കേരളം

kerala

ETV Bharat / sitara

'അനിയൻ ബാവ- ചേട്ടൻബാവ' മലയാളസിനിമയിൽ

മലയാളസിനിമയിൽ അഭിനേതാക്കളായി എത്തി വെള്ളിത്തിരയിൽ തിളങ്ങിയ സഹോദരന്മാർ.

മമ്മൂട്ടി- ഇബ്രാഹിം കുട്ടി സിനിമ വാർത്ത  പ്രേം നസീര്‍ പ്രേം നവാസ് സിനിമ വാർത്ത  ജോസ് പ്രകാശ് പ്രേം പ്രകാശ് സിനിമ വാർത്ത  ഷോബി തിലകന്‍ ഷമ്മി തിലകന്‍ സിനിമ വാർത്ത  വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും വാർത്ത  പൃഥ്വിരാജും ഇന്ദ്രജിത്തും വാർത്ത  ഫഹദ് ഫാസില്‍- ഫര്‍ഹാന്‍ ഫാസില്‍ വാർത്ത  ഫഹദ് ഫാസിലും അനുജജൻ ഫര്‍ഹാന്‍ ഫാസിലും വാർത്ത  ആസിഫ് അലിയും അസ്‌കർ അലിയും  നീരജ് മാധവനും നവനീത് മാധവനും  അനിയൻ ബാവ ചേട്ടൻബാവ മലയാളസിനിമയിൽ  aniyan bava chettan bava in malayalam films  prem nazir prem navas  jose prakash and prem prakash  neeraj and navneeth madhavan  shoby thilakan shammi thilakan  asif and askar ali  prithviraj indrajith  fahad fazil farhan fazil  vinu mohan anu mohan  borthers in malayalam cinema news
അനിയൻ ബാവ- ചേട്ടൻബാവ മലയാളസിനിമയിൽ

By

Published : Nov 25, 2020, 5:06 PM IST

Updated : Nov 25, 2020, 7:54 PM IST

ഒരേ കുടുംബത്തിൽ നിന്ന് വന്ന് വെള്ളിത്തിരയിലെത്തി ശോഭിക്കുന്ന താരങ്ങൾ... അച്ഛന്‍റേയും അമ്മയുടേയും പാത പിന്തുടർന്ന് എത്തിയവർ മാത്രമല്ല, സഹോദരന്മാരും സഹോദരിമാരും വരെ മലയാളസിനിമയെ കീഴടക്കിയിട്ടുണ്ട്. അവയിൽ ജ്യേഷ്‌ഠനും അനുജനുമായ താരങ്ങളാവട്ടെ, നിത്യഹരിത നായകൻ പ്രേം നസീറിൽ തുടങ്ങി മെഗാസ്റ്റാർ മമ്മൂട്ടിയും കടന്ന് യൂത്ത് ഐക്കൺമാരായ പൃഥിരാജ്- ഇന്ദ്രജിത്ത്, വിനീത്- ധ്യാൻ ശ്രീനിവാസൻ വരെയുണ്ട്.

മമ്മൂട്ടി- ഇബ്രാഹിം കുട്ടി

മെഗാസ്റ്റാറിനെ പോലെ ബിഗ്‌ സ്‌ക്രീനിൽ വലുതായി തിളങ്ങാൻ സാധിച്ചില്ല മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിം കുട്ടിക്ക്. എങ്കിലും, മിനിസ്‌ക്രീനിൽ അദ്ദേഹം സജീവമാണ്. ഭഗവാൻ, ഒരിടത്തൊരു പോസ്റ്റ്മാൻ ചിത്രങ്ങളിൽ സഹതാരമായും നടൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തിന്‍റെ മകൻ മഖ്ബൂൽ റഹ്‌മാനും മലയാള സിനിമയിലേക്ക് ചുവട് വച്ചു കഴിഞ്ഞു.

