കേരളം

kerala

ETV Bharat / sitara

മലയാളി മറക്കാത്ത 'ഭരത'സ്‌പർശം

കലാനിപുണതയുടെ കയ്യൊപ്പും സൗന്ദര്യാവിഷ്‌കാരത്തിന്‍റെ പരിപൂർണതയും സിനിമയിൽ പകർത്തി, പ്രേക്ഷക ഹൃദയങ്ങളിൽ നിറഞ്ഞ ഇതിഹാസ കലാകാരനാണ് ഭരതൻ. പ്രയാണത്തിൽ തുടങ്ങി ചുരത്തിൽ യാത്ര അവസാനിപ്പിച്ച ഭരതന്‍റെ 73-ാം ജന്മദിന വാർഷികമാണിന്ന്.

ഭരതസ്‌പർശം  ഭരതൻ  സംവിധായകൻ ഭരതൻ  സിദ്ധാർഥ് ഭരതൻ  മലയാളി മറക്കാത്ത ഭരതൻ  bharathan  director bharathan  siddarth bharathan  legend bharathan
ഭരതസ്‌പർശം

By

Published : Nov 14, 2020, 8:13 AM IST

സൗന്ദര്യത്തിന്‍റെയും പ്രണയത്തിന്‍റെയും കടുംഛായങ്ങൾ കാൻവാസിൽ പകർത്തി, കാമറയിൽ ഒപ്പിയെടുത്ത് ഒരുപിടി ജീവിതങ്ങൾ പകർന്നുവെച്ച കലാകാരൻ. സംവിധായകനും തിരക്കഥാകൃത്തും കലാസംവിധായകനും നിർമാതാവും മാത്രമല്ല, കവിയായും കാമുകനായും സംഗീതജ്ഞനായും ചിത്രകാരനായും ഭാവങ്ങളും സ്വപ്‌നങ്ങളും കോർത്തൊരുക്കുന്ന ചിത്രസംയോജകനായും മലയാള സിനിമയിൽ നിറഞ്ഞുനിന്ന ഭരതന്‍റെ 73-ാം ജന്മദിനമാണിന്ന്. നീണ്ട 22 വർഷങ്ങൾ. ഭരതൻ ടച്ചില്ലാതെ മലയാളസിനിമ മുന്നോട്ട് നീങ്ങുമ്പോഴും അദ്ദേഹം പകർന്നുവെച്ച സിനിമാശൈലിയെയും ആവിഷ്‌കാരത്തിലെ വിപ്ലവത്തെയും പൂർത്തിയാക്കാൻ മറ്റൊരു സംവിധായകനും ഇതുവരെ സാധിച്ചിട്ടില്ല.

പ്രകൃതിയുടെ ഭാവങ്ങൾ ഫ്രെയിമുകളായി ഒരുക്കി, ഇരുട്ടറകളിൽ തളിച്ചിട്ടിരുന്ന ജീവിതത്തെ അനുഭവമാക്കി ഭരതൻ അവതരിപ്പിച്ചു. ഹൃദയബന്ധങ്ങളെയും രതി വിചാരങ്ങളെയും പ്രണയത്തെയും വിരഹത്തെയും ഭരതൻ നിറം ചാലിച്ച് സിനിമയിൽ അടയാളപ്പെടുത്തിയപ്പോൾ മലയാളസിനിമക്ക് അയാളൊരു ഗുരുകുലമായിരുന്നു. സിനിമയുടെ നാനാഭാഗങ്ങളിലും പ്രാഗൽഭ്യവും പരിപൂർണതയും കൊണ്ടുവന്ന കലാപ്രതിഭ. കഥയിലും അവതരണത്തിലും അഭിനേതാക്കളിലും സംഗീതത്തിലും എല്ലാം അത് പ്രകടമായിരുന്നു.

