പുതിയ സിനിമകൾക്ക് വിലക്കേർപ്പെടുത്തിയ സംഘനകളെയും നേതൃത്വത്തെയും രൂക്ഷഭാഷയിൽ വിമർശിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. 'ജോലി ചെയ്യുന്നത് നിർത്താൻ ഞങ്ങളോട് ആവശ്യപ്പെടരുത്. സൃഷ്ടികൾ നിർത്താൻ ഞങ്ങളോട് ആവശ്യപ്പെടരുത്. ഞങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യരുത്. ഞങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്' ലിജോ ഫേസ്ബുക്കില്‍ കുറിച്ചു. സിനിമകൾ ഒടിടി റിലീസ് നടത്താന്‍ തീരുമാനിക്കുന്നതിനെതിരെ നിരവധി വിതരണക്കാരും തിയ്യേറ്റർ ഉടമകളും രംഗത്തെത്തിയിരുന്നു. പുതിയ സിനിമകൾക്ക് പണം നൽകേണ്ടതില്ലെന്ന് നിർമാതാക്കളുടെ സംഘടനയും തീരുമാനമെടുത്തു. ഈ അവസരത്തിലാണ് തന്‍റെ നിലപാട് ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കുന്നത്.
എന്‍റെ സിനിമ എനിക്ക് ശരിയെന്ന് തോന്നുന്നിടത്ത് പ്രദർശിപ്പിക്കുമെന്ന് ലിജോ ജോസ് പെല്ലിശ്ശേരി
പുതിയ സിനിമകൾക്ക് പണം നൽകേണ്ടതില്ലെന്ന് നിർമാതാക്കളുടെ സംഘടന തീരുമാനമെടുത്തതോടെയാണ് തന്‍റെ നിലപാട് ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കിയത്.
'സിനിമയെന്നാൽ എനിക്ക് പണം ഉണ്ടാക്കാനുള്ള ഒരു ഉപകരണമല്ല മറിച്ച് എന്‍റെ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമാണ്. ഞാനൊരു സ്വതന്ത്ര സിനിമാ സംവിധായകനാണ്. സിനിമയിൽ നിന്ന് എനിക്ക് ലഭിച്ച പണം മുഴുവൻ മികച്ച സിനിമകൾ ഉണ്ടാക്കാൻ മാത്രമേ ഞാൻ മുടക്കൂ. മറ്റൊന്നിനും വേണ്ടി ചെലവാക്കില്ല. എനിക്ക് യോജിച്ചതെന്ന് തോന്നുന്ന സ്ഥലത്ത് ഞാൻ എന്‍റെ സിനിമ പ്രദർശപ്പിക്കും, കാരണം ഞാനാണ് അതിന്‍റെ സൃഷ്ടാവ്. നാമൊരു മഹാമാരിക്ക് നടുവിലാണ്. യുദ്ധസമാനമായ അന്തരീക്ഷം, ജോലിയില്ലാത്ത ആളുകൾ, ദാരിദ്ര്യം, മതപരമായ പ്രശ്നങ്ങൾ എല്ലാം നമ്മെ അലട്ടുന്നു.... ആളുകൾ സ്വന്തം വീട്ടിലെത്താൻ വേണ്ടി മാത്രം ആയിരക്കണക്കിന് കാതങ്ങൾ സഞ്ചരിക്കുന്നു. കലാകാരന്മാർ മാനസിക വിഷമത്താൽ ജീവൻ വെടിയുന്നു. ആളുകളെ പ്രചോദിപ്പിക്കാനായി മികച്ച കലാസൃഷ്ടികൾ ഉണ്ടാക്കേണ്ട സമയം ഇതാണ്. അവർക്ക് ജീവനോടെ ഇരിക്കാനുള്ള ഒരു പ്രതീക്ഷ നൽകുന്നതിന് ഉതകുന്ന കലാസൃഷ്ടികൾ. ഞങ്ങളോട് ജോലി നിർത്താൻ ആവശ്യപ്പെടരുത്, ഞങ്ങളോട് സൃഷ്ടികൾ ഉണ്ടാക്കരുതെന്ന് പറയരുത്, ഞങ്ങളുടെ ആത്മാർഥതയെ ചോദ്യം ചെയ്യരുത്, ഞങ്ങളുടെ സ്വാഭിമാനത്തെ ചോദ്യം ചെയ്യരുത്, നിങ്ങൾ ദയനീയമായി തോറ്റുപോകും, കാരണം ഞങ്ങൾ കലാകാരന്മാരാണ്’ ലിജോ കുറിച്ചു.
ഒപ്പം തന്‍റെ പുതിയ സിനിമയും ലിജോ പ്രഖ്യാപിച്ചു. ചിത്രത്തിന്‍റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 'എ' എന്നെഴുതിയ ഒരു പോസ്റ്ററും ലിജോ പങ്കുവച്ചിട്ടുണ്ട്.