തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ കന്നിയങ്കത്തിന് ഇറങ്ങിയ സിനിമാ താരങ്ങളായ കമല്‍ഹാസനോ ഖുശ്‌ബുവിനോ സാധിച്ചില്ല. ജനങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നാണ് പരാജയത്തിന് ശേഷം ഇരുവരും ട്വിറ്ററില്‍ കുറിച്ചത്.
നിയമസഭാ പോരാട്ടത്തില്‍ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ മക്കള്‍ നീതി മയ്യത്തിന് വേണ്ടിയാണ് കമല്‍ ഹാസന്‍ മത്സരിച്ചത്. നേരിയ വ്യത്യാസത്തില്‍ പക്ഷെ പരാജയം സമ്മതിക്കേണ്ടിവന്നു. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തില്‍ 1500 വോട്ടിനാണ് കമല്‍ ബിജെപിയുടെ വനിതാ വിഭാഗമായ മഹിളാ മോര്‍ച്ചയുടെ ദേശീയ അധ്യക്ഷയായ വനതി ശ്രീനിവാസനോട് തോല്‍വി ഏറ്റുവാങ്ങിയത്. തുടക്കം മുതല്‍ തന്നെ താരപരിവേഷമുണ്ടായിരുന്ന മണ്ഡലത്തില്‍ വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ കമലായിരുന്നു മുന്നില്‍. എന്നാല്‍ പകുതി സമയമായപ്പോള്‍ കോണ്‍ഗ്രസിന്റെ മയൂര ജയകുമാര്‍ ലീഡ് പിടിച്ചു. അതുവരെ മൂന്നാം സ്ഥാനത്തായിരുന്ന വനതി അവസാന റൗണ്ടുകളിലാണ് അത്ഭുതകരമായ മുന്നേറ്റം കാഴ്ചവച്ചത്. ഒടുവില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ജയിക്കുകയും ചെയ്‌തു. 2018ലാണ് കമല്‍ സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. പാര്‍ട്ടി പിന്നീട് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കോയമ്പത്തൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ കാര്യമായ ചലനം ഉണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല.