ശാരീരികമായും മാനസീകമായും ദുരിതങ്ങളും പീഡനങ്ങളും അനുഭവിക്കേണ്ടി വരുന്ന സ്ത്രീകള്‍ക്ക് ആശ്രയമാകേണ്ട വനിതാ കമ്മിഷന്‍ അധ്യക്ഷ തന്നെ സ്ത്രീകളെ വില കുറച്ച് കാണുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന വീഡിയോ വൈറലാകുന്നു. ഗാര്‍ഹിക പീഡനത്തിനിരയായ സ്ത്രീ പരാതി പറയാന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈനിനെ ഫോണ്‍ വിളിച്ചപ്പോള്‍ ജോസഫൈന്‍ കയര്‍ക്കുന്നതാണ് വൈറലായ വീഡിയോയില്‍ കാണുന്നത്.
വീഡിയോ വൈറലായതോടെ സിനിമാ താരങ്ങളടക്കം ജോസഫൈനന്‍റെ പ്രവൃത്തിയില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തി. എം.സി ജോസഫൈനെ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് പ്രധാനമായും പ്രതിഷേധം പ്രകടിപ്പിച്ചവര്‍ ആവശ്യപ്പെട്ടത്.
'ഭര്‍ത്താവിന്‍റെ ഗാര്‍ഹിക പീഡനത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കില്‍.... എന്നാല്‍ പിന്നെ പീഡനം അനുഭവിച്ചോളൂ' എന്നാണ് ജോസഫെന്‍ പറഞ്ഞത്. ഒരു ചാനലില്‍ നടന്ന ഫോണ്‍ ഇന്‍ പരിപാടിക്കിടെയായിരുന്നു ജോസഫൈന്‍റെ പ്രതികരണം. എറണാകുളത്ത് നിന്നും ലെബിന എന്ന സ്ത്രീയായിരുന്നു പരിപാടിയിലേക്ക് വിളിച്ചത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു ലെബിനയുടെ പരാതി.
എം.സി ജോസഫൈനിന്‍റെ പ്രതികരണം
ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ജോസഫൈന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു. എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും ലെബിന അറിയച്ചപ്പോള്‍ 'എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ' എന്നായിരുന്നു ജോസഫൈന്‍റെ മറുപടി. വേണമെങ്കില്‍ കമ്മിഷനില്‍ പരാതി നല്‍കിക്കോളൂ. എന്നാല്‍ സ്ത്രീധനം തിരിച്ചുകിട്ടണമെങ്കില്‍ നല്ലൊരു വക്കീലിനെ വെച്ച് കുടുംബകോടതിയെ സമീപിക്കണമെന്നാണ് ജോസഫൈന്‍ പിന്നീട് മറുപടിയായി പറഞ്ഞത്.
നേരത്തെയും ജോസഫൈന്‍റെ പല പരാമര്‍ശങ്ങളും നടപടികളും വലിയ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. 89 വയസുള്ള കിടപ്പുരോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട ജോസഫൈന്‍റെ നടപടിയും വിവാദമായിരുന്നു. നടി സാധിക വേണുഗോപാല്‍, സംവിധായകന്‍ അനുരാജ് മനോഹര്‍ തുടങ്ങിയവരും വിഷയത്തില്‍ ജോസഫൈനെതിരെ പ്രതിഷേധിച്ച് കുറിപ്പുകള്‍ പങ്കുവെച്ചു.
Also read:'തീരുമാനമെടുക്കും മുമ്പ് ആ കുട്ടി ഒന്ന് വിളിച്ചിരുന്നെങ്കില്‍', വിസ്‌മയയുടെ മരണത്തില്‍ വികാരാധീനനായി സുരേഷ് ഗോപി
'ഇതിലും ഭേദം ആത്മാഹുതി തന്നെയാ.... പട പേടിച്ച് പന്തളത്ത് ചെന്നപ്പോ പന്തം കൊളുത്തി പട എന്നൊക്കെ കേട്ടിട്ടേ ഉള്ളു ഇതാ ഇപ്പൊ കാണുകയും ചെയ്‌തു. ഇവരെ ഒക്കെ വിളിച്ച് പരാതി പറയുന്നതിലും നല്ലത് മരിക്കുന്നത് തന്നെയാ....' എന്നാണ് സാധിക കുറിച്ചത്. 'പൊതുജനങ്ങളോട് ഇത്രമേൽ അവജ്ഞയും വിദ്വേഷവും പ്രകടിപ്പിക്കുന്ന ഒരു സ്ത്രീ പ്രസ്ഥാനത്തിൽ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുമെന്നും തോന്നുന്നില്ല. മര്യാദപൂർവം സംസാരിച്ചില്ലെങ്കിൽ ജനങ്ങൾ അത് പഠിപ്പിക്കും. നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും' എന്നാണ് അനുരാജ് മനോഹര്‍ കുറിച്ചത്.