"കാര്‍മുകില്‍ വര്‍ണന്‍റെ ചുണ്ടില്‍ ചേരുമോടക്കുഴലിന്‍റെയുള്ളില്‍..." കരളുരുകി കൃഷ്ണനെ വിളിച്ചാല്‍ ആ വിളി കേൾക്കാൻ കൃഷ്ണനുണ്ടാകും. ആ സ്വരമാധുര്യത്തിന് മുന്നില്‍ പിന്നെ മറ്റൊന്നും കേൾക്കില്ല. സംഗീതം ഹൃദയത്തില്‍ നിന്ന് മനസിലേക്ക് പെയ്തിറങ്ങുമ്പോൾ കെ.എസ് ചിത്ര എന്ന ഗായിക ഇനിയും പാടാത്ത ആയിരം പാട്ടുകൾക്കായി കാത്തിരിക്കുകയാണ്. മലയാളത്തിന്‍റെ കനക നിലാവും മഞ്ഞൾ പ്രസാദവുമൊക്കെയായി ഭാഷയുടെ അതിർവരമ്പുകൾ സംഗീതം കൊണ്ട് ഭേദിച്ച ഗായികയ്ക്ക് ഇന്ന് പിറന്നാൾ.
മലയാളത്തിന്‍റെ സ്വന്തം ചിത്രഗീതത്തിന് 57-ാം പിറന്നാൾ കഴിഞ്ഞ 41 വർഷമായി ആ സുവർണശബ്‌ദം നമ്മോടൊപ്പമുണ്ട്. പ്രണയമായി, വിരഹമായി, വേദനയായി, താരാട്ടായി, സന്തോഷമായി, ആമോദമായി എല്ലാ ജീവിത വികാരങ്ങളിലും കെ.എസ് ചിത്രയുണ്ട്... ആ ശബ്‌ദമുണ്ട്... ചിത്ര സംഗീതമുണ്ട്. ദക്ഷിണേന്ത്യയുടെ വാനമ്പാടി, മലയാളിയുടെ സ്വകാര്യ അഹങ്കാരം, പാട്ടിന്‍റെ പാലാഴി തീർത്ത കെ.എസ് ചിത്രയുടെ 57-ാം പിറന്നാളാണിന്ന്. മഹാനായ സംഗീത സംവിധായകൻ എം.ജി രാധാകൃഷ്‌ണൻ കണ്ടെത്തിയ അമൂല്യമായ അതുല്യ ഗായിക. ആസ്വാദകനിലേക്ക് ആഴ്‌ന്നിറങ്ങന്ന മധുര ശബ്‌ദവും, വിനയം നിറഞ്ഞ് വിരിയുന്ന പുഞ്ചിരിയും. ഓരോ മനസിലും ആ ശബ്‌ദവും ഗാനങ്ങളും ഈണം ചോരാതെ പതിഞ്ഞിട്ടുണ്ട്.
