നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി പൊലീസ് വേഷം കൈകാര്യം ചെയ്യുന്ന സിനിമയാണ് സല്യൂട്ട്. ഇപ്പോള്‍ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. പൊലീസ് വേഷത്തില്‍ മാസായി നില്‍ക്കുന്ന ദുല്‍ഖറാണ് പുതിയ പോസ്റ്ററിലെ പ്രധാന ആകര്‍ഷണം. രണ്ട് ദിവസം മുമ്പാണ് സിനിമയുടെ ടൈറ്റില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
അരവിന്ദ് കരുണാകരന്‍ എന്നാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. റോഷൻ ആൻഡ്രൂസാണ് സല്യൂട്ട് സംവിധാനം ചെയ്യുന്നത്. ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ് ടീമാണ്. വേഫറെർ ഫിലിംസിന്‍റെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.
ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്‍റിയാണ്ചിത്രത്തിലെ നായിക. മനോജ്.കെ.ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗർതണ്ട, മദ്രാസ്, കബാലി, കാല, പരിയേറും പെരുമാൾ, വട ചെന്നൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണൻ.
ദുൽഖർ നായകനായും നിർമാതാവായും എത്തുന്ന ബിഗ് ബജറ്റ് ചിത്രം കുറുപ്പ് റിലീസിന് ഒരുങ്ങുകയാണ്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ കഥയാണ് കുറുപ്പ് എന്ന ഈ ചിത്രത്തിൽ പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം ഉപചാരപൂര്‍വ്വം ഗുണ്ട ജയനാണ്. ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. നിര്‍മാണ രംഗത്ത് നിന്ന് വിതരണ രംഗത്തേക്കും ദുല്‍ഖര്‍ സല്‍മാന്‍റെവേഫെയര്‍ ഫിലിംസ് കടന്നിട്ടുണ്ട്.