കേരളം

kerala

ജീവൻമരണ പോരാട്ടമാണ്... അതിനിടക്ക് ട്രോളരുത്! ജനത കര്‍ഫ്യൂവിന് പിന്തുണയുമായി സിനിമാലോകം

By

Published : Mar 21, 2020, 5:32 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്‍തിട്ടുണ്ട്. സിനിമാതാരങ്ങള്‍ അടക്കം നിരവധിപേര്‍ പ്രധാനമന്ത്രിയുടെ തീരുമാനത്തെ പിന്തുണച്ചപ്പോള്‍ ചിലര്‍ ട്രോളുകളിലൂടെയാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയത്

malayalam Cinema stars with support for Janata curfew  ജീവൻമരണ പോരാട്ടമാണ്... അതിനിടക്ക് ട്രോളരുത്! ജനത കര്‍ഫ്യൂവിന് പിന്തുണയുമായി സിനിമാലോകം  ജനത കര്‍ഫ്യു  malayalam Cinema stars  കൊവിഡ് 19  Janata curfew
ജീവൻമരണ പോരാട്ടമാണ്... അതിനിടക്ക് ട്രോളരുത്! ജനത കര്‍ഫ്യൂവിന് പിന്തുണയുമായി സിനിമാലോകം

കൊവിഡ് 19 രാജ്യത്ത് വലിയ രീതിയില്‍ പിടിമുറിക്കികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ എല്ലാവിധ മാര്‍ഗങ്ങളും അവലംബിക്കുകയാണ് വിവിധ സര്‍ക്കാരുകളും ആരോഗ്യപ്രവര്‍ത്തകരും അടക്കമുള്ളവര്‍. ഇനിയൊരു ജീവന്‍പോലും കൊവിഡിന്‍റെ പിടിയില്‍ അകപ്പെടരുതെന്നാണ് രാജ്യം ഒട്ടാകെ പ്രാര്‍ഥിക്കുന്നത്. കൊവിഡിനെതിരെയുള്ള ബോധവത്‍ക്കരണമെന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്‍തിരുന്നു. സിനിമാതാരങ്ങള്‍ അടക്കം നിരവധിപേര്‍ പ്രധാനമന്ത്രിയുടെ തീരുമാനത്തെ പിന്തുണച്ചു. എന്നാല്‍ ചിലര്‍ വിമര്‍ശനവുമായി രംഗത്ത് എത്തി. പ്രധാനമന്ത്രിയെ പരിഹസിച്ചുള്ള ട്രോളുകളിലൂടെയായിരുന്നു പലരുടെയും വിമര്‍ശനം. ഇപ്പോള്‍ ആ ട്രോളുകള്‍ക്കെല്ലാം മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിനിമാമേഖലയില്‍ നിന്നുള്ള നിരവധിപേര്‍.

'ട്രോളാനും രാഷ്ട്രീയമായി കാര്യങ്ങളെ കാണാനുമുള്ള സമയമല്ലിത്... ഇതുവരെ നേരിടാത്ത രീതിയിലുള്ള വലിയൊരു ദുരന്തത്തിലേക്ക് നമ്മളെയും നാടിനെയും വിട്ടുകൊടുക്കണോ എന്ന ജീവൻമരണ പ്രശ്നമാണിത്. ഒരു തരിമ്പു പോലും ഉപേക്ഷക്കോ അലംഭാവത്തിനോ ഇവിടെ സ്ഥാനമില്ല. ചൈനയും ഇറ്റലിയുമെല്ലാം നമ്മളെ പഠിപ്പിക്കുന്നത് അതാണ്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഞായറാഴ്ചത്തെ ജനതാ കർഫ്യുവിനെയും ഇതേ ഗൗരവത്തോടെയാവണം നമ്മളെല്ലാം സമീപിക്കേണ്ടത്. ജനങ്ങൾ പൊതുസമ്പർക്കം ഒഴിവാക്കി വൈറസ് വ്യാപന ശൃംഖല തകർക്കുന്നതിനാണ് കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് മനസിലാക്കുന്നത്. ഇതുവഴി സമൂഹ രോഗവ്യാപനം തടയാനാവുമെന്നാണു കണക്കാക്കുന്നത്' ജയസൂര്യ പറഞ്ഞു.

'കഴിഞ്ഞ കുറച്ചു ദിവസമായി വീട്ടിൽത്തന്നെയാണ്. കോവിഡ് നമ്മുടെ രാജ്യത്തും റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ മുതൽ കരുതലെടുക്കുന്നതിനാൽ ഒറ്റപ്പാലത്ത് തന്നെ തുടരുകയാണ്. അനാവശ്യമായ സഞ്ചാരം ഒഴിവാക്കിത്തന്നെയാണ് മുന്നോട്ടു പോകുന്നത്. വീട്ടിലും സുരക്ഷാ മുൻകരുതലുകളും ശുചിത്വ ശീലങ്ങളുമെല്ലാം പാലിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ നിർദേശത്തിന്‍റെയും കാതൽ ഇതാണ്. ആ ആഹ്വാനത്തിൽ രാഷ്ട്രീയം കാണേണ്ട സമയമല്ല ഇത്. കൊറോണ വൈറസ് ബാധിക്കുന്നത് വലിപ്പച്ചെറുപ്പം നോക്കിയല്ല' നടന്‍ ഉണ്ണി മുകുന്ദന്‍ ട്രോളുകളോട് പ്രതികരിച്ചതങ്ങനെയാണ്.

