ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ ദ്വീപ് ജനതയെ വളരെയധികം ബാധിക്കുന്നുണ്ടെന്നും അതിനെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ട് സിനിമാ മേഖലയില്‍ ആദ്യം രംഗത്ത് വന്നത് നടന്‍ പൃഥ്വിരാജായിരുന്നു. തനിക്ക് പറയാനുള്ളത് വെട്ടി തുറന്ന് പറഞ്ഞതിന്‍റെ പേരില്‍ അദ്ദേഹം വലിയ സൈബര്‍ ആക്രമണവും നേരിടേണ്ടി വന്നിരുന്നു. ഇപ്പോള്‍ പൃഥ്വിരാജ് ലക്ഷദ്വീപിനൊപ്പം നിന്നതിനെ കുറിച്ച് തന്‍റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് നടനും സംവിധായകനുമെല്ലാമായ മേജര്‍ രവി. പൃഥ്വിരാജ് ആരേയും തെറി വിളിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് നേരെ നടക്കുന്ന തെറി വിളികളെ പിന്തുണയ്ക്കുന്നില്ലെന്നുമാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മേജര്‍ രവി പറഞ്ഞത്.
'പൃഥ്വിരാജ് പറഞ്ഞ കാര്യത്തില്‍ യോജിപ്പില്ല. എന്നാല്‍ അദ്ദേഹത്തെ തെറി വിളിക്കുന്നത് അനുകൂലിക്കാന്‍ പറ്റില്ല. അനാര്‍ക്കലി എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് അനുഭവിച്ച ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിനും അറിയാവുന്നതാണ്. രാജുവിന് സ്വന്തം അഭിപ്രായം പങ്കുവെക്കാം. സോഷ്യല്‍ മീഡിയയില്‍ ഫേസ് ഇല്ലാതെ എന്ത് കമന്റും ഇടാം എന്ന ധാരണ തെറ്റാണ്. രാജു ചെയ്‌തത് തെറ്റാണ് എന്ന് നൂറു ശതമാനം പറയുകയാണെങ്കില്‍ കൂടെ ഞാന്‍ രാജുവിനെ സപ്പോര്‍ട്ട് ചെയ്യും. കാരണം രാജുവിനെ തെറി വിളിക്കാനുള്ള അവകാശം ആര്‍ക്കുമില്ല. രാജു ആരെയും തെറി വിളിച്ചിട്ടില്ല. രാജുവിനെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന് തന്നെ വെച്ചോ പക്ഷേ രാജുവിനെ തെറി വിളിക്കുന്നവരെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യില്ല. രാജുവിന് അയാള്‍ക്ക് പറയാനുള്ളത് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്' മേജര്‍ രവി പറഞ്ഞു.