്യേണ്ട പ്രദേശമാണത്. കുപ്പായമിട്ടാൽ ഒരു പ്രായവും, അഴിച്ചാൽ മറ്റൊരു പ്രായവും ഒരു നടന്‍റെ ശരീരം കാണിച്ച് തരുന്നത് അങ്ങനെയാണ്. കഥാപാത്രങ്ങളുടെ പ്രായഭേദങ്ങളെ ഇങ്ങനെ പ്രതിഫലിപ്പിക്കാൻ കഴിയുന്നത് അത്ഭുതം തന്നെയാണ്. നെടുമുടി വേണു എന്ന നടൻ തന്‍റെ ശരീരം കൊണ്ടും ശബ്ദം കൊണ്ടും കഥാപാത്രങ്ങളിലേക്ക് നടത്തുന്ന യാത്രകൾ അദ്ദേഹം സിനിമയ്ക്ക് ഒരു നടനെന്ന രീതിയിൽ നൽകുന്ന അതുല്യ സംഭാവനയാണ്. മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടത്തില്‍ സർവീസിൽ നിന്നും വിരമിച്ച രാവുണ്ണി നായർ എന്ന അധ്യാപകനായി അദ്ദേഹം വാർധക്യത്തിന്‍റെ അവസ്ഥകളെയും ഏകാന്തതയെയും വെറും മുപ്പത്തിയൊമ്പത് വയസുള്ളപ്പോളാണ് ഹൃദയഭേദകമായി അഭിനയിച്ച് ഫലിപ്പിച്ചത്. മുഖം മിനുക്കിയ മലയാള സിനിമ പലപ്പോഴും അദ്ദേഹത്തെ വിട്ടുപോവുന്നുണ്ട് എന്ന് പറയാതെ വയ്യ....