മുദ്ദു ഗൗ എന്ന ചിത്രത്തിലൂടെ അച്ഛന്‍റെ പാത പിന്തുടർന്നെത്തിയ താരമാണ് ഗോകുൽ സുരേഷ്. മാസ്റ്റർ പീസ്, ഇര തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും സിനിമകളെല്ലാം തിയേറ്ററിൽ പരാജയപ്പെട്ടു.
എന്നാൽ, സുരേഷ് ഗോപിക്കൊപ്പം തന്നെ ലേലം 2, പാപ്പൻ തുടങ്ങിയ ചിത്രങ്ങളിലൂടെ വൻതിരിച്ചുവരവിനൊരുങ്ങുകയാണ് ഗോകുൽ.
ഗോകുല്‍ സുരേഷ് നായകനാകുന്ന പുതിയ ഫാമിലി എന്‍റർടെയ്‌നർ ചിത്രമാണ് 'അമ്പലമുക്കിലെ വിശേഷങ്ങൾ'. ജയറാം കൈലാസിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിലെ വീഡിയോഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
'നന്നാവാന്‍ എന്തോ ചെയ്യാന്‍' എന്ന രസകരമായ വരികളോടെയാണ് പാട്ട് തുടങ്ങുന്നത്. റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ സന്നിധാനന്ദൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
Also Read: ഹൃദയസ്‌പർശിയായ 'ഹോം' ; പ്രശംസയറിയിച്ച് കെജിഎഫ് നിർമാതാവ്
ബി. കെ ഹരിനാരായണന്‍റെ വരികൾക്ക് ഈണം രചിച്ചിരിക്കുന്നത് രഞ്‌ജിൻ രാജ് ആണ്. ധര്‍മജന്‍ ബോള്‍ഗാട്ടി, ലാല്‍, മേജര്‍ രവി, ഗണപതി, സോന നായര്‍, ബിജുക്കുട്ടന്‍, സുധീര്‍ കരമന, സജിത മഠത്തില്‍, അനീഷ് ജി. മേനോന്‍, മറീന മൈക്കിള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ചിത്രത്തിന്‍റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് ഉമേഷ് കൃഷ്‌ണൻ ആണ്. ചാന്ദ് ക്രിയേഷന്‌സിന്‍റെ ബാനറില്‍ ജെ. ശരത്ചന്ദ്രന്‍ നായര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.