'പ്രധാനമന്ത്രിയുടെ ആഹ്വാനം ഞാൻ പാലിക്കും. എപ്പോഴും കോവിഡിനെതിരെയുള്ള മുൻകരുതലുകളിലൂടെയാണ് കടന്നുപോകുന്നത്. പുറത്തുപോകുന്നത് ചുരുക്കമാണ്. കോവിഡുമായി ബന്ധപ്പെട്ട് അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുൻകരുതലായാണ് ഈ ആഹ്വാനത്തെ നാം കാണേണ്ടത്' അജു വര്‍ഗീസ് പറഞ്ഞു.

'മഹായുദ്ധങ്ങൾ പോലും ഇതുവരെ ലോകത്തെ മുഴുവനായി ബാധിച്ചിട്ടില്ല. എന്നാൽ കൊറോണ വൈറസ് എന്ന മഹാമാരി ലോകത്തെയാകെ ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഒരു ദിവസത്തെ ജനത കർഫ്യു തികച്ചും അനിവാര്യമാണെന്ന് പറയാം. ജനങ്ങൾ സർക്കാർ നിർദേശത്തോട് പൂർണമായും സഹകരിക്കണം. രോഗവ്യാപനം നിയന്ത്രണാതീതമായാൽ കൂടുതൽ ദിവസങ്ങളിൽ കർഫ്യുപോലുള്ള ‘അടച്ചിടൽ’ നടപടികൾ സർക്കാരിന് സ്വീകരിക്കേണ്ടിവരും. ജനതാ കർഫ്യു പോലെതന്നെ ഈ ദുരന്തകാലത്ത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകുന്ന എല്ലാ നിർദേശങ്ങളും രാഷ്ട്രീയ ചിന്തകൾ മാറ്റിവച്ച് എല്ലാവരും കർശനമായി പാലിക്കണം' സൈജു കുറുപ്പ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണച്ച്‌ നടന്‍ ഹരീഷ് പേരടിയും രംഗത്തെത്തി. നമ്മള്‍ മനുഷ്യര്‍ ബാക്കിയായാല്‍ മാത്രമെ നാളെയും നമുക്ക് രാഷ്ട്രീയം കളിക്കാന്‍ പറ്റൂ ഹരീഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. 'ഒന്ന് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണ്... ഒന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്.. ഈ സമയത്ത് അത് മാത്രം ഓര്‍ക്കുകയെന്നുള്ളതാണ് നമ്മുടെ ഉത്തരവാദിത്വം... കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങളും മുന്നറിയുപ്പുകളും പാലിക്കുക. എന്‍റെ നാടിനൊപ്പം... എന്‍റെ രാജ്യത്തിനൊപ്പം.... എന്‍റെ ഭൂമിയിലെ മനുഷ്യര്‍ക്കൊപ്പം' ഹരീഷ് പേരടി കുറിച്ചു.

ഗാന രചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയും വിഷയത്തില്‍ രംഗത്തെത്തിയിട്ടുണ്ട്. 'രാഷ്ട്രത്തെ ഒന്നടങ്കം ബാധിക്കുന്ന ദുരന്തത്തെ നേരിടാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. നമ്മള്‍ കര്‍ഫ്യു അനുഷ്ഠിക്കുന്നത് കൊറോണ എന്ന മഹാമാരിക്കെതിരെയാണ്. അന്നേ ദിവസം എല്ലാവരും പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ തങ്ങി വീടിന്‍റെ അകവും പുറവും വൃത്തിയാക്കണമെന്നും മുഖ്യമന്ത്രി ഉപദേശിച്ചിട്ടുണ്ട്. 'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം' എന്ന മട്ടില്‍ എന്തിലും രാഷ്ട്രീയവൈരം കലര്‍ത്തുന്ന ദോഷൈകദൃക്കുകള്‍ ഈ അത്യാപത്തിന്‍റെ സമയത്തെങ്കിലും നിശബ്ദരാകണമെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ മാലിന്യം വിളമ്പരുതെന്നും അപേക്ഷിക്കുന്നു' അദ്ദേഹം പറഞ്ഞു.

മലയാളികള്‍ക്ക് ജനതാ ഹര്‍ത്താല്‍ എന്തെന്ന് മനസിലാകണമെന്നില്ല ഹര്‍ത്താലാണെന്ന് പറയുന്നതാകും നല്ലതെന്നാണ് റസൂല്‍ പൂക്കുട്ടി വിഷയത്തില്‍ പറഞ്ഞത്. 'കൊവിഡ് തടയുന്നതിനായി ജനത്തിന് വേണ്ടി... ജനം സ്വയം നടത്തുന്ന ജനതാ കര്‍ഫ്യു നടപ്പാക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. നിരവധിപേര്‍ പിന്തുണക്കുകയും വിമര്‍ശിക്കുകയും ചെയ്‍തു. പരിഹസിച്ചുള്ള ട്രോളുകള്‍ക്ക് മറുപടിയായാണ് റസൂല്‍ പൂക്കുട്ടി രംഗത്ത് എത്തിയത്. മലയാളികൾക്ക് ജനതാ കർഫ്യൂ എന്താണെന്ന് മനസിലാകണമെന്നില്ലെന്നും ഞായറാഴ്‍ച ഹർത്താലാണെന്ന് പറയുന്നതാകും നല്ലതെന്നും റസൂൽ പൂക്കുട്ടി പറയുന്നു. റസൂല്‍ പൂക്കുട്ടിയുടെ കുറിപ്പിനും സാമൂഹ്യമാധ്യമത്തില്‍ നിരവധി പേര്‍ എതിര്‍ത്തും അനുകൂലിച്ചും കമന്‍റുകള്‍ രേഖപ്പെടുത്തുന്നുണ്ട്.

ABOUT THE AUTHOR

...view details