കാസർകോട്: രണ്ടാമത് കാസർകോട് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം ഫ്രെയിംസ്'19 ഈ മാസം 29, 30, 31 തീയതികളിലായി കാസർകോട് നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കും. കാസർകോടിനൊരിടം കൂട്ടായ്‌മ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയുടെ ഉദ്‌ഘാടനം 29-ാം തീയതി രാവിലെ 10മണിക്ക് സംവിധായകൻ ശരീഫ് ഈസ നിർവ്വഹിക്കും. സംവിധായകരായ ജിയോ ബേബി, അനുരാജ് മനോഹർ എന്നിവരാണ് ജൂറി അംഗങ്ങൾ. മേളയിൽ ഹ്രസ്വചിത്ര അവാർഡും നൽകുന്നുണ്ട്. ഏറ്റവും മികച്ച ചിത്രത്തിന് അമ്പതിനായിരം രൂപയും രണ്ടും മൂന്നും ചിത്രങ്ങൾക്ക് ഇരുപതിനായിരം, പത്തായിരം രൂപ വീതവുമാണ് നൽകുന്നത്.
ചലച്ചിത്രങ്ങളുടെ പൂരത്തിന് കാസർകോടൊരുങ്ങുന്നു
ഈ മാസം 29, 30, 31 തീയതികളിലായി കാസർകോട് നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കുന്ന ചലച്ചിത്രമേള പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധ വേദി കൂടിയായിരിക്കും.
മേളയുടെ ഉദ്‌ഘാടന ചിത്രം കാന്തൻ ദി ലവർ ഓഫ് കളർ ആയിരിക്കും. സ്‌ലീപ്‌ലെസ്‌ലി യുവേഴ്‌സ്, പത്മിനി, ലിറ്റിൽ ഫോറസ്റ്റ് തുടങ്ങിയ ചിത്രങ്ങളും ആദ്യ ദിവസം പ്രദർശിപ്പിക്കും. ചലച്ചിത്രോത്സവത്തിന്‍റെ രണ്ടാം ദിനം കുഞ്ഞു ദൈവം, ഒരു രാത്രി ഒരു പകൽ, ഐ സ്റ്റിൽ ഹൈഡ് ടു സ്മോക് എന്നീ ചിത്രങ്ങളും മൂന്നാം ദിവസം ഷോർട് മൂവി മത്സരത്തിൽ നിന്നുള്ള മികച്ച പത്തു ചിത്രങ്ങളും ഉണ്ടാകും. അവാർഡ് ദാന ചടങ്ങുകളോടെ മേള 31ന് സമാപിക്കും.
ഗൗതം സൂര്യ, പ്രതാപ് ജോസഫ് ,സുസ്മേഷ് ചന്ത്രോത്ത്, അനു ചന്ദ്ര തുടങ്ങിയ ചലച്ചിത്ര രംഗത്തെ പ്രമുഖർ കാസർകോട് ചലച്ചിത്രമേളയുടെ വിവിധ ഓപ്പൺ ഫോറങ്ങളിൽ സംബന്ധിക്കും. രണ്ടാമത് കാസർകോട് അന്താരാഷ്‌ട്ര ചലച്ചിത്ര മേള പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധ വേദി കൂടിയായിരിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. സംഘാടകരായ സുബിൻ ജോസ്, കെപിഎസ് വിദ്യാനഗർ, അഹ്‌റാസ് അബൂബക്കർ, മോഹൻദാസ് വയലാംകുഴി, പവീഷ് കുമാർ, ശ്രീരാഗ്, അഖിൽരാജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.