ആദ്യ ഭാഗത്തിന്‍റെ വന്‍ വിജയത്തിന് ശേഷം മോഹന്‍ലാല്‍ സിനിമ ദൃശ്യം 2 റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ ആദ്യ ഭാഗം ഹിന്ദി അടക്കമുള്ള നിരവധി ഇന്ത്യന്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ദൃശ്യം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഹോളിവുഡ് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ തന്നെ സമീപിച്ചിരുന്നുവെന്നും അയാള്‍ ആവശ്യപ്പെട്ടതനുസരിച്ച് സിനിമയുടെ ഇംഗ്ലീഷ് തിരക്കഥ അയച്ച് കൊടുത്തതായും സംവിധായകന്‍ ജീത്തു ജോസഫ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഒരു സ്ത്രീയെ കേന്ദ്ര കഥാപാത്രമാക്കിയാണ് ഹോളിവുഡില്‍ ദൃശ്യം സിനിമ ചെയ്യാന്‍ അവര്‍ ആലോചിക്കുന്നതെന്നും ഹിലാരി സ്വാങ്കിനെയാണ് ആ വേഷത്തിലേക്ക് അണിയറക്കാര്‍ ഉദ്ദേശിക്കുന്നതെന്നുമാണ് സൂചനയെന്നും സംവിധായകന്‍ പറഞ്ഞു. പ്രോജക്‌ട് യാഥാര്‍ഥ്യമായാല്‍ ഹോളിവുഡില്‍ നിന്നായിരിക്കും സംവിധായകനെന്നും ജീത്തു ജോസഫ് കൂട്ടിച്ചേര്‍ത്തു. ഒന്നൊന്നര മാസം മുമ്പാണ് തിരക്കഥ അയച്ചതെന്നും പിന്നീട് എന്തെങ്കിലും പുരോഗതിയുണ്ടോ എന്ന് അറിയില്ലെന്നും ജീത്തു ജോസഫ് പറയുന്നു. കൂടാതെ ദൃശ്യത്തെ ആസ്പദമാക്കി ചൈനീസ് ഭാഷയില്‍ ഒരു വെബ് സിരീസിനുള്ള ആലോചനകള്‍ പുരോഗമിക്കുന്നുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു.
ദൃശ്യത്തിന് ഹോളിവുഡ് റീമേക്ക് വന്നേക്കും, ഇംഗ്ലീഷ് തിരക്കഥ ആവശ്യപ്പെട്ട് ഒരാള്‍ സമീപിച്ചതായി ജീത്തു ജോസഫ്
സ്ത്രീയെ കേന്ദ്ര കഥാപാത്രമാക്കിയാണ് ഹോളിവുഡില്‍ ദൃശ്യം സിനിമ ചെയ്യാന്‍ അവര്‍ ആലോചിക്കുന്നതെന്നും ഹിലാരി സ്വാങ്കിനെയാണ് ആ വേഷത്തിലേക്ക് അണിയറക്കാര്‍ ഉദ്ദേശിക്കുന്നതെന്നുമാണ് സൂചനയെന്നും സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞു. ദൃശ്യം 2 ഫെബ്രുവരി 19ന് സ്ട്രീം ചെയ്‌ത് തുടങ്ങും
ദൃശ്യം 2വിന്‍റെ റിലീസ് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ ഫെബ്രുവരി 19ന് നടക്കും. വരുണിന്‍റെ തിരോധാനം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജോര്‍ജുകുട്ടിയുടെ കുടുംബത്തെ പൊലീസ് വിടാതെ പിന്തുടരുന്നതും നാട്ടുകാരിലടക്കം ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്‍റെയും മേല്‍ സംശയം ജനിക്കുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് രണ്ടാം ഭാഗം പറയുന്നതെന്നാണ് നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ സൂചിപ്പിക്കുന്നത്. പുതുവത്സര ദിനത്തിലായിരുന്നു ദൃശ്യം 2വിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചത്.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളെ കൂടാതെ മുരളി ഗോപി അടക്കം ഒട്ടനവധി താരങ്ങളും രണ്ടാം ഭാഗത്തിലുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ദൃശ്യം രണ്ടിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയത്. സിനിമയുടെ ചിത്രീകരണം 2020 സെപ്റ്റംബര്‍ 21നാണ് ആരംഭിച്ചത്. കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഷൂട്ടിങ് തീരുന്നത് വരെ ക്രൂവിനൊപ്പം താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.