ഡിസംബര്‍ 6ന് ആരംഭിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേള ഇത്തവണ 53 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശന വേദിയാകും. ഇവയില്‍ മൂന്ന് ചിത്രങ്ങളുടേത് ആഗോളതലത്തിലെ തന്നെ ആദ്യപ്രദര്‍ശനമാണ്. മേളയുടെ ഉദ്ഘാടന ചിത്രമായ പാസ്‌ഡ് ബൈ സെന്‍സര്‍ ഇന്ത്യയില്‍ തന്നെ ആദ്യമായാണ് പ്രദര്‍ശനത്തിനെത്തുന്നത്. മത്സരവിഭാഗത്തിലെത്തുന്ന ഒമ്പത് ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനവും മേളയിലാണ് നടക്കുക. മത്സരവിഭാഗത്തിലെ മലയാള സാന്നിധ്യമായ കൃഷാന്തിന്‍റെ വൃത്താകൃതിയിലുള്ള ചതുരം, മലയാള സിനിമ ഇന്നില്‍ പ്രദര്‍ശനത്തിനെത്തുന്ന സൈലെന്‍സര്‍ എന്നിവയും ആദ്യം മേളയിലൂടെയാണ് കാണികളിലേക്കെത്തുന്നത്.
53 ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശന വേദിയാകാന്‍ ഒരുങ്ങി ഐഎഫ്എഫ്കെ 2019
മേളയുടെ ഉദ്ഘാടന ചിത്രമായ പാസ്‌ഡ് ബൈ സെന്‍സര്‍ ഇന്ത്യയില്‍ തന്നെ ആദ്യമായാണ് പ്രദര്‍ശനത്തിനെത്തുന്നത്. മത്സരവിഭാഗത്തിലെത്തുന്ന ഒമ്പത് ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനവും മേളയിലാണ് നടക്കുക
ലോക സിനിമാ വിഭാഗത്തിലെ ഇറാനിയന്‍ ചിത്രം ഡിജിറ്റല്‍ ക്യാപ്റ്റിവിറ്റിയുടെയും ലോകത്തിലെ ആദ്യ പ്രദര്‍ശനമാണ് മേളയിലേത്. ഇസ്രായേല്‍ അധിനിവേശം പ്രമേയമാക്കി അഹമ്മദ് ഗോസൈന്‍ ഒരുക്കിയ ഓള്‍ ദിസ് വിക്ടറി, ബോറിസ് ലോജ്കൈന്‍റെ ആഫ്രിക്കന്‍ ചിത്രം കാമില്‍, മൈക്കിള്‍ ഇദൊവിന്‍റെ റഷ്യന്‍ ചിത്രമായ ദി ഹ്യൂമറിസ്റ്റ്, യാങ് പിങ്‌ഡോയുടെ ചൈനീസ് ചിത്രം മൈ ഡിയര്‍ ഫ്രണ്ട്, ഹിലാല്‍ ബെയ്ദറോവ് സംവിധാനം ചെയ്ത ഓസ്ട്രിയന്‍ ചിത്രം വെന്‍ ദി പെര്‍സിമ്മണ്‍സ് ഗ്രോ, ഡൊമിനിക്കന്‍ റിപ്പബ്ലിക് ചിത്രമായ ദി പ്രൊജക്ഷനിസ്റ്റ്, ഒരു ബാലെ നര്‍ത്തകിയുടെ ജീവിതം പ്രമേയമാക്കിയ ബ്രസീലിയന്‍ ചിത്രം പാക്കരറ്റ്, കാന്‍ ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പടെ വിവിധ രാജ്യാന്തര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച അവര്‍ മദേഴ്സ് എന്നിവയാണ് മത്സരവിഭാഗത്തില്‍ ആദ്യ പ്രദര്‍ശനത്തിനെത്തുന്ന മറ്റ് ചിത്രങ്ങള്‍.
ലോകസിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 40 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശന വേദിയായും ഇത്തവണത്തെ ചലച്ചിത്രമേള മാറും. പ്രത്യേക വിഭാഗമായ മിഡ് നൈറ്റ് സ്‌ക്രീനിങ്ങില്‍ പ്രദര്‍ശിപ്പിക്കുന്ന കൊറിയന്‍ ചിത്രം ഡോര്‍ ലോക്ക് ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തിലെ അതാനുഘോഷിന്‍റെ വിത്ത് ഔട്ട് സ്ട്രിംഗ്‌സ് എന്നീ ചിത്രങ്ങളുടേയും ആദ്യ പ്രദര്‍ശനമാണ് മേളയിലേത്.