വീണ്ടും പുരസ്‌കാര തിളക്കത്തില്‍ ദിലീഷ് പോത്തന്‍-ഫഹദ് ഫാസില്‍ ചിത്രം ജോജി. ബാഴ്‌സലോണ രാജ്യാന്തര ഫിലിം ഫെസ്‌റ്റിവലില്‍ മികച്ച ചിത്രമായി ജോജി തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകന്‍ ദിലീഷ് പോത്തനാണ് ഇക്കാര്യം പങ്കുവച്ചത്. ഇതോടെ ജോജിക്ക് ലഭിക്കുന്ന മൂന്നാമത്തെ രാജ്യാന്തര പുരസ്‌കാരമാണിത്.
നേരത്തെ വെഗാസ് മൂവി അവാര്‍ഡ്‌സില്‍ മികച്ച നരേറ്റീവ് ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരവും സ്വീഡിഷ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും ജോജി നേടിയിരുന്നു. ഏറെ പ്രേക്ഷക പ്രശംസയും പിടിച്ചുപറ്റിയ ചിത്രമാണ് ജോജി.
ഫഹദ് ഫാസില്‍, ഷമ്മി തിലകന്‍, ബാബുരാജ്, ഉണ്ണിമായ, ജോജി മുണ്ടക്കയം തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് റിലീസ് ചെയ്‌തത്. മോഹന്‍ലാലിന്‍റെ ദൃശ്യം 2ന് ശേഷം ആമസോണ്‍ പ്രൈമിലൂടെ ഡയറക്‌ട് റിലീസ് നടന്ന മലയാളചിത്രം കൂടിയാണിത്.
ബാര്‍സലോണ രാജ്യാന്തര ഫിലിം ഫെസ്‌റ്റിവലില്‍ മികച്ച ചിത്രമായി ജോജി Read more:മലയാളത്തിന് അഭിമാനനേട്ടം; സ്വീഡിഷ് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രമായി 'ജോജി'
ഷേക്‌സ്‌പിയറിന്‍റെ മാക്‌ബത്ത് എന്ന നാടകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയത്. ഭാവന സ്‌റ്റുഡിയോസ്, വര്‍ക്കിങ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു നിര്‍മാണം.
മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിച്ച മൂന്നാമത്തെ ചിത്രം കൂടിയായിരുന്നു ജോജി. ശ്യാം പുഷ്‌കരന്‍റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍റെ സംവിധാനത്തില്‍ പിറന്ന രണ്ടാമത്തെ ചിത്രവുമാണിത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിംഗും ജസ്‌റ്റിന്‍ വര്‍ഗീസ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.