2008ല്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ബയോപിക് 'മേജര്‍' എന്ന പേരില്‍ തെലുങ്കില്‍ ഒരുങ്ങുകയാണ്. ആദ്‌വി ശേഷാണ് ചിത്രത്തില്‍ സന്ദീപ് ഉണ്ണികൃഷ്ണനായി വേഷമിടുന്നത്. സന്ദീപ് ഉണ്ണികൃഷ്ണനായി ആദ്‌വി ശേഷ് മേക്കോവര്‍ നടത്തിയ ശേഷമുള്ള ലുക്ക് ടെസ്റ്റ് ഫോട്ടോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ഗൂഡാചാരി ഫെയിം സാഷി കിരൺ ടിക്കയാണ് ബയോപിക് സംവിധാനം ചെയ്യുന്നത്. സോണി പിക്‌ച്ചേഴ്‌സ് നിർമിക്കുന്ന ആദ്യ തെലുങ്ക് ചിത്രം കൂടിയായ മേജര്‍ ഹിന്ദിയിലും തെലുങ്കിലുമായാണ് പ്രദര്‍ശനത്തിനെത്തുക. മഹേഷ് ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സും നിര്‍മാണത്തില്‍ പങ്കാളികളാകും.
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിത കഥയുമായി 'മേജര്‍' ഒരുങ്ങുന്നു
സന്ദീപ് ഉണ്ണികൃഷ്ണനായി ആദ്‌വി ശേഷ് മേക്കോവര്‍ നടത്തിയ ശേഷമുള്ള ലുക്ക് ടെസ്റ്റ് ഫോട്ടോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ഗൂഡാചാരി ഫെയിം സാഷി കിരൺ ടിക്കയാണ് ബയോപിക് സംവിധാനം ചെയ്യുന്നത്
ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ചരമവാര്‍ഷികത്തില്‍ 'മേജര്‍ ബിഗിനിങ്സ്' എന്ന പേരില്‍ പുതിയ വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളാണ് നടന്‍ ആദ്‌വി ശേഷ് വീഡിയോയില്‍ പറയുന്നത്.
നവംബര്‍ 27നായിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മുംബൈയില്‍ കൊല്ലപ്പെട്ടത്. 2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍എസ്‌ജി കമാന്‍ഡോയാണ് അദ്ദേഹം. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം വെടിയേറ്റ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍റെ സ്വദേശം. ചിത്രം 2021ല്‍ ലോകവ്യാപകമായി റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.