ലോക മാതൃദിനത്തിൽ അമ്മമാര്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് മലയാളി താരങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങളും കുറിപ്പുകളും പങ്കുവെച്ചു. പലരും ലോക്ക് ഡൗൺ മൂലം അമ്മയുടെ സമീപത്ത് എത്താൻ സാധിക്കാത്തതിനാൽ പഴയ ചിത്രങ്ങളാണ് ആശംസകൾക്കൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നത്.
"കൈ നിറയേ വെണ്ണ തരാം...കവിളിലൊരുമ്മ തരാം..." ബാബാ കല്യാണി ചിത്രത്തിലെ ഗാനത്തിന്‍റെ ഒരു വരി കടമെടുത്തുകൊണ്ട് അമ്മയുടെ ചിത്രം പങ്കുവെച്ചാണ് മലയാളത്തിന്‍റെ സൂപ്പർതാരം മോഹൻ ലാൽ മാതൃദിനാശംസകൾ നേർന്നത്.
"എന്‍റെ വഴക്കുകളിലും ഫെമിനിസ്റ്റ് പ്രശ്നങ്ങളിലും തെരഞ്ഞെടുപ്പുകളിലും എപ്പോഴും പരിഭ്രാന്തയാകുന്നയാള്‍. മതത്തിന്‍റെ വഴിയില്‍ സഞ്ചരിക്കുകയും പഴയകാല വിശ്വാസങ്ങളില്‍ ജീവിക്കുകയും ചെയ്യുന്നയാള്‍. എന്‍റെ നിന്ദകള്‍ വകവയ്ക്കാതെ എനിക്കു വേണ്ടി പ്രാര്‍ഥിക്കുന്നയാള്‍.. ഞാന്‍ എന്‍റെ പോരാട്ടങ്ങള്‍ അവസാനിപ്പിക്കുകയും ലോകത്തെയും ജീവിതത്തെയും അതിന്‍റെ രീതിയില്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് എപ്പോഴും പ്രതീക്ഷിക്കുന്ന വ്യക്തി. രണ്ട് തലമുറയില്‍ നിന്നുള്ള ഒരിക്കലും പരസ്പരം മനസിലാക്കാന്‍ കഴിയാത്ത രണ്ടുപേര്‍," നടി റിമ കല്ലിങ്കൽ തന്‍റെ അമ്മയുടെ വ്യാകുലതകളാണ് അമ്മദിനത്തിൽ പഴയകാല ചിത്രത്തിനൊപ്പം പങ്കുവച്ചത്.
അമ്മക്കൊപ്പമുള്ള ഒരു ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രത്തിനൊപ്പം അമ്മയോടുള്ള അതിരില്ലാത്ത സ്‌നേഹമാണ് മലയാളിയുടെ എക്കാലത്തും പ്രിയപ്പെട്ട നടി നദിയ മൊയ്തു വ്യക്തമാക്കിയത്. "എന്‍റെ ജീവിതത്തില്‍ എനിക്കേറ്റവും പ്രചോദനമായിട്ടുള്ള, ഏറ്റവും നിസ്വാര്‍ത്ഥയും ഊര്‍ജ്ജസ്വലയും വാത്സല്യനിധിയുമായ എന്‍റെ അമ്മയ്ക്ക്. ഹാപ്പി മദേഴ്‌സ് ഡേ. ദൈവം മമ്മയെ അനുഗ്രഹിക്കട്ടെ," നദിയ കുറിച്ചു.