മലപ്പുറം: മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് സിനിമാ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ സ്വാതന്ത്ര സമര ചരിത്രത്തിലെ കറുത്ത ഏടായ വാഗണ്‍ ട്രാജഡിയും വെള്ളിത്തിരയിലേക്ക്. പട്ടാളം, ഒരുവന്‍ എന്നീ സിനിമകള്‍ക്ക് തിരക്കഥയെഴുതിയ റെജി നായരാണ് ചിത്രം സംവിധാനം ചെയ്യുക. സിനിമയുടെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും. ഒരു വർഷം മുമ്പ് പ്രഖ്യാപിച്ച വാഗൺ ട്രാജഡി ബ്ലാക്ക് ഹിസ്റ്ററി എന്ന സിനിമയാണ് ചിത്രീകരണത്തിന് തയ്യാറെടുക്കുന്നത്.
വാരിയംകുന്നൻ സിനിമയുടെ പ്രഖ്യാപനം വന്നപ്പോള്‍ തന്നെ വിവാദങ്ങള്‍ ഉണ്ടാകാന്‍ കാരണം പേരിലെ മതം നോക്കുന്നത് കൊണ്ടാണെന്നും റെജി നായര്‍ പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് ഐ.വി ശശി 1921 സിനിമ എടുത്തപ്പോഴും റെജി നായർ എന്ന താൻ ഒരു വർഷം മുമ്പ് വാഗൺ ട്രാജഡി സിനിമ പ്രഖ്യാപിച്ചപ്പോഴും ഇല്ലാത്ത വിവാദമാണ് ആഷിക് അബു വാരിയംകുന്നൻ സിനിമയെക്കുറിച്ച് പോസ്റ്റ് ഇട്ടപ്പോൾ ഉണ്ടായതെന്നും റെജി നായർ പറഞ്ഞു.
ചരിത്ര സിനിമക്കെതിരെ അനാവശ്യ വിവാദമുയർത്തുന്നത് ഫാസിസ്റ്റ് ശക്തികളുടെ തുടർനീക്കത്തിന്‍റെ ഭാഗമായാണ് കാണുന്നതെന്നും ഇന്ന് കലാകാരന്‍റെ പേരിലെ മതവും, ജാതിയും നോക്കി ഒറ്റപ്പെടുത്തിയുള്ള അക്രമണമാണ് കണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞി. ഇതൊരു സാംസ്കാരിക സമൂഹത്തിന് ചേരുന്നതല്ല. സൃഷ്ടി കർത്താവിന്‍റെ മതം നോക്കിയല്ല, സൃഷ്ടി നോക്കിയാണ് വിമർശനം നടത്തേണ്ടത്. ചിത്രം പുറത്ത് വരും മുമ്പ് തന്നെയുള്ള ആക്രോശങ്ങൾ ഏത് ഭാഗത്ത് നിന്നായാലും ഉചിതമല്ലെന്നും റെജി നായര്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ വിവാദങ്ങൾക്കൊന്നും മുഖം കൊടുക്കാതെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായമായ 'വാഗൺ ട്രാജഡി ' സിനിമയുടെ അണിയറ പ്രവർത്തനങ്ങളുമായി മുന്നോട്ട് തന്നെ പോവുകയാണെന്ന് റെജി നായർ വ്യക്തമാക്കി. 'വാഗണ്‍ ട്രാജഡി ദി ബ്ലാക്ക് ഹിസ്റ്ററി' എന്ന പേരിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം വെള്ളിത്തിരയിലെത്തുക. ചരിത്രം പറയുന്നതിനപ്പുറം മരണമുഖത്തെ മനുഷ്യന്‍റെ നിസഹായതയാണ് ചിത്രം കൈകാര്യം ചെയ്യുക.
വാഗൺ ട്രാജഡിയും വെള്ളിത്തിരയിലേക്ക് ഒരു വര്‍ഷം മുമ്പ് സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. അന്നുമുതല്‍ ചിത്രത്തിന്‍റെ പ്രമേയമറിയാന്‍ നിരവധി പേര്‍ ബന്ധപ്പെട്ടിരുന്നതായി സംവിധായകന്‍ റെജി നായര്‍ വെളിപ്പെടുത്തി. വാരിയംകുന്നന്‍ എന്ന പ്രിഥ്വിരാജ് ആഷിഖ് അബു ചിത്രത്തിന് സംഭവിക്കുന്നത് സംഘടിതമായ ആക്രമണമാണെന്നും ഇത്തരം സിനിമകളെ ചരിത്രബോധത്തോടുകൂടി സമീപിക്കണമെന്നും സംവിധായകന്‍ പറഞ്ഞു. മമ്മൂട്ടി നായകനായ പട്ടാളം, പ്രിഥ്വിരാജ്-ഇന്ദ്രജിത്ത് ചിത്രമായ ഒരുവന്‍ എന്നീ സിനിമകളുടെ തിരക്കഥാകൃത്തും ശാരദ നായികയായെത്തിയ കലികാലം എന്ന സിനിമയുടെ സംവിധായകനുമാണ് തിരൂർ സ്വദേശി റെജി നായര്‍.