ബാഹുബലി എന്ന ബ്രഹ്മാണ്ഡ സിനിമയുടെ രണ്ട് സീരിസുകള്‍ മാത്രം മതി സിനിമാപ്രേമികള്‍ക്ക് റാണാ ദഗുബാട്ടിയെന്ന നടനെ മനസിലാക്കാന്‍. അത്ര സ്വീകാര്യതയാണ് ബാഹുബലി എന്ന കരുത്തുറ്റ നായകന് ഒപ്പം അതിഗംഭീര പ്രകടനം കാഴ്ചവെച്ച പല്വാള്ദേവന് സിനിമാലോകം നല്‍കിയത്. ബാഹുബലിക്ക് മുമ്പും റാണാ സിനിമയില്‍ സജീവമായിരുന്നെങ്കിലും ശ്രദ്ധനേടാന്‍ സാധിച്ചിരുന്നില്ല. ബാഹുബലിയിലൂടെ നായകനോളം തന്നെ ആരാധകരെ സ്വന്തമാക്കാന്‍ റാണാ അവതരിപ്പിച്ച വില്ലനും സാധിച്ചിട്ടുണ്ട്.
റാണ ദഗുബാട്ടിയെന്ന അഭിനേതാവിനെ കാണണോ...? ബഹുഭാഷ ചിത്രത്തിന്റെ ടീസര്‍ എത്തി
തമിഴിൽ 'കാടൻ', തെലുങ്കിൽ 'ആരണ്യ', ഹിന്ദിയിൽ 'ഹാത്തി മേരേ സാത്തി' എന്നീ പേരുകളില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു
ഇപ്പോള്‍ റാണാ ദുബാട്ടി കേന്ദ്രകഥാപാത്രമാകുന്ന ബഹുഭാഷാ ചിത്രം റിലീസിനൊരുങ്ങുകയാണ്. ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളില്‍ മൊഴിമാറ്റിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. തമിഴിൽ 'കാടൻ', തെലുങ്കിൽ 'ആരണ്യ', ഹിന്ദിയിൽ 'ഹാത്തി മേരേ സാത്തി' എന്നീ പേരുകളില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. റാണായുടെ ഉള്ളിലെ അഭിനേതാവിനെ നന്നായി ഉപയോഗിച്ചിട്ടുണ്ട് സിനിമയിലെന്ന് ടീസറിലൂടെ പ്രേക്ഷകന് മനസിലാക്കാന്‍ സാധിക്കും. അഭിനയത്തിനൊപ്പം താരം സിനിമക്കായി നടത്തിയ മേക്കോവറുകള്‍ ഫലംകണ്ടുവെന്നും ടീസറിലൂടെ മനസിലാക്കാം. മെലിഞ്ഞ് ഒട്ടിയ ശരീരവും, നീണ്ട താടിയുമായിട്ടാണ് റാണാ ടീസറില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മുമ്പ് താരം ശരീര ഭാരം കുറച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോള്‍ നിരവധി വിവാദങ്ങളും വാര്‍ത്തകളും ഇത് സംബന്ധിച്ച് വന്നിരുന്നു. റാണാ കിഡ്നിയുമായി ബന്ധപ്പെട്ട രോഗം മൂലം ചികിത്സയിലാണെന്നടക്കം വാര്‍ത്തകള്‍ വന്നിരുന്നു.
കാടിനായി ജീവിക്കുന്ന ഒരു മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. പ്രഭു സോളമനാണ് ചിത്രത്തിന്റെ സംവിധായകന്. 1971ല്‍ പുറത്തിറങ്ങിയ ഹാത്തി മേരേ സാത്തി എന്ന ചിത്രത്തിനുള്ള ആദരവ് കൂടിയാണ് റാണായുടെ പുതിയ ചിത്രം. സോയ ഹുസൈന്, ശ്രിയ പില്‍ഗാവ്കര്‍, വിഷ്ണു വിശാല്‍, പുല്‍ക്കിത് സാമ്രാട്ട് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ശാന്തനു മൊയ്ത്രയാണ് ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയത്. ഇറോസ് ഇന്റര്‍നാഷണല്‍ നിര്‍മിച്ച ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ്ങ് ചെയ്തിരിക്കുന്നത് റസൂൽ പൂക്കുട്ടിയാണ്. ചിത്രം ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തും.