ദോസ്‌തിൽ തുടങ്ങി സ്വപ്‌നക്കൂട്, ത്രീ കിംഗ്‌സ്, ലോലിപോപ്, ഫോർ ഫ്രണ്ട്‌സ് അങ്ങനെ നിരവധി സിനിമകളിലൂടെ ജയസൂര്യയും കുഞ്ചാക്കോ ബോബനും തമ്മിലുള്ള സൗഹൃദം മലയാളികൾ കണ്ടറിഞ്ഞിട്ടുണ്ട്. സിനിമയ്‌ക്ക് പുറത്തും ഇരുവരും വലിയ സുഹൃത്തുക്കളാണ്. ഇപ്പോഴിതാ ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ജയസൂര്യ പങ്കുവെച്ച പോസ്റ്റും അതിന് ചാക്കോച്ചൻ നൽകിയ മറുപടിയും വൈറലാവുകയാണ്.
“ഹലോ....പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബൻ അല്ലേ??.... എന്നെ ഓർമ്മയുണ്ടോ??... ഞാൻ പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന ജയസൂര്യയാണ്. ഹേ....മനസിലായില്ലേ ..???,” എന്നാണ് നടൻ ജയസൂര്യ പറഞ്ഞത്. കൊവിഡ് കാലത്ത് ഇനി സിനിമകളുടെ ചിത്രീകരണങ്ങൾ ഉണ്ടാകുമോ എന്ന ആശങ്ക വളരെ രസകരമായാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. പോസ്റ്റിന് കുഞ്ചാക്കോ ബോബൻ നൽകിയ മറുപടിയാകട്ടെ, ജയസൂര്യക്ക് ഒരു കാലത്തും മാറ്റമില്ലെന്നതാണ്.
"അതേടാ അതേടാ....!! ഇവനെ ഒരിക്കലും തിരുത്താനാവില്ല," എന്ന് കുഞ്ചാക്കോ ബോബൻ ജയസൂര്യയുടെ പോസ്റ്റിന്‍റെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ട് അറിയിച്ചു. ഞങ്ങൾ പണ്ട് നിങ്ങടെ പടം കണ്ടിരുന്ന പ്രേക്ഷകർ ആണെന്നും തിയേറ്ററെന്നൊക്കെ വച്ചാൽ എന്താ സംഭവമെന്ന് പോലുമറിയില്ല എന്നും ആരാധകർ പോസ്റ്റിന് കമന്‍റുകളായി കുറിച്ചു.