വിണ്ണിലെ താരങ്ങളെയല്ല, പാടത്തും ചെളിയിലും പണിയെടുക്കുന്ന സാധാരണക്കാരന്‍റെ ജീവിതം പ്രമേയമാകുമ്പോൾ സൂപ്പർതാരങ്ങളും മണ്ണിലേക്കിറങ്ങും. 1994ലെ ദേശീയ പുരസ്‌കാരങ്ങൾ മലയാളസിനിമയിലേക്ക് എത്തിച്ച പൊന്തൻമാട ചിത്രീകരിക്കാൻ 40 ദിവസവും മമ്മൂട്ടി പാടത്തെ ചെളിയിലായിരുന്നു. സംവിധായകന് സിനിമ, കഥ പറയാനുളള മാധ്യമത്തിലേക്ക് ഒതുങ്ങാതെ, അത് കലയുടെയും കഴിവിന്‍റെയും പുതിയ തലങ്ങളിലേക്കും എത്തുമ്പോൾ ടി.വി ചന്ദ്രനെ പോലെ രാജ്യം ബഹുമാനിക്കുന്ന സംവിധായകന്മാർ ഇവിടെ ഒരു പ്രതിബിംബമാകും.
സംവിധായകനായും തിരക്കഥാകൃത്തായും നിർമാതാവായും അഭിനേതാവായും മലയാളസിനിമയിൽ അനുപമമായ സ്ഥാനം നേടിയ ടി.വി ചന്ദ്രന്‍റെ 70-ാം ജന്മദിനമാണിന്ന്. തലയെടുപ്പും ചങ്കുറപ്പുമുള്ള സംവിധായകൻ.... സിനിമയെ വിട്ടുവീഴ്‌ചകളോടെയല്ലാതെ സമീപിച്ച കലാകാരൻ... ടി.വി ചന്ദ്രൻ ഒരു പേര് മാത്രമാവാതെ, നാല് ദശകങ്ങൾ നീണ്ട സിനിമാനുഭവങ്ങളുടെ കാലഘട്ടം കൂടിയാകുമ്പോൾ ഭാഷകളുടെ പരിമിതി കടന്ന് ഇന്ത്യൻ സിനിമ മുഴുവൻ അദ്ദേഹത്തിൽ അഭിമാനിക്കുന്നുവെന്ന് പറയാം.
1950ൽ നാരായണൻ നമ്പ്യാർ- കാർത്ത്യായനി ദമ്പതികളുടെ മകനായി തലശ്ശേരിയിൽ ജനിച്ചു. കടമ്പൂർ, കതിരൂർ, പരിയാരം എന്നിവിടങ്ങളിലായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലും കോഴിക്കോട് ഫറൂഖ് കോളജിലുമായിരുന്നു ടി.വി ചന്ദ്രന്‍റെ കലാലയ വിദ്യാഭ്യാസം. നക്‌സലെറ്റ് ആശയങ്ങളെ പിന്തുടർന്ന ടി.വി ചന്ദ്രൻ, കലാലയജീവിതത്തിനിടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഭാഗമായിരുന്നു. ബാംഗ്ലൂരിലെ ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ ജോലി ചെയ്‌ത ശേഷം റിസർവ്വ് ബാങ്ക് ഉദ്യോഗസ്ഥനായും പ്രവർത്തിച്ചിട്ടുണ്ട്.
പിന്നീട്, സിനിമയിലേക്കുള്ള പ്രവേശനം. പ്രശസ്‌ത സംവിധായകൻ പി.എ ബക്കറുടെ കബനീനദി ചുവന്നപ്പോൾ സിനിമയിൽ സംവിധാനസഹായിയും അഭിനേതാവുമായാണ് അരങ്ങേറ്റം കുറിച്ചത്. പി.എ ബക്കറിനെ കൂടാതെ ജോൺ എബ്രഹാമിന് കീഴിലും അദ്ദേഹം പ്രവർത്തിച്ചു.
1981ൽ കൃഷ്‌ണൻകുട്ടി എന്ന ചിത്രത്തിലൂടെ സഹസംവിധായകനായി. എന്നാൽ, ആദ്യചിത്രം പുറത്തിറങ്ങിയില്ല. 1989ൽ ആലീസിന്‍റെ അന്വേഷണം എന്ന സിനിമ സംവിധാനം ചെയ്തു. 1994ൽ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ പൊന്തൻമാടയിലൂടെ മലയാളസിനിമയിൽ ടി.വി ചന്ദ്രന്‍ തന്‍റെ സ്ഥാനം കണ്ടെത്തി. പിന്നീട്, നിരൂപകശ്രദ്ധ പിടിച്ചുപറ്റിയ നിരവധി ചിത്രങ്ങളിലൂടെ വെള്ളിത്തിരയിൽ വേറിട്ടൊരു സഞ്ചാരപഥത്തിലൂടെയായി ടി.വി ചന്ദ്രന്‍റെ യാത്ര.