ഇബ്രാഹിം കുട്ടി സഹോദരൻ മമ്മൂട്ടിക്കൊപ്പം

പ്രേം നസീര്‍- പ്രേം നവാസ്

മലയാളിയുടെ പ്രണയനായകൻ പ്രേം നസീര്‍... കാലമെത്ര കഴിഞ്ഞാലും അദ്ദേഹം കേരളക്കരയുടെ ഏറ്റവും പ്രിയപ്പെട്ട നടനാണ്. നിത്യഹരിത നായകന്‍റെ സഹോദരനും മലയാളസിനിമയിൽ നിറഞ്ഞു നിന്നിരുന്നു. കൂടപ്പിറപ്പ് (1956), കണ്ടംബച്ച കോട്ട്(1961), നെല്ല് (1974) എന്നിങ്ങനെ അമ്പതുകളിലെ സിനിമകളിലൂടെ പ്രേം നവാസ് വെള്ളിത്തിരയിൽ സാന്നിധ്യം അറിയിച്ചു. എന്നാൽ, ഗിന്നസ്‌ റെക്കോഡുകൾ തന്‍റെ പേരിലാക്കി പ്രേം നസീർ മലയാളത്തിൽ തിളങ്ങുമ്പോൾ, സഹോദരന് അത്രയും നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. എൺപതുകളിലും സിനിമയിൽ സജീവമായിരുന്ന നവാസ് ഏതാനും സിനിമകളുടെ നിർമാതാവ് കൂടിയായിരുന്നു.

പ്രേം നസീറും സഹോദരൻ പ്രേം നവാസും

ജോസ് പ്രകാശ്- പ്രേം പ്രകാശ്

അരങ്ങുവേദിയിൽ നിന്ന് വന്ന്, വെള്ളിത്തിരയിൽ ഗായകനായി തുടങ്ങി പിന്നീട് 300ഓളം ചിത്രങ്ങളിൽ നിർണായകവേഷങ്ങൾ ചെയ്‌ത നടനാണ് ജോസഫ് എന്ന ജോസ് പ്രകാശ്. 1953ൽ ആരംഭിച്ച സിനിമാകരിയറിൽ ജോസ് പ്രകാശ് മലയാളികളുടെ പ്രിയപ്പെട്ട വില്ലനായാണ് പ്രശസ്‌തൻ. ആകാശദൂത്, അയാളും ഞാനും തമ്മിൽ, കൂടെവിടെ? തുടങ്ങി നിരവധി ചലച്ചിത്രങ്ങളിൽ സഹനടനായി അഭിനയിച്ച പ്രേം പ്രകാശ് ജോസ് പ്രകാശിന്‍റെ സഹോദരനാണ്. സിനിമ കൂടാതെ, ഒട്ടനവധി സീരിയലുകളിലും പ്രേം പ്രകാശ് ഭാഗമായിട്ടുണ്ട്.

ജോസ് പ്രകാശും സഹോദരൻ പ്രേം പ്രകാശും

ഷോബി തിലകന്‍- ഷമ്മി തിലകന്‍

മലയാളത്തിന്‍റെ പെരുന്തച്ചൻ... തിലകന്‍റെ മക്കളായ ഷോബി തിലകനും ഷമ്മി തിലകനും. ഭൂരിഭാഗവും നെഗറ്റീവ് റോളുകളിലെത്തി സിനിമാപ്രേക്ഷകരെ കീഴടക്കിയ താരമാണ് ഷമ്മി തിലകന്‍. സഹോദരൻ ഷോബി തിലകനാവട്ടെ, ഡബ്ബിങ് ആര്‍ട്ടിസ്റ്റായും സീരിയൽ താരമായും പ്രശസ്‌തനാണ്. വരത്തൻ, തീരുമാനം, കലിപ്പ് തുടങ്ങിയ മലയാളചിത്രങ്ങളിലും ഷോബി ശ്രദ്ധേയവേഷം ചെയ്‌തു. ഇരുവരും നടനെന്നതിനുപരി ശബ്‌ദം കൊണ്ടും പ്രേക്ഷകരെ വിസ്‌മയിപ്പിച്ചിട്ടുണ്ട്.

