ലക്ഷദ്വീപ് ജനങ്ങള്‍ക്കെതിരെ പുതിയ അഡ്‌മിനിസ്‌ട്രേറ്റര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ എതിര്‍പ്പ് അറിയിച്ച് പ്രതിഷേധം തുടങ്ങിയിട്ട് മൂന്ന് ആഴ്ചകള്‍ പിന്നിട്ടു. സിനിമാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് നിന്നും നിരവധി പേര്‍ ലക്ഷ്യദ്വീപ് ജനതയ്‌ക്ക് പരസ്യമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്‌തു.
ലക്ഷദ്വീപ് ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പൊതുസമൂഹത്തെ അറിയിച്ച ലക്ഷദ്വീപ് സ്വദേശിനിയായിരുന്നു സഹസംവിധായികയായ ആയിഷ സുല്‍ത്താന. അടുത്തിടെ ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ അഡ്‌മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ.പട്ടേലിനെ ജൈവായുധം അഥവാ ബയോവെപ്പണ്‍ എന്ന് ആയിഷ വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു.
തുടര്‍ന്ന് ആയിഷ സുല്‍ത്താനയ്‌ക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. ബിജെപി ലക്ഷദ്വീപ് പ്രസിഡന്‍റ് സി.അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
പാട്ടിലൂടെ പ്രതിഷേധിച്ച് ഹരീഷ് പേരടി
ആയിഷയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌ത സംഭവത്തില്‍ അതൃപ്‌തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ നടന്‍ ഹരീഷ് പേരടി. ഫാസിസത്തെ കുറ്റപ്പെടുത്തി കൊണ്ടുള്ള വരികള്‍ ആലപിച്ചാണ് ഹരീഷ് പ്രതിഷേധം പ്രകടിപ്പിച്ചത്.