എം.ജി രാധാകൃഷ്‍ണനാണ് കെ.എസ് ചിത്രയെന്ന സ്വരമാധുരിയെ സംഗീത ലോകത്തിന് പരിചയപ്പെടുത്തിയത് 1979ല്‍ അട്ടഹാസം ചിത്രത്തിലെ "ചെല്ലം ചെല്ലം" എന്ന ഗാനത്തിനു വേണ്ടിയാണ് ചിത്ര എന്ന കുഞ്ഞു പെൺകുട്ടിയുടെ സ്വരം എം.ജി രാധാകൃഷ്‍ണൻ സിനിമാ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. എന്നാൽ, ചിത്രം പുറത്തിറങ്ങാൻ ഒരു വർഷമെടുത്തു. പക്ഷേ പത്മരാജന്‍റെ നവംബറിന്‍റെ നഷ്‌ടത്തിലാണ് മലയാളികൾ ചിത്രയുടെ ശബ്‌ദം ആദ്യമായി ആസ്വദിച്ചത്. ആ ചിത്രത്തിലെ "അരികിലോ അകലെയോ" എന്ന ഗാനത്തിന്‍റെ സംഗീതമൊരുക്കിയതും എം.ജി രാധാകൃഷ്‌ണനായിരുന്നു. ഗന്ധർവ ഗായകനൊപ്പം ചിത്രയും കൂടി ചേർന്നതോടെ അതുവരെ മലയാളി അനുഭവിക്കാത്ത സ്വരമാധുരി. ഇരുവരും ചേർന്നവതരിപ്പിച്ച സംഗീത പരിപാടികൾ മലയാളവും കടന്ന് ലോക ശ്രദ്ധയിലേക്ക്. പിന്നീടങ്ങോട്ട് വിവിധ ഭാഷകളിലായി ഇരുപത്തിയയ്യായിരത്തിൽ അധികം ചലച്ചിത്രഗാനങ്ങൾ ചിത്രയുടെ ശബ്ദത്തില്‍ പിറന്നു. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി തെന്നിന്ത്യൻ ഭാഷകളിലും ഒഡിയ, ഹിന്ദി, ബംഗാളി, അസമീസ്, തുളു അടക്കം ചിത്രഗീതം മാന്ത്രിക സംഗീത സ്വരമായി മാറി. തമിഴിൽ ഇളയരാജയുടെ നീ താനേ അന്തക്കുയിൽ എന്ന ചിത്രത്തിലൂടെയായിരുന്നു ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗാനങ്ങളിൽ ചിത്ര ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
ദക്ഷിണേന്ത്യയിലെ നാലു ഭാഷകളിലെ സംസ്ഥാന സർക്കാർ പുരസ്‌കാരം സ്വന്തമാക്കിയ ഏക കലാകാരി പാടറിയെ പഠിപ്പറിയെ......, ചിന്നക്കുയില്‍ പാടും…..., മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി.., രാമായണക്കാറ്റേ..., ഏഴിമല പൂഞ്ചോല, കനക നിലാവേ.., കണ്ണാടി ആദ്യമായെൻ, ഏതോ വാര്‍മുകിലിന്‍ കിനാവിലെ…..., ആളൊരുങ്ങി അരങ്ങൊരുങ്ങി, ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍, കണ്ണാം തുമ്പീ പോരാമോ, ശിവമല്ലിക്കാവിൽ, ഇന്ദുപുഷ്പം ചൂടി നിൽക്കും, കാർമുകിൽ വർണന്‍റെ ചുണ്ടിൽ തുടങ്ങി എണ്ണിയാൽ തീരാത്ത മെലഡികളും ക്ലാസിക്കുകളും സെമിക്ലാസിക്കുകളും. ചിത്ര സംഗീതം പെയ്‌ത് തീരുന്നില്ല.
ആറ് ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ ഗായിക ആറ് ദേശീയ അവാർഡ് സ്വന്തമാക്കിയ സുവർണസ്വരത്തിന് 35 സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 16 കേരള സംസ്ഥാന അവാര്‍ഡുകൾക്ക് പുറമെ, തമിഴ്‍നാട്, ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാന ബഹുമതികളും ഗായിക കരസ്ഥമാക്കി. അങ്ങനെ രാജ്യത്ത് ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ മറ്റൊരു കലാകാരിയില്ല. ദക്ഷിണേന്ത്യയിലെ നാലു ഭാഷകളിലെ സംസ്ഥാന സർക്കാർ പുരസ്‌കാരം സ്വന്തമാക്കിയ ഏക കലാപ്രതിഭയും മലയാളി സ്‌നേഹത്തോടെ വിളിക്കുന്ന ചിത്ര ചേച്ചിയാണ്. നാലു ദശകങ്ങളായി മാറ്റമില്ലാതെ ആസ്വാദകൻ അനുഭവിച്ചറിയുകയാണ് കെ.എസ് ചിത്രയെന്ന സ്വരമാധുര്യം. പ്രശസ്‌തിയുടെ കൊടുമുടിയിലും വിനയം നിറയുന്ന പുഞ്ചിരിയുമായി ചിത്രയുണ്ട്... മലയാളിയുടെ മനസിലും ഹൃദയ സംഗീതത്തിലും.