മൂത്തോൻ സിനിമയുടെ വസ്‌ത്രാലങ്കാരത്തിന്‍റെ ഭാഗമായിരുന്ന സ്റ്റെഫി സേവ്യർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ഗീതു മോഹൻദാസ്. ചിത്രത്തിന്‍റെ സംവിധായിക ഗീതു തനിക്ക് പ്രതിഫലം നൽകിയില്ലെന്നും ഇതിനായി ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ അനുകൂല സമീപനമല്ല ഉണ്ടായതെന്നും സ്റ്റെഫി പറഞ്ഞിരുന്നു. എന്നാൽ, സ്റ്റെഫി പറഞ്ഞ കാര്യങ്ങൾ തികച്ചും വസ്തുതാ വിരുദ്ധമാണെന്നും ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങളിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് എന്തുകൊണ്ട് പരാതി രജിസ്റ്റർ ചെയ്‌തില്ലെന്നും ഗീതു മോഹൻദാസ് ചോദിക്കുന്നു. സ്റ്റെഫി ആരോപിച്ച കാര്യങ്ങളുടെ സാഹചര്യങ്ങൾ തെറ്റാണെന്ന് ഫേസ്‌ബുക്കിൽ പങ്കുവെച്ച വിശദമായ കുറിപ്പിലൂടെ താരം വ്യക്തമാക്കി.
സ്റ്റെഫിയുടെ ആരോപണത്തിന് മറുപടി നൽകി ഗീതു മോഹൻദാസ് - moothon film costume
മൂത്തോൻ സിനിമയുടെ വസ്‌ത്രാലങ്കാരത്തിന്‍റെ ഒരു ഷെഡ്യൂൾ താൻ പൂർത്തിയാക്കിയിരുന്നതായും എന്നാൽ പ്രതിഫലം ലഭിച്ചിരുന്നില്ല എന്നുമാണ് സ്റ്റെഫി സേവ്യർ ആരോപിച്ചത്. എന്നാൽ, സ്റ്റെഫി ആരോപിക്കുന്നത് തികച്ചും വസ്‌തുതാ വിരുദ്ധമാണെന്ന് ഗീതു മോഹൻദാസ് വ്യക്തമാക്കി.
ഡബ്ല്യൂസിസിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ സംവിധായിക റെമ്യുണറേഷൻ ചോദിച്ചപ്പോള്‍, സ്റ്റെഫി ജനിക്കുമ്പോൾ ഞാൻ സിനിമയിൽ വന്ന ആളാണ് എന്ന തരത്തിലാണ് പ്രതികരിച്ചത്. തന്നെ ഏൽപ്പിച്ച രണ്ടു ഷെഡ്യൂളുകളിൽ ഒന്ന് പൂർത്തിയാക്കിയിട്ടും പ്രതിഫലം കിട്ടിയില്ല. പിന്നീട് കാരണമില്ലാതെ തന്നെ പ്രോജക്ടിൽ നിന്ന് മാറ്റി നിർത്തിയെന്നുമാണ് സ്റ്റെഫി ഗുരുതര ആരോപണം നടത്തിയത്.
എന്നാൽ, ഇതിന് ഗീതു ഫേസ്‌ബുക്കിലൂടെ നൽകിയ വിശദീകരണം മൂത്തോന്‍റെ വസ്‌ത്രാലങ്കാരം മുഴുവൻ ചെയ്‌തത് മാക്സിമ ബസുവാണെന്നും ഇവർ പ്രസവ അവധിക്ക് പോയപ്പോഴാണ് ചെറിയൊരു ഭാഗം സ്റ്റെഫിക്ക് നൽകിയതെന്നുമാണ്. സ്റ്റെഫി വന്നതിന് ശേഷവും പോയതിന് ശേഷവും സംഭവിച്ച കാര്യങ്ങൾ ചിത്രത്തിലെ മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും വ്യക്തമായി അറിയാം. സ്റ്റെഫിയിൽ നിന്ന് തന്‍റെ പ്രതീക്ഷകൾക്കൊപ്പം ഫലം ലഭിക്കാത്തതിനാൽ അത് നേരിട്ട് ആശയവിനിമയം നടത്തിയിരുന്നതായും ഗീതു മോഹൻദാസ് വിശദീകരിച്ചു.