പ്രധാനമന്ത്രി ആഹ്വാനം ചെയ്‌ത ലോക് ഡൗൺ നോട്ട് നിരോധനം പോലെ പ്രത്യേകിച്ച് ഫലമൊന്നും നൽകില്ലെന്ന് നടൻ കമൽ ഹാസൻ. തുടക്കത്തിൽ നോട്ട് നിരോധനം മികച്ചൊരു നടപടിയായി തനിക്ക് തോന്നിയിരുന്നു. എന്നാൽ, അത് ഗുണത്തേക്കാൾ ദോഷങ്ങളാണ് വരുത്തിവച്ചത്. അതുപോലെ തന്നെയാണ് കൊവിഡിനെതിരെ നരേന്ദ്രമോദി നടപ്പിലാക്കിയ അടച്ചുപൂട്ടലെന്നും അതിന്‍റെ ആഘാതം പാവപ്പെട്ടവന് താങ്ങാവുന്നതിലേറെ ആയിരിക്കുമെന്നും ഉലകനായകൻ വ്യക്തമാക്കി. മാർച്ച് 23ന് താഴെക്കിടയിലുള്ള സാധാരണക്കാരനെ മറക്കരുതെന്ന് പറഞ്ഞ പ്രധാനമന്ത്രി പിറ്റേ ദിവസം പെട്ടെന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ കുറിച്ചാണ് രാജ്യത്തോട് ഉത്തരവാദിത്വവും എന്നാൽ നിരാശനുമായ പൗരനെന്ന നിലയിൽ താൻ തുറന്ന് എഴുതുന്നതെന്ന് കമൽ ഹാസൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വെളിപ്പെടുത്തുന്നു.
"പാവങ്ങളെ ഈ സമയത്ത് സഹായിക്കാൻ നിങ്ങളല്ലാതെ ആരുമില്ല, സാർ. ഒരു വശത്ത് നിങ്ങൾ എണ്ണയൊഴിച്ച് ദീപം തെളിയിക്കാൻ പറയുമ്പോൾ മറുവശത്ത് തങ്ങളുടെ അടുത്ത റൊട്ടി ഉണ്ടാക്കാനുള്ള എണ്ണ എങ്ങനെ സംഘടിപ്പിക്കുമെന്നാണ് പാവപ്പെട്ടവൻ ചിന്തിക്കുന്നത്. താങ്കളുടെ കഴിഞ്ഞ രണ്ട് പ്രഖ്യാപനവും ആളുകളെ സമാധാനിപ്പിക്കാനാണെങ്കിൽ അതിനേക്കാൾ അത്യാവശ്യമായ വേറെ ചില കാര്യങ്ങളുണ്ട്. ഈ ടെക്‌നിക്കുകളൊക്കെ ഉള്ളവന്‍റെ കൗതുകത്തെ ഉണർത്താനെ സഹായിക്കുള്ളൂ. അതായത് ആഘോഷിക്കാൻ ഒരു ബാൽക്കണിയുള്ളവന്‍റെ, പക്ഷേ ഒരു മേൽക്കുര പോലുമില്ലാത്തവന്‍റെ അവസ്ഥ എന്തായിരിക്കും? ബാൽക്കണിയാളുകൾക്ക് വേണ്ടി മാത്രമുള്ള ഒരു ബാൽക്കണി ഗവൺമെന്‍റാകരുത്. വാർത്തകളിൽ, മുൻനിരയിൽ ഇടം പിടിക്കാൻ പാവപ്പെട്ടവന് സാധിച്ചില്ലെങ്കിലും നമ്മുടെ രാജ്യത്തിന്‍റെ ഭൂരിഭാഗമായ അവർ നൽകുന്ന ഊർജവും ജിഡിപിയും വലുതാണ്. താഴേക്കിടയിലുള്ളവനെ മറിച്ചിടാൻ നോക്കുന്ന ശ്രമങ്ങൾ മുകളിലുള്ളവനെയും തകിടം മറിക്കുമെന്നത്, എന്തിന് ശാസ്‌ത്രത്തിന് വരെ തെളിയിക്കാൻ സാധിക്കും." ലോക് ഡൗണും ഐക്യദീപവും സാധാരണക്കാരന് പ്രതികൂലങ്ങളാണെന്ന് താരം വിശദീകരിച്ചു.