മലയാളത്തില്‍ ശ്രദ്ധേയനായി മാറിയ യുവതാരമാണ് ഷെയ്ന് നിഗം. മിമിക്രി താരം അബിയുടെ മകനെന്ന ലേബലില്‍ സിനിമയിലെത്തിയ ഷെയ്ന്‍ അഭിനയ മികവുകൊണ്ട് മുന്നേറുകയാണ്. ഷെയ്ന്‍ നായകനായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ഇഷ്ക് എന്ന ചിത്രവും മികച്ച വിജയമാണ് സ്വന്തമാക്കിയത്. ഇപ്പോള്‍ ഒരു അഭ്യര്‍ഥനയുമായിട്ടാണ് ഷെയ്ന്‍ നിഗം എത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ടിനിടെ നഷ്ടപ്പെട്ട വാച്ച് തിരികെ ലഭിക്കാന്‍ സഹായിക്കണമെന്നാണ് നടന്‍റെ ആവശ്യം. ഒരു വാച്ചില്‍ എന്തിരിക്കുന്നു എന്ന് ചോദിച്ചാല്‍ അതെന്‍റെ എല്ലാമെന്നാണ് ഷെയ്ന്‍ പറയുന്നത്.
അമൂല്യമായ നിധിയാണ് എനിക്ക് നഷ്ടപ്പെട്ടത്, കണ്ടെത്താന്‍ സഹായിക്കണം: ഷെയ്ന്‍ നിഗം - കലാഭവന്‍ അബി
പിതാവ് സമ്മാനമായി നല്‍കിയ വാച്ച് നഷ്ടമായെന്നും അത് വീണ്ടെടുക്കാന്‍ സഹായിക്കണമെന്നും ഷെയ്ന്‍ നിഗം
വാപ്പച്ചി അബി ഗള്‍ഫ് യാത്രയ്ക്ക് ശേഷം സമ്മാനമായി നല്‍കിയ വാച്ചാണ് താരത്തിന്‍റെ കയ്യില്‍ നിന്ന് നഷ്ടമായത്. ഗള്‍ഫ് യാത്ര കഴിഞ്ഞു വന്നപ്പോഴാണ് അബി കാസിയോ എഡിഫെയ്സ് എന്ന കമ്പനിയുടെ ബ്രൗണ്‍ സ്ട്രാപ്പുള്ള വാച്ച് മകന് സമ്മാനമായി നല്‍കിയത്. മാര്‍ച്ചില്‍ കളമശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വെച്ച് നടന്ന വനിതയുടെ കവര്‍ ഫോട്ടോഷൂട്ടിനിടെ വാച്ച് നഷ്ടപ്പെട്ടതാകാം എന്നാണ് ഷെയ്നിന്‍റെ വിശ്വാസം. അബിയുടെ മരണശേഷം അമൂല്യ നിധി പോലെ കരുതുന്ന വാച്ച് നഷ്ടപ്പെട്ടത് ഷെയ്ന് വലിയ ദുഃഖമായി. ഇതേത്തുടര്‍ന്നാണ് വായനക്കാരുടെ സഹായം തേടി താരം എത്തിയത്.