മോഹന്‍ലാല്‍ എന്ന നടന്‍റെ അഭിനയ മികവിനെ തന്‍റെ സിനിമകളില്‍ ആവോളം ഉപയോഗപ്പെടുത്തിയ ബ്ലെസി എന്ന സംവിധായകന്‍റെ സാമര്‍ത്ഥ്യത്തെ പ്രശംസിച്ചുകൊണ്ടാണ് ആരാധകന്‍റെ കുറിപ്പ് ആരംഭിക്കുന്നത്. ബ്ലെസ്സി സംവിധാനം ചെയ്ത് 2009 ജൂൺ 25ന് തിയേറ്ററുകളിൽ എത്തിയ മലയാള ചലച്ചിത്രം ഭ്രമരത്തിലെ മോഹന്‍ലാലിന്‍റെ പ്രകടനത്തെയും ബ്ലെസിയിലെ സംവിധായകന്‍റെ മിടുക്കിനെയുമാണ് റിതിന്‍ കാലിക്കറ്റ് തന്‍റെ കുറിപ്പില്‍ വിവരിക്കുന്നത്. മോഹൻലാൽ പ്രധാന കഥാപാത്രമായ ശിവൻകുട്ടിയെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്‍റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് സംവിധായകന്‍ ബ്ലെസ്സി തന്നെയാണ്. 'ബ്ലെസി മാത്രമായിരിക്കും ഈ അടുത്ത കാലത്ത് മോഹൻലാലിലെ നടനെ ഇത്രയധികം ചൂഷണം ചെയ്യാൻ മിടുക്ക് കാണിച്ചിട്ടുള്ളത്. ഭ്രമരത്തിൽ നിഗൂഢതകളും പേറി വന്ന ശിവൻകുട്ടി അവസാനം നെഞ്ചുപൊട്ടുന്ന കാഴ്ച്ച പ്രേക്ഷകനിൽ നിറച്ചപ്പോൾ ഉമിതീപോൽ എരിയുന്ന നോവ് ഇപ്പോഴും അണയാതെ നിൽക്കുന്നു. കലുഷിതമായ മനസിന്‍റെ റിഫ്ലെക്ഷൻ എന്നപോലെ പെട്ടെന്നാണ് മോഹൻലാലിലെ ഭാവങ്ങൾ വിരിയുന്നത്. കൈ വിട്ടുപോയേക്കാവുന്ന പല സന്ദർഭങ്ങളിലും അസാമാന്യമായ കൈ അടക്കമാണ് നമുക്ക് കാണാവുന്നത്.. ഭ്രമരം കണ്ടു കഴിഞ്ഞ പ്രേക്ഷകന്‍റെ ചെവിയിലും വണ്ടിന്‍റെ ഇരമ്പൽ അലയടിച്ച ക്ലൈമാക്സ്. കാത്തിരിക്കുന്നു ഇനിയുമൊരുപാട് ലാൽ- ബ്ലസി മാജിക്കിന് വേണ്ടി..' ഇതാണ് റിതിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
ആനയെ പൂവ് നുള്ളാൻ വിടരുത്... കൂപ്പിൽ വിട്ട് തടിയെടുപ്പിക്കണം ; ആരാധകന്‍റെ പോസ്റ്റ് വൈറല്‍ - blessy
ബ്ലെസ്സി സംവിധാനം ചെയ്ത് 2009 ല്‍ തിയേറ്ററുകളിൽ എത്തിയ മലയാള ചലച്ചിത്രം ഭ്രമരത്തിലെ മോഹന്‍ലാലിന്‍റെ പ്രകടനത്തെയും ബ്ലെസിയിലെ സംവിധായകന്‍റെ മിടുക്കിനെയുമാണ് റിതിന്‍ കാലിക്കറ്റ് എന്ന ആരാധകന്‍ തന്‍റെ കുറിപ്പില്‍ വിവരിക്കുന്നത്
സിനിമ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ടവ എന്ന ലിസ്റ്റില്‍ ഉള്‍പ്പെടുന്ന തന്മാത്ര, പ്രണയം, ഭ്രമരം എന്നിവയെല്ലാം ബ്ലെസി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയവയാണ്. ഭ്രമരം റിലീസ് ചെയ്ത് പത്ത് വര്‍ഷം പിന്നിടുമ്പോള്‍ മോഹന്‍ലാല്‍- ബ്ലെസി കൂട്ടുകെട്ടിനെകുറിച്ചുള്ള ആരാധകന്‍റെ പോസ്റ്റ് മറ്റ് പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്. ഭൂമിക ചൗള, സുരേഷ് മേനോൻ, വി.ജി മുരളീകൃഷ്ണൻ, ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കളിമണ്ണാണ് ബ്ലെസിയുടെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം.