കാൻ ചലച്ചിത്രോത്സവത്തിന്‍റെ 74-ാം പതിപ്പിന് തിരശ്ശീല വീഴുമ്പോൾ പാം ഡി ഓർ പുരസ്കാരം സ്വന്തമാക്കി ഫ്രഞ്ച് സംവിധായിക ജൂലിയ ഡുകോർനോ. ടിറ്റാനെ എന്ന ചിത്രത്തിലൂടെയാണ് ജൂലിയ ലോകസിനിമയിലെ ഏറ്റവും പ്രധാന പുരസ്കാരങ്ങളിലൊന്നായ പാം ഡി ഓർ നേടുന്നത്.
74 വർഷത്തെ കാനിന്‍റെ ചരിത്രത്തിനിടയിൽ രണ്ടാം തവണയാണ് ഒരു വനിത ഗോൾഡൻ പാം പുരസ്കാരം സ്വന്തമാക്കുന്നത്. 1993ൽ പുറത്തിറങ്ങിയ ദി പിയാനോ എന്ന ചിത്രത്തിലൂടെ ജെയ്ൻ ക്യാംപെയ്ൻ ആയിരുന്നു ആദ്യമായി ഈ നേട്ടം കരസ്ഥമാക്കുന്നത്. ഈ വർഷത്തെ ജൂറി തലവനായ സ്പൈക്ക് ലീ ആണ് ഗോൾഡൻ പാം പുരസ്കാരം തീരുമാനിച്ചത്. ലൈംഗികത, അക്രമം, ലൈറ്റിങ്, കോരിത്തരിപ്പിക്കുന്ന സംഗീതം എന്നിവയുടെ സംയുക്തമാണ് ഡുകോർനോവിന്‍റെ ഡാർക്ക് ഫാന്‍റസി ചിത്രമായ ടിറ്റാനെ.
കാനിന്‍റെ 74-ാം പതിപ്പിലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാൻഡ് പ്രിക്സ് പുരസ്കാരം ഇറാൻ ചിത്രം എ ഹീറോ, ഫിൻലന്‍റിൽ നിന്നുള്ള കംപാർട്ട്മെന്‍റ് 6 എന്നീ ചിത്രങ്ങൾ പങ്കിട്ടു. അഷ്ഗർ ഫർഹാദി ആണ് എ ഹീറോയുടെ സംവിധായകൻ. ജൂഹോ കുവോസ്മാനേൻ ആണ് കംപാർട്ട്മെന്‍റ് 6 സംവിധാനം ചെയ്തത്.
Also Read: ഗോള്‍ഡന്‍ പാമിനായി മാറ്റുരയ്ക്കാന്‍ 23 ചിത്രങ്ങള്‍; കാനിന് ചൊവ്വാഴ്ച തിരശ്ശീല ഉയരും
മികച്ച സംവിധായകനുള്ള അവാർഡ് ഫ്രഞ്ച് ചിത്രമായ അനേറ്റയിലൂടെ ലിയോ കാരക്സ് സ്വന്തമാക്കി. വേഴ്സ്റ്റ് പേഴ്സൺ ഇൻ ദ വേൾഡ് എന്ന നോർവീജിയൻ ചിത്രത്തിലൂടെ റെനറ്റ് റീൻസ്വ് മികച്ച നടിയും ആസ്ട്രേലിയൻ ചിത്രമായ നിട്രാമിലൂടെ കലേബ് ലാൻഡ്രി ജോൺസ് മികച്ച നടനുമായി. നാല് സ്ത്രീ സംവിധായകരുടേതുൾപ്പെടെ 23 ചിത്രങ്ങളാണ് ഗോൾഡൻ പാം പുരസ്കാരത്തിന് വേണ്ടി മത്സരിച്ചത്.