അറുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്‍റെ പ്രിയപ്പെട്ട നടന്‍ സുരേഷ് ഗോപിക്ക് പിറന്നാള്‍ മംഗളങ്ങള്‍ നേരുകയാണ് മലയാളത്തിലെ മറ്റ് താരങ്ങള്‍. സുരേഷ് ഗോപിയുടെതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം കാവലിന്‍റെ ടീസര്‍ പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടിയും മോഹൻലാലും താരത്തിന് പിറന്നാള്‍ ആശംസിച്ചത്. ഗിന്നസ് പക്രു, ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി വെയ്ന്‍, ജയസൂര്യ, ജയറാം, അജു വര്‍ഗീസ് തുടങ്ങി നരവധി താരങ്ങളാണ് സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യല്‍ മീഡിയ വഴി പിറന്നാള്‍ ആശംസിച്ചത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽ നിന്ന് പകർത്തിയ സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദുൽഖർ ആശംസ പങ്കുവെച്ചത്. 'വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്‍റെ സെറ്റിൽ വെച്ച് നമ്മൾ നടത്തിയ നല്ല സംഭാഷണങ്ങൾക്കും പങ്കുവെച്ച നല്ല സമയങ്ങൾക്കും ഒരുപാട് നന്ദി. നമ്മളന്നൊരുപാട് ചിരിച്ചിരുന്നു. ഒരുപാട് സന്തോഷം നിറഞ്ഞൊരു പിറന്നാളായിരിക്കട്ടെ സുരേഷേട്ടാ... എന്നും ഒരുപാട് സ്നേഹം' ദുല്‍ഖര്‍ സല്‍മാന്‍ ഫോട്ടോക്കൊപ്പം കുറിച്ചു.
സുരേഷ് ഗോപിക്ക് പിറന്നാള്‍ ആശംസകളുമായി താരങ്ങള്‍ - സുരേഷ് ഗോപി പിറന്നാള്‍
സുരേഷ് ഗോപിയുടെതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം കാവലിന്‍റെ ടീസര്‍ പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടിയും മോഹൻലാലും താരത്തിന് പിറന്നാള്‍ ആശംസിച്ചത്.
അതേസമയം സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ ഇന്ന് പുറത്തിറങ്ങും. ചിത്രം മാസ് ആക്ഷൻ ആയിരിക്കുമെന്നാണ് സൂചനകള്‍. കടുവാക്കുന്നേല്‍ കറുവാച്ചന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സുരേഷ് ഗോപിയെത്തുന്നത്. ടോമിച്ചന്‍ മുളകുപാടമാണ് സിനിമ നിര്‍മിക്കുന്നത്. നവാഗതനായ മാത്യൂസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷിബിന്‍ ഫ്രാന്‍സിസാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഹർഷവർധൻ രാമേശ്വറാണ് ചിത്രത്തിന് സംഗീതം ഒരുക്കുക. അർജുൻ റെഡ്ഡി, കബീർ സിങ്, ദുൽഖർ നായകനായ കണ്ണും കണ്ണും കൊള്ളയടിത്താൽ തുടങ്ങിയ ചിത്രങ്ങൾക്ക് പശ്ചാത്തലസംഗീതം ഒരുക്കിയ സംഗീത സംവിധായകനാണ് ഹർഷവർധൻ രാമേശ്വർ.