കേരളം

kerala

ETV Bharat / sitara

അഭിനയത്തിന്‍റെ മഹാപ്രവാഹം: ഓർമയില്‍ മുരളി സ്‌പർശം

അഭിനയത്തെ അനായാസമാക്കി തിരശ്ശീലയിൽ വിസ്‌മയം തീർത്ത ഭരത് മുരളിയുടെ ഓർമയ്‌ക്ക് ഇന്ന് 11 വർഷം...

By

Published : Aug 5, 2020, 10:42 PM IST

murali  ഭരത് മുരളിയുടെ ഓർമ  മുരളി ചരമവാർഷികം 11 വർഷം  അഭിനയത്തിന്‍റെ മഹാപ്രവാഹം  ഓർമയില്‍ മുരളി സ്‌പർശം  മലയാളത്തെ വിസ്‌മയിപ്പിച്ച നടൻ മുരളി  ഞാറ്റടി  ദി കിംഗ്  Malayalam actor Murali  Bharat murali death anniversary  murali actor  njattadi  the tiger  enthe innum vanneela  in-the-memory-of-malayalam-actor-murali
ഓർമയില്‍ മുരളി സ്‌പർശം

"കഥാപാത്രത്തെ ഉൾക്കൊണ്ട്, കഥാപാത്രത്തിന്‍റെ സംഭാഷണം, തന്‍റേതായി അടയാളപ്പെടുത്തുന്ന ഏതൊരാളും മികച്ച നടനാണ്". സ്വയം ആവർത്തിക്കാതിരിക്കുകയാണ് അഭിനേതാവിന്‍റെ വിജയം". നായകനായും വില്ലനായും സ്വഭാവ നടനായും മലയാളത്തെ വിസ്‌മയിപ്പിച്ച നടൻ മുരളിയുടെ വാക്കുകളാണിത്. അരങ്ങില്‍ നിന്ന് അഭ്രപാളിയിലെത്തി അക്ഷരാർഥത്തില്‍ അഭിനയകലയുടെ അമരത്തേക്ക് നടന്നുകയറിയ മഹാപ്രതിഭ.

അഭിനയത്തിന്‍റെ മഹാപ്രവാഹം: ഓർമയില്‍ മുരളി സ്‌പർശം

അഭിനയത്തെ അനായാസമാക്കിയ മുരളി കഴിഞ്ഞ 11 വർഷമായി നമ്മോടൊപ്പമില്ല. സാധാരണക്കാരനിലും അതിസാധാരണക്കാരൻ. മുരളീധരൻ പിള്ളയെന്ന മുരളി, നാടകത്തിലും സിനിമയിലും ഏതു വേഷവും മുരളി സ്‌പർശനത്തിലൂടെ അതിഗംഭീരമായി ആസ്വാദകന് സമ്മാനിക്കുന്ന മഹാപ്രതിഭ. നടനം മുരളിയെ ഭ്രമിപ്പിച്ചിരുന്നില്ല. പരുക്കൻ വേഷങ്ങളെടുത്തണിയുമ്പോഴും സഹനടനായും സ്‌നേഹവും വാത്സല്യവുമുള്ള അച്ഛനായും കാമുകനായും രാഷ്‌ട്രീയക്കാരനായും മുരളി നിറഞ്ഞു നിന്നു. സംഗീതത്തോടും നാടകത്തോടും അഭേദ്യമായ അഭിരുചിയുള്ള കലാകാരൻ. മുരളി പകർന്നാടിയ വേഷങ്ങളെല്ലാം നിത്യജീവിതത്തിലും അദ്ദേഹത്തിന് പരിചിതമായിരുന്നു. അരങ്ങിൽ നിന്നും അഭ്രപാളിയിലെത്തുന്നതിന് മുമ്പും സിനിമയിൽ നിറസാന്നിധ്യമായിരുന്നപ്പോഴും നാടകത്തിലും രാഷ്‌ട്രീയത്തിലും സജീവമായ പച്ചമനുഷ്യൻ.