ഷമ്മി തിലകനും സഹോദരൻ ഷോബി തിലകനും

പൃഥ്വിരാജ് സുകുമാരന്‍- ഇന്ദ്രജിത്ത് സുകുമാരന്‍

മലയാളത്തിന്‍റെ പ്രിയപ്പെട്ട നടൻ സുകുമാരന്‍റെയും നടി മല്ലികാ സുകുമാരന്‍റേയും മക്കൾ, പൃഥ്വിരാജും ഇന്ദ്രജിത്തും. ഒരുപക്ഷേ, മാതാപിതാക്കളേക്കാൾ പ്രശസ്‌തരാണ് സിനിമയിൽ ഈ സഹോദരന്മാർ. അച്ഛന്‍റെ സിനിമയിൽ ബാലതാരമായി മൂത്ത മകൻ ഇന്ദ്രജിത്ത് തുടക്കം കുറിച്ചിരുന്നെങ്കിലും 2002 മുതലാണ് ഇരുവരും വെള്ളിത്തിരയിൽ സജീവമാകുന്നത്. 2002ലെ ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍ ചിത്രത്തിൽ വില്ലനായി ഇന്ദ്രജിത്തും അതേ വർഷം തന്നെ പുറത്തിറങ്ങിയ നന്ദനത്തിലെ നായകനായി അനുജൻ പൃഥിരാജും എത്തി.

ഇന്ദ്രജിത്തും പൃഥ്വിരാജും

മുമ്പ്, സുകുമാരൻ പറഞ്ഞ പോലെ "എന്‍റെ മക്കളുടെ ഡേറ്റിനായി സംവിധായകർ കാത്തിരിക്കുന്ന ഒരു കാലം വരും," എന്നത് ഇന്നത്തെ സിനിമയിൽ ഇരു സഹോദരന്മാരും എത്ര നിർണായകമാണെന്നത് പറഞ്ഞുതരും. മലയാളവും കടന്ന് തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും പൃഥിരാജ് തിളങ്ങിയപ്പോൾ, കോമഡിയിലും വില്ലനായും സഹതാരമായും നായകനായുമൊക്കെ അഭിനയത്തിന്‍റെ എല്ലാ വശങ്ങളിലും ഇന്ദ്രജിത്ത് വ്യക്തി മുദ്ര പതിപ്പിച്ചുകഴിഞ്ഞു.

വിനീത് ശ്രീനിവാസന്‍- ധ്യാന്‍ ശ്രീനിവാസന്‍

മലയാളത്തിന്‍റെ സ്വന്തം ശ്രീനിവാസന്‍റെ രണ്ട് മക്കളും അഭിനയത്തിൽ മാത്രമല്ല, അച്ഛനെ പോലെ തിരക്കഥാകൃത്തായും സംവിധായകനായുമൊക്കെ തിളങ്ങുകയാണ്. കിളിച്ചുണ്ടൻ മാമ്പഴം സിനിമയിൽ ഗായകനായാണ് വിനീത് ശ്രീനിവാസൻ എത്തുന്നത്. പിന്നീട് സൈക്കിൾ, മകന്‍റെ അച്ഛൻ, തുടങ്ങിയ മലയാളചിത്രങ്ങളിൽ നായകനായി. വിനീത് യുവതലമുറക്കിടയിൽ അറിയപ്പെടുന്നൊരു സംവിധായകനായത് 2012ലെ തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലൂടെയാണ്.

വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും

തിര എന്ന ചിത്രത്തിലൂടെ തന്‍റെ ഇളയ സഹോദരൻ ധ്യാനിനെ മലയാളിക്ക് മുന്നിൽ പരിചയപ്പെടുത്തിയതും വിനീതാണ്. പിന്നീട്, ധ്യാൻ നിരവധി മലയാള സിനിമയിൽ നായകനായി അഭിനയിക്കുകയും നയൻതാര- നിവിൻപോളി ജോഡിയിൽ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധായകനായും മാറി. പ്രകാശൻ പറക്കട്ടെ എന്ന പുതിയ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നതും ധ്യാൻ ശ്രീനിവാസനാണ്.

ഫഹദ് ഫാസില്‍- ഫര്‍ഹാന്‍ ഫാസില്‍

പുതിയ മലയാള സിനിമാതാരങ്ങളിൽ പ്രേക്ഷകർ ഏറ്റവുമധികം പ്രതീക്ഷയർപ്പിക്കുന്ന നടനാണ് സംവിധായകൻ ഫാസിലിന്‍റെ മൂത്ത മകൻ ഫഹദ് ഫാസിൽ. കൈയ്യെത്തും ദൂരത്ത് (2002) ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും താരം അന്നത്ര ക്ലിക്കായില്ല. പിന്നീട്, പ്രമാണി, ചാപ്പാ കുരിശ്, 22 ഫീമെയിൽ കോട്ടയം തുടങ്ങിയ സിനിമകളിലൂടെ ഫഹദ് തിരിച്ചുവരവ് നടത്തി. നായകനായും വില്ലനായും സിനിമാസ്വാദകനെ ഞെട്ടിക്കുന്ന പ്രകടനമാണ് നടൻ കാഴ്‌ചവെക്കുന്നത്.

