"ദിലീഷ് ഏട്ടൻ വന്ന് ഇടയ്ക്ക് മോണിറ്ററിൽ നോക്കും. എന്‍റെ നെഞ്ചിടിപ്പ് കൂടും. നമുക്ക് ഹെഡ് മാഷ് വരുന്ന പോലെയാണല്ലാ," സംവിധായകനും നടനുമായ ദിലീഷ് പോത്തനെ കുറിച്ച് ജെനിത് കാച്ചപ്പിള്ളി പങ്കുവച്ച അനുഭവമാണിത്. അദ്ദേഹത്തിന്‍റെ പുതിയ ചിത്രം 'മറിയം വന്ന് വിളക്കൂതി'യുടെ ചിത്രീകരണത്തിൽ നിന്നുള്ള വിശേഷമാണ് സംവിധായകൻ ജെനിത് കാച്ചപ്പിള്ളി ഫേസ്‌ബുക്കിൽ കുറിച്ചത്. "മറിയം വന്ന് വിളക്കൂതി ഷൂട്ടിങ് നടക്കുകയാണ്. അന്ന് ബൈജു ചേട്ടന്‍റെ റോളിൽ ദിലീഷ് ഏട്ടൻ ആണ് അഭിനയിക്കുന്നത്. ഷെഡ്യൂൾ ബ്രേക്ക് നീണ്ടപ്പോൾ മറ്റ് ഡേറ്റ് ക്ലാഷുകൾ കാരണം ആൾക്ക് പിന്നീട് വന്ന് മുഴുമിപ്പിക്കാൻ പറ്റാതെ പോയതാണ്. അന്ന് ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുന്നതിനിടയിൽ ദിലീഷ് ഏട്ടൻ വന്ന് ഇടയ്ക്ക് മോണിറ്ററിൽ നോക്കും. എന്‍റെ നെഞ്ചിടിപ്പ് കൂടും. നമുക്ക് ഹെഡ് മാഷ് വരുന്ന പോലെയാണല്ലാ. നമ്മുടെ തെറ്റുകൾ നമ്മക്ക് അറിയല്ലോ," ജെനിത് കാച്ചപ്പിള്ളി പോസ്റ്റിൽ വ്യക്തമാക്കി.
ദിലീഷ് ഏട്ടൻ നമുക്ക് ഹെഡ് മാഷ്; ദിലീഷ് പോത്തനെ കുറിച്ച് ജെനിത് കാച്ചപ്പിള്ളി
ദിലീഷ് പോത്തൻ സംവിധാനം ചെയ്‌ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ ഫോക്കസ് ഔട്ട് ആയ ഒരു ഷോട്ട് ഉപയോഗിച്ചതിലുള്ള കാരണവും അദ്ദേഹം താനുമായി പങ്കുവച്ചെന്ന് ജെനിത് കുറിപ്പിൽ പറയുന്നുണ്ട്
ദിലീഷ് പോത്തൻ സംവിധാനം ചെയ്‌ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ ഫോക്കസ് ഔട്ട് ആയ ഒരു ഷോട്ട് ഉപയോഗിച്ചതിലുള്ള കാരണവും അദ്ദേഹം താനുമായി പങ്കുവച്ചെന്ന് ജെനിത് കുറിപ്പിൽ പറയുന്നുണ്ട്. "ഒരു ദിവസം ഞാൻ രണ്ടും കൽപ്പിച്ചു ചോദിച്ചു എന്താണ് ആൾക്ക് ഫീൽ ചെയ്യുന്നത് എന്ന്. അന്ന് തോളത്ത് കയ്യിട്ട് ചേട്ടനെ പോലെ ഒരു റൗണ്ട് നടക്കാൻ കൊണ്ട് പോയി ആള് കുറേ കാര്യങ്ങള് പറഞ്ഞു തന്നു. അതിൽ ഒന്ന് തൊണ്ടിമുതലിലെ ഇന്‍റർവെൽ ഷോട്ട് ആയിരുന്നു. അത് ചെറുതായി ഫോക്കസ് ഔട്ട് ആയിരുന്നു. പക്ഷേ അത് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. കാരണം ഫോക്കസ് ഏറ്റവും കൃത്യമായ മറ്റ് ഷോട്ടുകളിൽ ഉള്ളതിനേക്കാൾ ഏറ്റവും നല്ല നിമിഷം ആ ഷോട്ടിലേത് ആയിരുന്നു. അതുകൊണ്ട് അത് തന്നെ സിനിമയിൽ ഉപയോഗിച്ചു. അതൊരു തീരുമാനം ആയിരുന്നു. അതും തന്‍റെ ക്യാമറയുടെ മികവ് കാണിക്കുന്നതിനെക്കാൾ സിനിമയ്ക്ക് വേണ്ടി നില കൊള്ളുന്ന രാജീവ് രവി എന്ന ക്യാമറാമാൻ ആയത് കൊണ്ട് സംഭവിച്ച തീരുമാനം. അല്ലെങ്കിലും എല്ലാവരും അത് സമ്മതിക്കില്ല. ആർട്ടിസ്റ്റും, ക്യാമറയും, എഡിറ്റിങ്ങും എല്ലാം സിനിമയ്ക്ക് വേണ്ടിയാണ് എന്നത് കുറച്ചു കഴിയുമ്പോ മറന്നു പോകുന്ന ആളുകൾക്ക് ഇടയിൽ വീണ്ടും ചിലപ്പോഴൊക്കെ എത്തുമ്പോൾ, ചിലപ്പോഴൊക്കെ ടെക്‌നിക്കാലിറ്റിയിൽ വല്ലാതെ കോൺഷ്യസ് ആയി സിനിമയുടെ ടോട്ടാലിട്ടി അറിയാതെ സ്വയം മറന്നു പോകുമ്പോൾ ഒക്കെ ആ തീരുമാനമൊക്കെ എത്രത്തോളം വലുതാണ് എന്നത് ആലോചിക്കാറുണ്ട്," തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തിലെ ഇന്‍റർവെൽ ഷോട്ടിനൊപ്പം ജെനിത് കുറിച്ചു.