ഐ.എഫ്.എഫ്.കെക്കെതിരെ ആരോപണവുമായി ബംഗാൾ സംവിധായകന്‍
'ദി പാര്‍സല്‍’ എന്ന തന്‍റെ സിനിമ കാണുക പോലും ചെയ്യാതെയാണ് ഐ.എഫ്.എഫ്.കെ തെരഞ്ഞെടുപ്പ് പാനൽ സിനിമ തള്ളിയതെന്ന് സംവിധായകന്‍ ഇന്ദ്രസിസ് ആചാര്യ
ഐ.എഫ്.എഫ്.കെക്കെതിരെ ആരോപണവുമായി ബംഗാളി സംവിധായകന്‍ ഇന്ദ്രസിസ് ആചാര്യ. 'ദി പാര്‍സല്‍’ എന്ന തന്‍റെ ചിത്രം സംഘാടകർ കാണാതെ തള്ളിക്കളഞ്ഞെന്നാണ് പരാതി. അടുത്ത മാസം നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് ദി പാര്‍സലിന്‍റെ ഓണ്‍ലൈന്‍ വീഡിയോ ലിങ്ക്, വിമിയോ വഴി അയച്ചുകൊടുത്തെന്നും എന്നാൽ വീഡിയോ സിനിമാ തെരഞ്ഞെടുപ്പ് പാനൽ കണ്ടിട്ടില്ലെന്നും ബംഗാൾ സിനിമയിൽ ശ്രദ്ധേയനായ യുവസംവിധായകൻ ആചാര്യ പറയുന്നു.
"വിമിയോയില്‍ അപ്‌ലോഡ് ചെയ്യുന്ന സിനിമകള്‍ കണ്ടോ എന്ന് വീഡിയോ അപ്‌ലോഡ് ചെയ്തയാള്‍ക്ക് അറിയാന്‍ സാധിക്കും. തെരഞ്ഞെടുത്ത സിനിമകളുടെ ലിസ്റ്റില്‍ എന്‍റെ ചിത്രം ഇല്ലാതിരുന്നപ്പോള്‍ ഞാന്‍ വിമിയോ പരിശോധിച്ചു. അപ്പോഴാണ് ചിത്രം പാനല്‍ കണ്ടിട്ടില്ലെന്നു മനസിലായത്," ഇന്ദ്രസിസ് ആചാര്യ വിശദീകരിച്ചു.
ഇതിന് ഐ.എഫ്.എഫ്.കെ ഭാരവാഹികളോട് വിശദീകരണം തേടിയപ്പോൾ സെപ്റ്റംബര്‍ 19ന് സിനിമ ഡൗണ്‍ലോഡ് ചെയ്‌ത് കണ്ടുവെന്നാണ് അറിയിച്ചത്. എന്നാല്‍ ഡൗണ്‍ലോഡ് ഓപ്ഷന്‍ താൻ നല്‍കിയിരുന്നില്ലെന്നും പിന്നെങ്ങനെയാണ് അവര്‍ സിനിമ കണ്ടെതെന്ന് പറയുന്നതെന്നും ആചാര്യ പറഞ്ഞു.
ജോഗ്‌ജ- നെറ്റ്പാക് ചലച്ചിതമേളയിലും കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്രമേളയിലും പ്രദർശനാനുമതി ലഭിച്ച സിനിമയാണ് ദി പാര്‍സല്‍. ഋതുപര്‍ണ സെന്‍ഗുപ്‌ത, സസ്വതാ ചാറ്റര്‍ജി എന്നിവർ മുഖ്യ വേഷത്തിലെത്തിയ ത്രില്ലർ സിനിമയായിരുന്നു ഇത്. ഇന്ദ്രസിസ് ആചാര്യയുടെ ‘ബിലു റക്‌ഖോഷ്’, ‘പ്യൂപ’ എന്നീ ചിത്രങ്ങളും മുമ്പ് ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ഒട്ടേറെ ചലച്ചിത്രമേളകളിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.