ഫര്‍ഹാന്‍ ഫാസിലും ഫഹദ് ഫാസിലും

ഫഹദിന്‍റെ അനുജൻ ഫര്‍ഹാന്‍ ഫാസില്‍ 2014ൽ റിലീസ് ചെയ്‌ത രാജീവ് രവി ചിത്രം ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ചു.

ആസിഫ് അലി- അസ്‌കർ അലി

മലയാളത്തിന്‍റെ യൂത്ത് ഐക്കൺ ആസിഫ് അലി ശ്യാമപ്രസാദിന്‍റെ ഋതുവിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട്, അസുരവിത്ത്, സാൾട്ട് ആൻഡ് പെപ്പർ, ഒഴിമുറി, നിർണായകം, ഹണി ബീ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഗംഭീര പ്രകടനം കാഴ്‌ചവെച്ചു. നടന്‍റെ സഹോദരൻ അസ്‌കർ അലി ചെമ്പരത്തിപ്പൂ എന്ന മലയാളചിത്രത്തിലൂടെ തുടക്കം കുറിച്ച് ഹണിബീ 2.5 ചിത്രത്തിൽ നായകനായും തിളങ്ങി.

അസ്‌കർ അലിയും ആസിഫ് അലിയും

വിനു മോഹൻ- അനു മോഹൻ

നിവേദ്യം എന്ന ഒറ്റ ചിത്രം മതി വിനു മോഹനെ ഓർക്കാൻ. ലോഹിതദാസിന്‍റെ നിവേദ്യത്തിലൂടെ അരങ്ങേറ്റം കുറിച്ച യുവതാരം പിന്നീട് സൈക്കിൾ, കളേഴ്‌സ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. നടി ശോഭ മോഹന്‍റെ മകനായ വിനു നടൻ സായി കുമാറിന്‍റെ അനന്തരവനുമാണ്.

അനു മോഹനും വിനു മോഹനും

വിനു മോഹന്‍റെ സഹോദരൻ അനു മോഹൻ, ഓർക്കുട്ട് ഒരു ഓർമക്കൂട്ട്, തീവ്രം തുടങ്ങിയ ചിത്രങ്ങളിലൂടെ നടനായി.

നീരജ് മാധവ്- നവനീത് മാധവ്

നടനും ഡാൻസറുമായ യുവതാരം നീരജ് മാധവ് മെമ്മറീസ്, ഒരു ഇന്ത്യൻ പ്രണയകഥ, ദൃശ്യം ചിത്രങ്ങളിലൂടെ സഹനടനായി അഭിനയിച്ചു. 1983, അപ്പോത്തിക്കരി, സപ്തമശ്രീ തസ്ക്കരാ, ഒരു വടക്കൻ സെൽഫി, അടി കപ്യാരേ കൂട്ടമണി തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയ വേഷം ചെയ്‌തു. നൃത്ത സംവിധായകൻ കൂടിയായ നീരജ് ലവകുശ എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തുമായിരുന്നു. ഫാമിലി മാൻ എന്ന സീരീസിലൂടെ ബോളിവുഡിലേക്കും താരം തുടക്കം കുറിച്ചു.

നീരജ് മാധവും നവനീത് മാധവും

നീരജിന്‍റെ സഹോദരൻ നവനീത് മാധവിനെ മലയാളിക്ക് പരിചയം ടെലിവിഷൻ പരമ്പരയിലെ കുട്ടിച്ചാത്തനായാണ്. പിന്നീട്,മാണിക്യകല്ല്, ശിക്കാരി തുടങ്ങിയ ചിത്രങ്ങളിലൂടെ ബിഗ് സ്‌ക്രീനിലും ബാല താരമായെത്തി ഗംഭീരപ്രകടനം കാഴ്‌ചവച്ചു. ജ്യേഷ്‌ഠനെ പോലെ നവനീതും ഡാൻസറാണ്.

Last Updated : Nov 25, 2020, 7:54 PM IST

ABOUT THE AUTHOR

...view details