ഓരോ സിനിമ പിന്നിടുമ്പോഴും പ്രകടനങ്ങളില്‍ പകരമൊരാളെ ചിന്തിക്കാനാകാത്ത വിധം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന നടനാണ് ഫഹദ് ഫാസില്‍ എന്ന അഭിനയ പ്രതിഭ. വാഴ്‌ത്തുപാട്ടുകളും ഏറ്റുപറച്ചിലുകളും അയാൾക്ക് ഏശില്ല.. കാരണം അയാൾ ആൾക്കൂട്ട ആരവങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ് നടക്കുന്ന മനുഷ്യനാണ്. തന്‍റെ പ്രകടനങ്ങളിലൂടെ മാത്രം പ്രേക്ഷകരോട് സംവദിക്കാൻ ആഗ്രഹിക്കുന്ന അഭിനേതാവ്. ഈ ലാളിത്യവും നിരീക്ഷണബോധവുമായിരിക്കാം എന്തുകൊണ്ട് ഫാന്‍സ് അസോസിയേഷനുകള്‍ വേണ്ടെന്ന് തീരുമാനിച്ചുവെന്ന് സുരാജ് വെഞ്ഞാറമൂട് ഒരിക്കൽ ചോദിച്ചപ്പോൾ 'അവര് പിള്ളേരല്ലേ ചേട്ടാ.. അവര് പഠിക്കട്ടെ' എന്ന് പറയാൻ അയാളെ പ്രാപ്‌തനാക്കിയത്. ഫഹദ് പകര്‍ന്നാടിയ കഥാപാത്രങ്ങൾ നമുക്കിടയിൽ ജീവിക്കുന്ന ആരെല്ലാമോ ആണ്... പ്രകാശനും ഷമ്മിയും പ്രസാദും അങ്ങനെ എല്ലാവരും ജീവിതത്തിന്‍റെ പല ഘട്ടങ്ങളിലായി ചിലപ്പോള്‍ നാം കണ്ടുമുട്ടിയവരാകാം... അല്ലെങ്കില്‍ അവരെല്ലാം ചിലപ്പോള്‍ നമ്മള്‍ തന്നെയല്ലെ എന്ന് തോന്നിപോകും..... ലാളിത്യത്തെ അയാൾ പ്രതിനിധാനം ചെയ്യുന്നത് കൊണ്ടാണ് അയാളിലെ ബഹുഭൂരിപക്ഷം കഥാപാത്രങ്ങളും ഇപ്പോഴും മലയാളിയോട് ചേര്‍ന്ന് നില്‍ക്കുന്നത്.
അഭിനയം നന്നേ ചെറുപ്പത്തിലേ ഫഹദിനൊപ്പമുണ്ട്. എന്നാല്‍ ഏറ്റവും മോശമായൊരു തുടക്കത്തിൽ നിന്നാണ് ഫഹദ് ഇതുവരെ എല്ലാം വെട്ടിപ്പിടിച്ചത്. പിതാവ് ഫാസില്‍ സംവിധാനം ചെയ്ത് 1992ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പപ്പയുടെ സ്വന്തം അപ്പൂസില്‍ ഒരു സീനില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ മിന്നായം പോലം കാണാം, ഇന്ന് മലയാളത്തിലെ പ്രതിഭയുള്ള നടന്മാരുടെ ലിസ്റ്റില്‍ മുന്‍പന്തിയിലുള്ള ഫഹദിനെ... പിന്നീട് 2002ല്‍ വാപ്പിച്ചിയുടെ കൈയ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടെ നായകനായി ഫഹദിന്‍റെ ഔദ്യോഗിക അരങ്ങേറ്റം. സച്ചിന്‍ മാധവനെന്ന നിഷ്കളങ്ക യുവാവിന്‍റെ കഥാപാത്രമായിരുന്നു ഫഹദിന്. ചിത്രവും നായകനും വലിയ പരാജയമായിരുന്നു. പിന്നീട് ആ യുവനടനെ സിനിമകളില്‍ കണ്ടിട്ടില്ല. ആ പരാജയത്തില്‍ നിന്ന് പുറത്തുവരാന്‍ ഫഹദിനെ പ്രാപ്തനാക്കിയത് അയാൾ നടത്തിയ കഠിനാധ്വാനം മാത്രമാണ്. അതിനുള്ള ചാലകശക്തിയായി പ്രവർത്തിച്ചത് അയാൾ സംഭരിച്ച അറിവുകളും അയാളുടെ നിരീക്ഷണബോധവും. ഒരുപക്ഷേ ആദ്യചിത്രം വലിയ വിജയമായിരുന്നെങ്കിൽ തന്നെ തേടിയെത്തുന്ന ചിത്രങ്ങളിലെ കഥാപാത്ര വൈവിധ്യം കണ്ടെത്താനോ തന്‍റെ കഴിവിനൊത്ത മികച്ച റോളുകൾ തേടിപ്പിടിക്കാനോ സാധിക്കാതെ... തന്നെ തേടി വരുന്ന വേഷങ്ങൾ മാത്രം ചെയ്ത് ഒരു കംഫേര്‍ട്ട് സോണില്‍ അയാൾ ഒതുങ്ങിപ്പോയേനെ....