1947 നവംബർ 14ന് തൃശൂരിലെ എങ്കക്കാട്ട് ജനനം. പരമേശ്വരൻ നായരും കാർത്ത്യായനിയമ്മയുമാണ് മാതാപിതാക്കൾ. വടക്കാഞ്ചേരി ഗവ. ഹൈസ്‌കൂളിലും തൃശൂർ ആർട്‌സ് കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. പിതൃസഹോദരനും സംവിധായകനുമായ പി.എൻ മേനോനിൽ നിന്നും പ്രചോദനമുൾക്കൊണ്ട് സ്കൂൾ ഓഫ് ഫൈൻ ആർട്‌സിൽ നിന്നും ഡിപ്ലോമയെടുത്ത ശേഷം വിൻസെന്‍റ് എന്ന പ്രശസ്‌ത സംവിധായകന്‍റെ ഗന്ധർവ്വ ക്ഷേത്രത്തിൽ കലാ സംവിധായകനായി തുടക്കം കുറിച്ചു. പിന്നീട്, പരസ്യ ചിത്രകാരനായും വിൻസെന്‍റിന്‍റെ ചെണ്ടയിലെ സംവിധാനസഹായിയായുമൊക്കെ പ്രവർത്തിച്ചു. 1974ൽ പുറത്തിറങ്ങിയ പ്രയാണത്തിലൂടെയാണ് ഭരതനെന്ന സംവിധായകന്‍റെ പ്രയാണം ആരംഭിക്കുന്നത്. സ്വന്തമായി സ്വരുക്കൂട്ടിയ പണം കൊണ്ട് സിനിമയുടെ നിർമാണവും സംവിധാനവും നിർവഹിച്ചായിരുന്നു ആ തുടക്കം. ഒപ്പം, ഗന്ധർവ്വ കഥാകാരൻ പത്മരാജന്‍റെയും ആരംഭം പ്രയാണം കുറിച്ചു.

അണിയറ, ഗുരുവായൂർ കേശവൻ ചിത്രങ്ങൾക്ക് ശേഷം ഭരതൻ സംവിധാനം ചെയ്‌ത രതിനിർവേദം സിനിമക്കൊരു വിപ്ലവമായിരുന്നു. തന്നേക്കാൾ മുതിർന്ന സ്‌ത്രീയുമായി ഒരു കൗമാരക്കാരൻ പ്രണയത്തിലാകുന്ന കഥയും സൗന്ദര്യസങ്കൽപങ്ങളിലെ പുതുമയും രതിനിർവേദത്തെ വേറിട്ടുനിർത്തി. സിനിമയുടെ അമരക്കാരനായിരിക്കുക മാത്രമല്ലായിരുന്നു ഭരതൻ. താൻ സംവിധാനം ചെയ്യുന്ന ചിത്രങ്ങളുടെ പല മേഖലകളിലും പരീക്ഷണം നടത്തി അവയിൽ മികവ് പ്രകടിപ്പിക്കുകയും ചെയ്‌തിട്ടുണ്ട് അദ്ദേഹം. ആരവത്തിന്‍റെ കഥയെഴുതി, കേളിയിൽ ഗാനരചന, ഗുരുവായൂർ കേശവൻ, ആരവം, നിദ്ര സിനിമകളിൽ കലാസംവിധാനം, ഈണം, കാതോട് കാതോരം, താഴ്‌വരം സിനിമകളിലെ സംഗീതം, ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, വൈശാലി എന്നിവയിൽ ചിത്രസംയോജകൻ... അങ്ങനെ സകലകലാവല്ലഭനായി മലയാളസിനിമയിൽ അദ്ദേഹം അരങ്ങുവാണു. പത്മരാജൻ- ഭരതൻ കോമ്പോയിൽ പിറന്ന ഭൂരിഭാഗം സിനിമകളും മലയാളി മറക്കാത്ത ചിത്രങ്ങളാണ്. ചാമരം, പാളങ്ങൾ, ഓർമ്മയ്ക്കായ്, മർമ്മരം, കാതോടു കാതോരം, ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, മാളൂട്ടി, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, സന്ധ്യമയങ്ങും നേരം, നീലക്കുറിഞ്ഞി പൂത്തപ്പോൾ, അമരം, ചമയം, ഒരു സായാഹ്നത്തിന്‍റെ സ്വപ്നം, ഉപാസന, വൈശാലി, താഴ്വാരം, കേളി, പ്രണാമം, ചിലമ്പ്, കാറ്റത്തെക്കിളിക്കൂട്, ദേവരാഗം എന്നിങ്ങനെ നാൽപതോളം ചിത്രങ്ങൾ... പച്ചയായ ജീവിതത്തെ പ്രകൃതിയുടെ ഗന്ധത്തോടെ ഭരതൻ ആവിഷ്‌കരിച്ചു.

