കുരുതി ചർച്ച ചെയ്യുന്ന വിഷയത്തെ, പ്രശംസിച്ചും വിമർശിച്ചുമാണ് പ്രേക്ഷകപ്രതികരണം. എന്നാൽ, സിനിമയുടെ പശ്ചാത്തലസംഗീതവും ഫ്രെയിമുകളും മികച്ചതാണെന്നതിൽ ഒരേ അഭിപ്രായമാണുള്ളത്. ആമസോണിൽ ഓഗസ്റ്റ് 12ന് റിലീസ് ചെയ്‌ത കുരുതിയിലെ പാട്ടുകൾ ഒരുക്കിയത് ജേക്‌സ് ബിജോയി ആണ്.
ചിത്രത്തിലെ വേട്ടമൃഗം എന്ന ഗാനം പിറന്ന പിന്നാമ്പുറ വിശേഷം പങ്കുവക്കുകയാണ് സംഗീത സംവിധായകൻ ജേക്‌സ് ബിജോയി. സിനിമയുടെ കഥാസന്ദർഭം ആവശ്യപ്പെടുന്നത് അനുസരിച്ച് ഏത് മൂഡിലുള്ള പാട്ടാണ് വേണ്ടതെന്ന് പൃഥ്വിരാജ് വിവരിച്ച വാട്‌സാപ്പ് സന്ദേശമാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചത്. പതിവ് പോലെ പൃഥ്വിരാജിന്‍റെ ഇംഗ്ലീഷ് വായിച്ച് കിളി പോയ അവസ്ഥയായെന്ന് പോസ്റ്റ് കണ്ട് ആരാധകർ പ്രതികരിച്ചു.
കുരുതിയുടെ സംവിധായകൻ മനു വാര്യരിന് ജേക്‌സ് അയച്ചുകൊടുത്ത ട്യൂണ്‍ കേട്ടശേഷം അത് നന്നായിട്ടുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. എന്നാല്‍ താന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് ഒരു ഉപമയിലൂടെ പറയാമെന്ന് പൃഥ്വി അറിയിച്ചു. ശേഷം അയച്ച മെസേജാണ് ജേക്‌സ് ബിജോയി പങ്കുവച്ചത്.
പൃഥ്വി ജേക്‌സിന് അയച്ച സന്ദേശം
'ഒരു കലമാനെ സിംഹം വേട്ടായാടുന്നത് സ്ലോ മോഷനില്‍ ആലോചിച്ചുനോക്കൂ. അനിവാര്യമായത് എന്താണെന്നും അത് സംഭവിക്കുമെന്നും നിങ്ങള്‍ക്കറിയാം. പക്ഷെ എന്നാലും, ആ മാനിന് ഓടിരക്ഷപ്പെട്ട് മറഞ്ഞിരിക്കാന്‍ പറ്റുന്ന ഒരു കാട് കിട്ടുമെന്നും അതല്ലെങ്കില്‍ സിംഹം വീണുപോകുമെന്നും നിങ്ങള്‍ പ്രതീക്ഷിക്കില്ലേ.