മലയാളത്തിൽ അടുത്തിടെ പുറത്തിറങ്ങി ഗംഭീരപ്രതികരണം സ്വന്തമാക്കിയ ഹോം എന്ന ചിത്രത്തെ മറുഭാഷാ ചലച്ചിത്രപ്രവർത്തകർ അഭിനന്ദിക്കുന്നത് തുടരുന്നു.
കെജിഎഫിന്‍റെ നിര്‍മാതാവ് കാര്‍ത്തിക് ഗൗഡയാണ് ഏറ്റവുമൊടുവില്‍ ചിത്രത്തെ വാഴ്‌ത്തി രംഗത്തെത്തിയിരിക്കുന്നത്.
കാർത്തിക് ഗൗഡയുടെ ട്വീറ്റ്
ഹൃദയസ്‌പർശിയായ ചിത്രമാണ് ഹോം എന്ന് ബ്രഹ്മാണ്ഡചിത്രം കെജിഎഫിന്‍റെ നിർമാതാവ് കാര്‍ത്തിക് ഗൗഡ അഭിപ്രായപ്പെട്ടു.
'എന്തൊരു ഗംഭീര സിനിമയാണ് ഹോം. ഹൃദയത്തെ സ്‌പർശിക്കുന്ന ചിത്രം.ഇത് തെരഞ്ഞെടുത്തതിന് ആമസോൺ പ്രൈം വീഡിയോയ്ക്ക് നന്ദി. വിജയ് ബാബു, ഇത് നിങ്ങളുടെ കുപ്പായത്തിലെ ഒരു പതക്കം കൂടിയാവുന്നു.
ശ്രീനാഥ് ഭാസിയും ഇന്ദ്രന്‍സും അടക്കം എല്ലാവരും മികവുറ്റതാക്കി. ഈ ചിത്രം കാണാൻ നിർദേശിച്ച വിജയ് സുബ്രഹ്മണ്യത്തിന് നന്ദി. മികച്ച ചിത്രം, റോജിന്‍ തോമസ്,' കാര്‍ത്തിക് ഗൗഡ ട്വിറ്ററില്‍ കുറിച്ചു.
തമിഴ് സംവിധായകൻ എ.ആർ മുരുകദോസ് അടക്കം നേരത്തെ ചിത്രത്തെ പ്രശംസിച്ചിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ തിയേറ്ററുകള്‍ നിശ്ചലമായതോടെ, ആമസോൺ പ്രൈമിലൂടെ നേരിട്ട് റിലീസ് ചെയ്യുകയായിരുന്നു.
ഒടിടി റിലീസായതിനാൽ തന്നെ പലഭാഷകളിലുള്ളവർക്കും ഒരേസമയം സിനിമ ആസ്വദിക്കാനാകും. അത്തരത്തില്‍ ഹോം ഭാഷാനന്തരം അംഗീകരിക്കപ്പെടുകയുമാണ്.
More Read: 'ഹോമി'ലെ പിന്നാമ്പുറക്കാഴ്‌ചകൾ... മേക്കിങ് വീഡിയോ പുറത്തിറങ്ങി
ഇന്ദ്രൻസ് ഒരു മുഴുനീള കഥാപാത്രമായെത്തി പ്രേക്ഷകരെ ഞെട്ടിച്ച ചിത്രമാണ് ഹോം. ആധുനിക തലമുറയും തൊട്ടുമുൻപുള്ള സാങ്കേതിക പരിജ്ഞാനം പരിമിതമായ തലമുറയുമാണ് ഹോമില്‍ കടന്നുവരുന്നത്.
ചിത്രത്തിന്‍റെ കഥയെയും അവതരണമികവിനെയും ഇപ്പോഴും പ്രേക്ഷകർ സമൂഹമാധ്യമങ്ങളിൽ പ്രശംസിക്കുകയും ചർച്ചയാക്കുകയും ചെയ്യുന്നുണ്ട്.