കൊട്ടാരക്കരക്കടുത്ത് കുടവട്ടൂരിൽ പി. കൃഷ്ണപിള്ളയുടെയും കെ. ദേവകിയമ്മയുടെയും മകനായി 1954 മേയ് 25ന് ജനനം. കുടവട്ടൂർ എൽപി സ്‌കൂൾ, തൃക്കണ്ണമംഗല്‍ എസ്‌കെവിഎച്ച്‌എസ്‌, ശാസ്‌താംകോട്ട ദേവസ്വം ബോർഡ്‌ കോളജ്‌, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ആരോഗ്യവകുപ്പിൽ എൽഡി ക്ലാർക്കായി ജോലി ചെയ്യുന്നതിനിടെ, അഭിനയം മനസിലാവാഹിച്ച മുരളി 1979ല്‍ നരേന്ദ്രപ്രസാദിന്‍റെ നാട്യഗൃഹത്തില്‍ പ്രവേശിച്ചു. ജി. ശങ്കരപ്പിള്ളയുടെ നാടകസമിതിയില്‍ എത്തിയതോടെ സർക്കാർ ജോലി പൂർണമായും ഉപേക്ഷിച്ചു.

ഭരത് ഗോപി മുരളിയെ നായകനാക്കി ഒരുക്കിയ ഞാറ്റടിയാണ് ആദ്യ സിനിമ. ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട്, അരവിന്ദന്‍റെ ചിദംബരം, മീനമാസത്തിലെ സൂര്യൻ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. പക്ഷേ മലയാളി മുരളിയെ ആദ്യം അഭ്രപാളിയില്‍ കാണുന്നത് ഹരിഹരൻ സംവിധാനം ചെയ്‌ത പഞ്ചാഗ്നിയിലൂടെയാണ്. സൂപ്പർതാര പരിവേഷമില്ലാതെ അഭിനയത്തിന്‍റെ മികവിലേറി മുരളി ചിത്രങ്ങൾ ആസ്വാദകർക്ക് സ്വീകാര്യമായി. ശാരീരിക മികവുമാത്രം അളവുകോലായിരുന്ന വില്ലൻ കഥാപാത്രങ്ങൾ അഭിനയത്തിന്‍റെ അളവുകോലായി മാറിയത് മുരളിയുടെ വരവോടെയാണ്. അമരത്തിലും ആകാശദൂതിലും പ്രേക്ഷകനെ ഞെട്ടിച്ച മുരളി ദി കിംഗിലും ഏയ്‌ ഓട്ടോയിലും പ്രതിനായകൻ ഇങ്ങനെയുമാകാം എന്ന് തെളിയിച്ചു. പത്രവും ലാൽ സലാമും മുരളിയുടെ മാത്രം ഗാംഭീര്യം നിറയുന്നതാണ്. ലോഹിതദാസിന്‍റെ രചനയില്‍ ആധാരത്തിലെ ബാപ്പൂട്ടിയായി മുരളി അഭിനയിച്ചു തീർത്തത് കാഴ്ചയിലും ഓർമയിലും മറക്കാനാകാത്തത്. തൂവൽകൊട്ടാരത്തിലെ തമ്പുരാനും വിനോദയാത്രയിലെ വിജയനും മുരളിക്ക് വെറും കഥാപാത്രങ്ങളല്ല. ചമയത്തിലെ എസ്‌തപ്പനാശാൻ മുരളിയെന്ന നടന് നാടകമെന്ന സ്വത്വബോധത്തിലേക്കുള്ള തിരിച്ചുപോക്ക് കൂടിയായിരുന്നു. ഗ്രാമഫോണിൽ വളരെ ചുരുക്കം രംഗങ്ങളിലാണ് മുരളി പ്രത്യക്ഷപ്പെടുന്നത്. പക്ഷേ "എന്തേ ഇന്നും വന്നീലാ, നിന്നോടൊന്നും ചൊല്ലീലാ അനുരാഗം മീട്ടും ഗന്ധർവ്വൻ..." ഒരു ഗാന രംഗം കൊണ്ട് മാത്രം മുരളി അഭിനയിച്ചു കയറിയത് മലയാളിയുടെ മനസിലേക്ക് കൂടിയാണ്. വെങ്കലത്തിലെ ഗോപാലന്‍ മൂശാരിയും വളയത്തിലെ ലോറി ഡ്രൈവറും ചമ്പക്കുളം തച്ചനിലെ രാഘവനും അടൂരിന്‍റെ നിഴല്‍ക്കൂത്തിലെ വാസുവും; അങ്ങനങ്ങനെ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളുടെ സാക്ഷാത്കാരമാണ് മുരളി എന്ന നടൻ. പ്രിയനന്ദനന്‍റെ നെയ്ത്തുകാരനിലൂടെ ദേശീയ ബഹുമതി. അഭിനയത്തിന്‍റെ സർവജ്ഞ പീഠം കയറുകയായിരുന്നു മുരളി. പുലി ജന്മം കൂടിയെത്തിയപ്പോൾ മലയാളം ഭാരതത്തിന് സമ്മാനിച്ച മികച്ച നടൻമാരില്‍ ഒരാളായി മുരളി മാറിയിരുന്നു. ദേശീയ പുരസ്‌കാരത്തിന് പുറമെ, മികച്ച നടനുള്ള നാല് സംസ്ഥാന പുരസ്‌കാരങ്ങൾ. രണ്ട് തവണ സഹനടനുള്ള പുരസ്‌ക്കാരം.

