ആഷിക് അബുവിന്‍റെ വാരിയം കുന്നന് പുറമെ മറ്റ് മൂന്ന് സിനിമകൾ കൂടി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത പശ്ചാത്തലത്തിൽ ഒരുങ്ങുന്നു. പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന 'ഷഹീദ് വാരിയംകുന്നന്‍', ഇബ്രാഹിം വെങ്ങരയുടെ '‘ദി ഗ്രേറ്റ് വാരിയം കുന്നത്ത്' ചിത്രവും അലി അക്‌ബറിന്‍റെ '1921'മാണ് ഇവ. കേരളം കണ്ട ധീരദേശാഭിമാനിയുടെ ചരിത്രം പ്രമേയമാക്കുന്ന ഷഹീദ് വാരിയംകുന്നൻ സിനിമയിലെ താരങ്ങളേയും സാങ്കേതിക പ്രവർത്തകരെയും തീരുമാനിച്ചു കഴിഞ്ഞുവെന്നും ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും പിടി കുഞ്ഞുമുഹമ്മദ് പ്രഖ്യാപിച്ചു.
സ്വാതന്ത്ര്യ സമര പോരാളി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥ പറയുന്ന ചിത്രം കണ്ണൂര്‍ ജില്ലയിലെ പൈതൽ മലയിൽ ഷൂട്ട് ചെയ്യുമെന്ന് പ്രമുഖ നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വെങ്ങര ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ചിത്രത്തിന്‍റെ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും തിരക്കഥ രണ്ടു മൂന്ന് പേര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ഇബ്രാഹിം വെങ്ങര വ്യക്തമാക്കി.
അതേ സമയം, മലബാർ കലാപത്തെ പശ്ചാത്തലമാക്കി അലി അക്‌ബർ ഒരുക്കുന്ന 1921ൽ രാമനാമം ജപിച്ച് ഹിന്ദുക്കൾ പോരാടിയതാണ് പ്രമേയമാകുന്നത്. ചിത്രത്തിൽ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് പ്രതികൂലമായാണ് കഥ വിവരിക്കുന്നതെന്നാണ് സംവിധായകന്‍റെ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ എതിർപ്പ് ലംഘിച്ച് പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആഷിക് അബുവിന്‍റെ 'വാരിയം കുന്നൻ' സൈബർ ആക്രമണവും നേരിടുന്നുണ്ട്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം പറയുന്ന ചിത്രത്തിൽ പൃഥ്വിരാജ് ടൈറ്റിൽ റോളിലെത്തുമെന്നും വാരിയം കുന്നൻ അടുത്ത വർഷം മുതൽ ചിത്രീകരണം ആരംഭിക്കുമെന്നും സംവിധായകൻ ആഷിക് അബുവും പൃഥ്വിരാജും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
എന്നാൽ, കുഞ്ഞഹമ്മദ് ഹാജി ഹിന്ദുവിരുദ്ധനാണെന്നും വാരിയം കുന്നൻ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് പൃഥ്വിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ആക്രമണം നടക്കുന്നത്. താരത്തിന്‍റെ കുടുംബത്തെയും പ്രത്യേകിച്ച് അമ്മയെയും മോശമായി പരാമർശിച്ചാണ് സിനിമക്കെതിരെ ഒരു കൂട്ടർ പ്രതികരിച്ചത്.