തിരുവനന്തപുരം: പ്രമുഖ സിനിമാ- സീരിയല്‍ താരം രമേശ് വലിയശാല അന്തരിച്ചു. ശനിയാഴ്‌ച രാവിലെ തിരുവനന്തപുരം വലിയശാലയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. 55 വയസായിരുന്നു. സാമ്പത്തിക പരാധീനതകളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
പുതുമുഖ സംവിധായകനായ കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമയുടെ മൂന്നാറിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും സെപ്‌തംബർ 10നാണ് രമേശ് തിരിച്ചെത്തിയത്.
നാടകത്തിൽ നിന്നും മിനിസ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കും
നാടകരംഗത്ത് നിന്നും സീരിയലിലേക്കും തുടർന്ന് സിനിമാരംഗത്തേക്കുമുള്ള രമേശ് വലിയശാലയുടെ പ്രവേശനം. 1980കളുടെ മധ്യത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ബിരുദ വിദ്യാർഥിയായിരിക്കെ, സംവിധായകന്‍ ഡോ.ജനാര്‍ദ്ദനന്‍റെ നേതൃത്വത്തില്‍ കാമ്പസ് തിയേറ്റര്‍ രൂപീകരിച്ചാണ് രമേശ് അഭിനയം തുടങ്ങിയത്. ആദ്യ കാലത്ത് നിരവധി അമച്വര്‍ നാടകങ്ങളില്‍ വേഷമിട്ടു.
1990കളുടെ തുടക്കത്തില്‍ ദൂരദര്‍ശനില്‍ മായാമാളവം എന്ന ടെലിഫിലിം നിർമിച്ചുകൊണ്ട് സീരിയല്‍ രംഗത്തേക്ക് തിരഞ്ഞു. ഡോ. ജനാര്‍ദ്ദനനായിരുന്നു ഈ സീരിയലിന്‍റെ സംവിധായകന്‍. പിന്നാലെ ഡോ.ജനാര്‍ദ്ദനന്‍ ദൂരദര്‍ശന് വേണ്ടി സംവിധാനം ചെയ്‌ത പരമ്പരകളിലെല്ലാം അദ്ദേഹം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്‌തു. ഗാംഭീര്യമുള്ള ശബ്‌ദവും കഥാപാത്രങ്ങളോട് ഇഴുകിച്ചേരാനുള്ള തന്മയത്വവും വളരെ വേഗം രമേശിനെ കുടുംബ പ്രേക്ഷകരുടെ ജനപ്രിയ താരമാക്കിയിരുന്നു.
നിലവില്‍ സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്‌തു വരുന്ന തിങ്കള്‍ക്കലമാന്‍ എന്ന സീരിയലില്‍ അഭിനയിക്കുകയായിരുന്നു. സിനിമാ സീരിയൽ രംഗത്തെ നിരവധി പേർ താരത്തിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. പ്രൊഡക്ഷൻ കൺട്രോളർ എൻ.എം ബാദുഷയും രമേശ് വലിയശാലയുടെ മരണത്തിൽ നടുക്കം അറിയിച്ചു. പിതാവ് അളവുതൂക്ക വകുപ്പ് ഉദ്യോഗസ്ഥനായ രവീന്ദ്രന്‍നായര്‍. ഭാര്യ പരേതയായ ഗീത. മകന്‍ ഗോകുല്‍. സംസ്‌കാരം പിന്നീടെന്ന് കുടുംബ വൃത്തങ്ങള്‍ അറിയിച്ചു.