എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബി. ഉണ്ണികൃഷ്ണന്‍- മോഹന്‍ലാല്‍ ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന നായക കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. നിരവധി താരങ്ങള്‍ ഒന്നിക്കുന്ന സിനിമയില്‍ കന്നട നടന്‍ രാമചന്ദ്ര രാജുവും ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യും. കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ ഗരുഡ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടനാണ് രാമചന്ദ്ര രാജു. മോഹന്‍ലാലും രാമചന്ദ്ര രാജുവും തമ്മിലുള്ള സംഘട്ടന രംഗങ്ങളും ആറാട്ടില്‍ ഉണ്ടാകും. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. വില്ലന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും ബി.ഉണ്ണികൃഷ്ണനും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്.
കെജിഎഫിലെ ഗരുഡ ആറാട്ടിലൂടെ മലയാളത്തിലേക്ക് എത്തുന്നു
കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ ഗരുഡ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടനാണ് രാമചന്ദ്ര രാജു.
ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ്‌കുമാര്‍, സിദ്ദീഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. രാഹുല്‍രാജ് സംഗീതമൊരുക്കുന്ന ചിതത്തിന് വിജയ് ഉലകനാഥ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സമീര്‍ മുഹമ്മദ് എഡിറ്റിങ്ങും ജോസഫ് നെല്ലിക്കല്‍ കലാസംവിധാനവും സ്റ്റെഫി സേവ്യര്‍ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു.
മാടമ്പിയാണ് മോഹന്‍ലാല്‍ ബി.ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. തുടര്‍ന്ന് ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍ എന്നീ ചിത്രങ്ങളും ഈ കൂട്ടുകെട്ടില്‍ പിറന്നു. ദിലീപിനെ നായകനാക്കിയുളള കോടതി സമക്ഷം ബാലന്‍ വക്കീലാണ് ബി.ഉണ്ണികൃഷ്ണന്‍റേതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം.