ഷൂട്ടൗട്ടിൽ ചരിത്രമെഴുതി വെംബ്ലി സ്റ്റേഡിയത്തിൽ ഇറ്റലി കപ്പുയർത്തിയ ഉന്മേഷത്തിലാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർ. 2018ൽ ലോകകപ്പ് യോഗ്യത പോലും നേടാത്ത ടീം, ഇംഗ്ലണ്ടിനെ കീഴടക്കി യൂറോയുടെ നെറുകയിലെത്തിയത് ഇന്ത്യയടക്കമുള്ള ഫുട്‌ബോൾ ആരാധകർക്ക് ആവേശവും പ്രചോദനവുമാണ്.
ഇംഗ്ലണ്ടിനെയും ഇറ്റലിയെയും പിന്തുണച്ച് സ്റ്റേഡിയത്തിലെത്തിയ 60,000 കാണികൾക്കിടയിൽ ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂയ്‌സുമുണ്ടായിരുന്നു. മിഷൻ ഇംപോസിബിൾ നടനൊപ്പം മുൻ ഇംഗ്ലണ്ട് ഫുട്‌ബോൾ താരം ഡേവിഡ് ബെക്കാമുമുണ്ട്.
മത്സരത്തിന്‍റെ രണ്ടാം മിനിറ്റിൽ ഇംഗ്ലണ്ടിന്‍റെ ലൂക്ക് ഷാ അടിച്ച ആദ്യ ഗോളിനെ ടോം ക്രൂയ്‌സും ബെക്കാമും സ്വീകരിച്ചത് പരസ്‌പരം കൈകൊടുത്തുകൊണ്ടാണ്. യൂറോ കപ്പ് ഫൈനലിലെ വേഗമേറിയ ഗോളിലൂടെ ഷാ റെക്കോർഡ് നേടുമ്പോൾ, ഗാലറിയിൽ ഇംഗ്ലണ്ട് ആരാധകരായ വിഐപികൾ നൽകിയ തമ്പ്‌സ് അപ്പ് വീഡിയോ ട്വിറ്ററിൽ ട്രെൻഡിങ്ങിലാവുകയും ചെയ്‌തു.
More Read: പെനാൽട്ടി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനെ കീഴടക്കി, യൂറോ കപ്പ് ഇറ്റലിയ്ക്ക്
അസൂറികൾക്ക് മുൻപിൽ കീഴടങ്ങേണ്ടി വന്നെങ്കിലും മത്സരത്തിലെ ആദ്യ മിനിറ്റുകളിൽ ഇംഗ്ലണ്ടിനുണ്ടായിരുന്ന മേൽക്കോയ്‌മയും, ഹോളിവുഡ് ആക്ഷൻ ഹീറോയുടെയും ഫുട്‌ബോൾ ഇതിഹാസത്തിന്‍റെയും ആഹ്ളാദപ്രകടനവും ഇംഗ്ലണ്ട് ആരാധകരെ ആവേശത്തിലാക്കി.