2009ലെ രണ്ടാം വരവിലെ ഫഹദിനെ കണ്ട് കയ്യെത്തും ദൂരത്തിലെ സച്ചിനാണെന്ന് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞിരുന്നില്ലെന്നതാണ് വാസ്തവം. ന്യൂ ജനറേഷൻ തരംഗം സംഭാവന ചെയ്ത അഭിനേതാവെന്നാണ് ഫഹദിനെ പലപ്പോഴും വിശേഷിപ്പിക്കാറ്.... ആരംഭകാലത്ത് ആ ടാഗ് ലൈനിലുള്ള ഫഹദിന്‍റെ ഭൂരിഭാഗം ചിത്രങ്ങളും സാമ്പത്തികമായി വിജയങ്ങളായിരുന്നു. ചാപ്പാക്കുരിശ്, 22 ഫീമെയില്‍ കോട്ടയം, അന്നയും റസൂലും, ഡയമണ്ട് നെക്ലസ് തുടങ്ങി അന്ന് ആ ലേബലിൽ വന്ന ബഹുഭൂരിപക്ഷം സിനിമകൾക്കും പ്രേക്ഷകശ്രദ്ധ നേടാൻ സാധിച്ചു. ഫഹദ് യുവനടന്‍മാരില്‍ ഒന്നാം നിരയിലേക്കുയര്‍ന്നതും നായകന്‍ എന്ന നിലയില്‍ മലയാളസിനിമയിൽ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയതും ഏറെ നാളത്തെ കഠിനപരിശ്രമത്തിലൂടെയാണ്... ക്ഷമയോടെയുള്ള കാത്തിരിപ്പിലൂടെയാണ്... വില്ലന്‍ കൂടിയായ നായകനായിരുന്നു ഫഹദ് മിക്ക ചിത്രങ്ങളിലും. ഒപ്പം ധനമോഹിയും എന്തിനെയും ലാഭക്കൊതിയോടെ മാത്രം സമീപിക്കുകയും ചെയ്യുന്ന കുടുംബപശ്ചാത്തലത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാത്ത നാഗരിക യുവാവായി ഫഹദ് അക്കാലത്ത് ബ്രാന്‍ഡ് ചെയ്യപ്പെട്ടിരുന്നു. രണ്ടാംവരവിലെ മിക്ക കഥാപാത്രങ്ങളും പ്രേക്ഷകന്‍റെ ആ കാഴ്ചപ്പാടുകളെ ഊട്ടിയുറപ്പിക്കുകയും ചെയ്തു. പിന്നീട് ഫഹദിലെ നടന്‍റെ ട്രാന്‍സ്‌ഫോര്‍മേഷനായിരുന്നു മലയാളിക്ക് കാണാന്‍ സാധിച്ചത്. എല്ലാ ഇമേജുകളെയും പൊളിച്ചടുക്കിക്കൊണ്ട് ഫ്രൈഡേയിലെ ബാലു എന്ന സാധാരണക്കാരനായ ഓട്ടോറിക്ഷ ഡ്രൈവറുടെ കഥാപാത്രത്തിലൂടെ ഫഹദ് വിസ്മയിപ്പിച്ചു. സ്വാഭാവികതക്ക് അനുസൃതമായി അഭിനയിക്കാൻ കഴിയുന്ന നടനായി ഇതോടെ ഫഹദ് മാറി. ചാപ്പക്കുരിശ് തൊട്ട് ട്രാന്‍സ് വരെയുള്ള സിനിമകൾ ഫഹദിന്‍റെ പ്രകടനം കൊണ്ടും തിരക്കഥയുടെ ബലം കൊണ്ടും വിജയങ്ങളായ ചിത്രങ്ങളാണ്. ഓരോ തവണ കാണുമ്പോളും രോമാഞ്ചം നല്‍കുന്ന സിനിമകളില്‍ ഒന്നാണ് ലിജോ ജോസ് പെല്ലിശ്ശെരിയുടെ ആമേന്‍. മാജിക്കല്‍ റിയലിസം കൊണ്ടുന്ന ചുരുക്കം ചില മലയാള സിനിമകളില്‍ ഒന്ന്. ഫഹദ് ഫാസില്‍ അടക്കമുള്ള എല്ലാ അഭിനേതാക്കളും മികച്ച അഭിനയം കാഴ്ച വെച്ച സിനിമ. പരാജയപ്പെട്ട ബാന്‍റ് അംഗം സോളമന്‍ ഫഹദിന്‍റെ കരിയര്‍ ബെസ്റ്റ് കഥാപാത്രങ്ങളില്‍ ഒന്നുതന്നെയാണ്. 2013ൽ റിലീസായ അനിൽ രാധാകൃഷ്ണ മേനോൻ ചിത്രം നോർത്ത് 24 കാതം എന്ന സിനിമയിലെ ഫഹദ് ഫാസിലിന്‍റെ വൃത്തി രക്ഷസനായ കഥാപാത്രം കണ്ടിട്ട് നമ്മളിൽ പലരും പരസ്പരം ചോദിച്ചിട്ടുണ്ട് ഇതുപോലത്തെ വൃത്തി രാക്ഷസന്മാർ ഉണ്ടാകുമോ എന്ന്.... ആ വര്‍ഷം ഇറങ്ങിയ മലയാള ചിത്രങ്ങളിലെ ഏറ്റവും മികച്ച പ്രകടനത്തിന് ഫഹദ് ഫാസിലിന് അന്ന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ശ്യാമപ്രസാദിന്‍റെ സംവിധാനത്തിൽ 2013ല്‍ തന്നെ പുറത്തിറങ്ങിയ ആര്‍ട്ടിസ്റ്റിലെ മൈക്കിളായുള്ള പ്രകടനം കൂടി പരിഗണിച്ചായിരുന്നു ഫഹദിന് സംസ്ഥാന സര്‍ക്കാരിന്‍റെ ആദരം. പൂനെയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ പരിതോഷ് ഉത്തം എഴുതിയ ഡ്രീംസ് ഇൻ പ്രഷൻ ബ്ളൂ എന്ന ഇംഗ്ളീഷ് നോവലിനെ ആസ്പദമാക്കി ശ്യാമപ്രസാദ് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത്.