കൊവിഡ് രാജ്യത്ത് പിടിമുറുക്കിയപ്പോള്‍ മുതല്‍ സിനിമാ മേഖല പ്രതിസന്ധിയിലാണ്. തിയേറ്ററുകള്‍ തുറക്കാന്‍ സാധിക്കാത്തതിനാല്‍ റിലീസ് പ്രഖ്യാപിച്ച ചിത്രങ്ങള്‍ പോലും പെട്ടിയിലായി. ഇതിനിടെയാണ് ഒടിടി റിലീസിന് വ്യാപക പ്രചാരം മലയാളത്തിലടക്കം ലഭിക്കുന്നത്. ബോളിവുഡില്‍ നിന്ന് അടക്കം നിരവധി ചിത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി സ്ട്രീം ചെയ്യാനും തുടങ്ങി. ചരിത്രമെന്നോണം മലയാളത്തില്‍ നിന്ന് സൂഫിയും സുജാതയും ഒടിടി റിലീസിന് എത്തി. മലയാളത്തില്‍ നിന്ന് സിനിമകള്‍ ഒടിടി റിലീസിന് തയ്യാറെടുത്ത് തുടങ്ങിയതോടെ വലിയ വിവാദങ്ങളും ചര്‍ച്ചകളുമുണ്ടായി.മലയാളത്തില്‍ നിന്നും ഡയറക്ട് ഒടിടി റിലീസിന് എത്തുന്ന ചിത്രങ്ങള്‍ നല്‍കുന്ന നിര്‍മാതാക്കളുമായി മേലില്‍ സഹകരിക്കേണ്ടെന്ന നിലപാട് തിയേറ്ററുടമകളുടെ സംഘടനയായ 'ഫിയോകും' സ്വീകരിച്ചു.
ഒടിടി റിലീസ്, 'ഫിയോകി'ന്‍റെ നിലപാടിനെ പരിഹസിച്ച് ആഷിക് അബു
ആന്‍റോ ജോസഫ് നിര്‍മിച്ച 'കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്' എന്ന ചിത്രത്തിന് ഒടിടി റിലീസ് നടത്താന്‍ ഫിയോക് ഇളവനുവദിച്ചതിനെയാണ് ആഷിക് അബു ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുന്നത്
ഇപ്പോള്‍ ഫിയോകിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ആഷിക് അബു. ആന്‍റോ ജോസഫ് നിര്‍മിച്ച 'കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്' എന്ന ചിത്രത്തിന് ഒടിടി റിലീസ് നടത്താന്‍ ഫിയോക് ഇളവനുവദിച്ചതിനെയാണ് ആഷിക് അബു ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുന്നത്. 'ലോകം മുഴുവനുള്ള മനുഷ്യര്‍ ഒരു മഹാവ്യാധിയെ അതിജീവിക്കാന്‍ പൊരുതുമ്പോള്‍ കേരളത്തില്‍ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ! പാവം ആന്‍റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്... അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവര്‍ക്ക് പണികിട്ടും. സിനിമ തിയേറ്റര്‍ കാണില്ല. ജാഗ്രതൈ...' ഇതായിരുന്നു ആഷിക് അബുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
ടോവിനോയും ആന്‍റോ ജോസഫും സംയുക്തമായി നിര്‍മിക്കുന്ന കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് പൈറസി ഭീഷണി നേരിടുന്നുണ്ട്. സിനിമയുടെ റിലീസ് നീണ്ടുപോയാല്‍ നിര്‍മാതാക്കള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാവും. ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് ഒടിടി റിലീസിന് അനുമതി നല്‍കിയതെന്നാണ് ഫിയോക്ക് ഭാരവാഹികള്‍ വിഷയത്തില്‍ പ്രതികരിച്ചത്. വിഷയത്തില്‍ ആഷിക് അബുവിന് പിന്തുണയറിയിച്ച് നിര്‍മാതാവ് വിജയ് ബാബു തുടങ്ങിയവരും രംഗത്തെത്തിയിട്ടുണ്ട്.