തമിഴിൽ സൂര്യക്കൊപ്പം ആദവൻ, ധനുഷ്, വിക്രം തുടങ്ങിയ നടൻമാർക്കൊപ്പവും അല്ലെങ്കില്‍ അവരേക്കാൾ മികവോടെയും തമിഴ് സിനിമയിലും മുരളി നിറഞ്ഞു. അഞ്ജലി മേനോന്‍റെ സംവിധാനത്തിൽ 2013ല്‍ പുറത്തിറങ്ങിയ മഞ്ചാടിക്കുരുവാണ് അവസാന ചിത്രം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200ലേറെ കഥാപാത്രങ്ങൾ.

കലയെ രാഷ്ട്രീയമായി കണ്ട മുരളി സജീവ രാഷ്‌ട്രീയത്തിന്‍റെ തുടക്കമെന്നോണം 1999ൽ ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എക്കാലവും ഇടതു രാഷ്ട്രീയത്തിന്‍റെ പ്രയോക്താവായി അറിയപ്പെടാനായിരുന്നു മഹാനടൻ ആഗ്രഹിച്ചത്. കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായ ശേഷം മുരളി തുടങ്ങിവെച്ച നാടകോത്സവങ്ങളും നാടകമത്സരങ്ങളും തന്‍റെ സ്വത്വ ബോധത്തിലേക്കുള്ള തിരിച്ചു പോക്ക് മാത്രമായിരുന്നില്ല, നഷ്ടപ്പെട്ടുപോകുമായിരുന്ന മലയാള നാടക വേദിയെ തിരിച്ചു പിടിക്കുക കൂടിയായിരുന്നു. മുരളി അഭിനയിച്ച ഏറ്റവും ഒടുവിലത്തെ നാടകം ശ്രീകണ്‌ഠന്‍ നായരുടെ ലങ്കാലക്ഷ്മിയാണ്. മുരളിയുടെ ഓർമയായി സംഗീത നാടക അക്കാദമി ആസ്ഥാനത്ത് അദ്ദേഹത്തിന്‍റെ പേരില്‍ തിയേറ്റർ പ്രവർത്തിക്കുന്നുണ്ട്. 'മുരളി മുതല്‍ മുരളി വരെ', 'മൃഗശാല കഥ', 'അഭിനയത്തിന്‍റെ രസതന്ത്രം' എന്നി പുസ്തകങ്ങൾ അദ്ദേഹത്തിന്‍റേതായി സാഹിത്യലോകത്തിന് സംഭാവന ചെയ്‌ത ശേഷം 55-ാം വയസില്‍ 2009 ഓഗസ്റ്റ് ആറിനാണ് ജീവിതത്തിൽ നിന്ന് മുരളി അരങ്ങൊഴിയുന്നത്. ഇനിയും അഭിനയിച്ചു തീരാത്ത കഥാപാത്രങ്ങൾ ബാക്കിയാക്കി മുരളി വിടപറയുമ്പോൾ ഓർമയിലെ മുരളി ഇവിടെ അവശേഷിപ്പിക്കുന്നത് താൻ അഭിനയിച്ചു തീർത്ത കഥാപാത്രങ്ങളാണ്.

ABOUT THE AUTHOR

...view details