മലയാളവും കടന്ന് പ്രിയപ്പെട്ട കലാകാരൻ സഞ്ചരിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് റീമേക്കും തകരയെ തമിഴിലേക്ക് അവതരിപ്പിച്ച ആവാരം പൂവും കമൽഹാസൻ ചിത്രം തേവർമകനും ബഹുഭാഷാ ചിത്രം ദേവരാഗവുമെല്ലാം അതിനുദാഹരണങ്ങൾ. 'പ്രയാണ'ത്തിൽ തുടങ്ങി 'ചുര'ത്തിലെത്തിയ കലാകാരനെ ദേശീയ- സംസ്ഥാന പുരസ്‌കാരങ്ങളിലൂടെ പലതവണ കലാലോകം ആദരിച്ചിട്ടുണ്ട്. പ്രയാണത്തിൽ ദേശീയ പുരസ്‌കാരവും സംവിധായകനും കലാസംവിധായകനുമായുള്ള സംസ്ഥാന പുരസ്‌കാരങ്ങളും, തകരയിലൂടെ മികച്ച സംവിധായകന്‍റെയും കലാസംവിധാകന്‍റെയും കേരള സർക്കാർ പുരസ്‌കാരങ്ങൾ നേടി. പിന്നീട്, ചാമരത്തിലൂടെയും ഓർമയിലൂടെയും വീണ്ടും പുരസ്‌കാര നേട്ടം അദ്ദേഹം ആവർത്തിച്ചു. ചാട്ടയിലും ഇത്തിരിപ്പൂവേ ചുവന്ന പൂവേ ചിത്രത്തിലും കലാസംവിധായകൻ കൂടിയായിരുന്ന ഭരതൻ തന്‍റെ നൈപുണ്യം പുരസ്‌കാരം കരസ്ഥമാക്കി വീണ്ടും തെളിയിച്ചു. തീരുന്നില്ല, 1982ലെ മികച്ച ചലച്ചിത്രമായി മർമ്മരത്തെ തെരഞ്ഞെടുത്തു. ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, വെങ്കലം എന്നിവ ജനപ്രിയചിത്രങ്ങൾ. ഇതിനെല്ലാം പുറമെ, തമിഴിലെ തേവർമകനിലൂടെ വീണ്ടും ദേശീയ പുരസ്‌കാരം.

മണ്ണിനെ തൊട്ട് ഭരതൻ ജീവിതം പറഞ്ഞു. ഒരു ശിൽപിയെ പോലെ അവയെ ഫ്രെയിമുകളിലേക്ക് കൊത്തിയൊരുക്കി കാഴ്‌ചാനുഭവമാക്കി, അമൂർത്തമായ ഭാഗങ്ങളിൽ നിശബ്‌ദത കൊണ്ട് വികാരഭാവങ്ങൾ പകർന്നു. രണ്ട് ദശകത്തോളം കഥ പറഞ്ഞും പകർന്നും നിറഞ്ഞ ഇതിഹാസം 1998 ജൂലൈ 30ന് വിടവാങ്ങി. പറങ്കിമല, തകര ചിത്രങ്ങളിലെ നായികയുടെ ശബ്‌ദം, അമരം, ദേവരാഗം, ആരവം തുടങ്ങി നിരവധി ഭരതൻ ചിത്രങ്ങളിലെ ശ്രദ്ധേയസാന്നിധ്യമായിരുന്ന കെപിഎസി ലളിതയാണ് സംവിധായകന്‍റെ ജീവിതസഖി. നമ്മൾ ചിത്രത്തിലൂടെ അഭിനയത്തിലെത്തി പിന്നീട് സംവിധായകനായി മാറിയ സിദ്ധാർഥ് ഭരതനും ശ്രീക്കുട്ടിയുമാണ് മക്കൾ.

ABOUT THE AUTHOR

...view details