തിരുവനന്തപുരം: പ്രശസ്‌ത ചലച്ചിത്ര നിർമാതാവ് കുളത്തൂര്‍ ഭാസ്‌കരന്‍ നായര്‍ അന്തരിച്ചു. 83 വയസായിരുന്നു. ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളുടെ അമരക്കാരനും ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്നു. മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്ക്കാരം സ്വന്തമാക്കിയ സ്വയംവരം(1972), കൊടിയേറ്റം(1978) എന്നീ മലയാള ചലച്ചിത്രങ്ങളുടെ നിർമാണം കുളത്തൂര്‍ ഭാസ്‌കരന്‍ നായര്‍ ആയിരുന്നു. 30ല്‍ പരം ഡോക്യുമെന്‍ററി ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. നാല് ചിത്രങ്ങളുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചു. നിരവധി നോവലുകളും ചെറുകഥകളും ഭാസ്‌കരന്‍ നായര്‍ രചിച്ചിട്ടുണ്ട്.
നിർമാതാവ് കുളത്തൂര്‍ ഭാസ്‌കരന്‍ നായര്‍ അന്തരിച്ചു
അടൂർ ഗോപാലകൃഷ്‌ണന്‍റെ സ്വയംവരം(1972), കൊടിയേറ്റം(1978) ചിത്രങ്ങളുടെ നിർമാതാവ് ആയിരുന്നു കുളത്തൂര്‍ ഭാസ്‌കരന്‍ നായര്‍
1936ല്‍ നെയ്യാറ്റിന്‍കര കുളത്തൂരിലായിരുന്നു ജനനം. മലയാള സിനിമ, ലോകസിനിമയുടെ ഗണത്തിലും ഗുണത്തിലും ഉൾപ്പെടുത്താൻ പ്രവർത്തിച്ചവരിൽ പ്രമുഖനായിരുന്നു കുളത്തൂർ. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സംവിധാനത്തിൽ ബിരുദം നേടി വന്ന അടൂർ ഗോപാലകൃഷ്ണനോടൊപ്പം ചേർന്ന് ചിത്രലേഖ ഫിലിം സൊസൈറ്റി രൂപീകരിച്ചു. ചിത്രലേഖയാണ് കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏക മകള്‍ അഡ്വ. ബി. സിന്ധു ഇന്‍റിമേറ്റ് ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറാണ്. സംസ്‌കാരം ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു.