സച്ചിയുടെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. ബിജു മേനോനും പൃഥ്വിരാജും മുഖ്യവേഷത്തിലെത്തിയ ചിത്രത്തിൽ പ്രേക്ഷകരെ വളരെ സ്വാധീനിച്ച ശക്തമായ സ്‌ത്രീ സാന്നിധ്യമായിരുന്നു കണ്ണമ്മ. തങ്ങളുടെ സച്ചി വിടവാങ്ങിയെന്ന വാർത്ത കണ്ണമ്മയെ അവതരിപ്പിച്ച ഗൗരി നന്ദക്കും ഉൾക്കൊള്ളാനാവുന്നില്ല. ചിത്രത്തിൽ ബിജു മേനോന്‍റെ ഭാര്യ വേഷം നൽകിയ സച്ചിയാണ് തന്‍റെ ലക്ഷ്യത്തിലേക്കുള്ള ആദ്യ പടികൾ ഒരുക്കിയത് എന്ന് ഗൗരി പറഞ്ഞു. തന്‍റെയുള്ളിലെ കലാകാരിയെ തിരിച്ചറിഞ്ഞ് അദ്ദേഹം പ്രോത്സാഹനമായി കൂടെ നിന്നു. എന്നിട്ടും, വളരെ വേഗത്തിൽ വിടവാങ്ങിയ സച്ചി, ഒന്നിലും തളരാത്ത കണ്ണമ്മയെ വരെ കരയിപ്പിച്ചുവെന്ന ഹൃദയഭേദഗമായ കുറിപ്പാണ് ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്.
തളരാത്ത കണ്ണമ്മയെ കരയിച്ചു: വേദനയോടെ ഗൗരി നന്ദ - വേദനയോടെ ഗൗരി നന്ദ
തന്‍റെ സ്വപ്നങ്ങളിലെത്തിച്ചേരാൻ സഹായിച്ചതും പ്രോത്‌സാഹനമായതും സച്ചിയാണെന്നാണ് അയ്യപ്പനും കോശിയും ചിത്രത്തിലെ കണ്ണമ്മയെ അവതരിപ്പിച്ച ഗൗരി നന്ദ പറയുന്നത്.
"എന്‍റെ ലക്ഷ്യത്തിലെത്താൻ ഉള്ള ആ വലിയ പടികൾ. ഒരിക്കലും എന്തൊക്കെ സംഭവിച്ചാലും തകരാത്ത അത്ര ബലമുള്ളത് നിർമിച്ച് അതിൽ എന്നെ കയറ്റി നിർത്തി നീ ഇനി ധൈര്യമായി മുൻപോട്ടു പൊക്കോ എന്നും പറഞ്ഞ് അതിലൂടെ എന്നെ നടത്തിച്ചു.. നിന്‍റെ എല്ലാം ഉയർച്ചകളും കാണാൻ ഞാൻ ഇവിടെ ഉണ്ട് എന്ന് പറഞ്ഞിട്ട്?.....എപ്പോഴും പറയുന്ന വാക്കുകൾ "ടാ നീ രക്ഷപെടും"..ശരിയാ എന്നെ രക്ഷപെടുത്താൻ ആരും അറിയാതിരുന്ന എന്‍റെയുള്ളിലെ കലാകാരിയെ ലോകത്തിന് മുമ്പിൽ കാണിച്ചു കൊടുക്കാൻ സച്ചിയേട്ടാ നിങ്ങൾ തന്നെ വേണ്ടി വന്നു..."
ഇനിയുമൊരുപാട് കലാകാരന്മാരെ അവരുടെ സ്വപ്‌നങ്ങളിൽ എത്തിക്കാനുള്ള കൈകളാണ് നഷ്‌ടമായതെന്ന് വിവരിച്ചാണ് അവർ തന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. "പക്ഷേ ഒരിക്കലും എന്തൊക്കെ ജീവിതത്തിൽ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു അവളുടെ മരണംവരെ ... ഇനിയും എന്നെ പോലെ ഉള്ളവരെ അവരുടെ സ്വപ്നങ്ങളിൽ എത്തിക്കാൻ ഉളള കൈകൾ ആയിരുന്നില്ലേ അത് എന്തിനാ ഇത്ര വേഗത്തിൽ പോയേ ?...എല്ലാവരും പറയുന്നു നന്മയുള്ളവരെ ആണ് ദൈവത്തിന് കൂടുതൽ ഇഷ്ട്ടം എന്ന് അതെ ഒരു കൊടുമുടിയോളം നന്മ ഉണ്ടായിരുന്നു," ഗൗരി നന്ദ കൂട്ടിച്ചേർത്തു.