ചിലപ്പോഴൊക്കെ സിനിമകൾ അങ്ങനെയാണ്. പ്രേക്ഷകന് പ്രിയപ്പെട്ട താരജോഡികളുണ്ടെന്ന കാരണം മാത്രം മതി, തിയേറ്ററുകളിൽ നിറഞ്ഞോടാൻ. ചില താരജോഡികൾ ഒന്നിച്ചഭിനയിച്ചാൽ ചിത്രം വിജയിക്കുമെന്ന വിശ്വാസം വരെയുണ്ട് മലയാളസിനിമയിൽ. അതിൽ ഗിന്നസ് റെക്കോഡിൽ ഇടം നേടിയ നസീറും ഷീലയും മുതൽ കുഞ്ചാക്കോ ബോബനും ശാലിനിയും നിവിൻ പോളിയും നസ്രിയയും വരെയുള്ള പ്രണയജോഡികളുണ്ട്, ജഗതിയും കൽപനയും ഇന്നസെന്‍റും കെപിഎസി ലളിതയും ചേർന്നുള്ള ഹാസ്യകോമ്പോകളുമുണ്ട്. മരംചുറ്റി പ്രണയവും ഫാന്‍റസികളും കലാലയപ്രണയവും അങ്ങനെ മലയാളിക്ക് പരിചിതമായതും സാങ്കൽപികമായതുമൊക്ക പ്രണയ ജോഡികളിലൂടെ കാണികൾ ആസ്വദിച്ചു. ഒപ്പം മലയാളത്തിനെ പൊട്ടിച്ചിരിപ്പിച്ച കുറേ നർമവും അതിലെ പ്രിയപ്പെട്ട ജോഡികളും...
- പ്രേം നസീർ- ഷീല
മലയാളത്തിന്‍റെ നിത്യഹരിതകോമ്പോയെന്ന പേര് ഇന്നും നസീറിനും ഷീലക്കും മാത്രം സ്വന്തം. 130 സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. മലയാളസിനിമയിൽ പ്രണയം നിറഞ്ഞുനിന്ന അറുപതുകളിലും എഴുപതുകളിലും നസീറും ഷീലയും ഒന്നിച്ചെത്തിയപ്പോഴൊക്കെ കേരളക്കരക്ക് അത് പ്രണയവസന്തമൊരുക്കി. കോളജ് കുമാരനും കുമാരിയുമായും കടത്തനാട്ട് മാക്കവും നമ്പീശനായും ആരോമലുണ്ണിയും പ്രണയിനിയായുമൊക്കെ മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയുമായി പ്രേം നസീറും ഷീലയും തിരശ്ശീലയിൽ നിറഞ്ഞുനിന്നു. ഫുട്ബോൾ ചാമ്പ്യൻ, തപസ്വിനി, കടത്തനാട്ട് മാക്കം, താളം മനസിന്‍റെ താളം, അതിഥി, അവളൽപം വൈകിപ്പോയി, കാണാത്ത വേഷങ്ങൾ, ഇതാ ഒരു മനുഷ്യന്‍, വിവാഹം സ്വർഗത്തിൽ തുടങ്ങിയവ അവയിൽ ചിലത് മാത്രം.
- സത്യന്‍- ശാരദ
പക്വതയാർന്നതും സ്വാഭാവികമായുള്ളതുമായ അഭിനയമാണ് ഇരുവരുടെയും മുതൽകൂട്ട്. അത് അഭ്രപാളിയിലും വിജയിച്ചു. സത്യനും ശാരദയും അങ്ങനെ മലയാളിക്ക് പ്രിയപ്പെട്ടതായി. യക്ഷി, അടിമകള്‍, കുറ്റവാളി, കൂട്ടുകുടുംബം, മനസ്വിനി, സ്ത്രീ തുടങ്ങിയ ചിത്രങ്ങളിൽ നായകനും നായികയുമായി സത്യൻ മാസറ്ററും ശാരദയും തിളങ്ങി നിന്നു.
- മധു- ശ്രീവിദ്യ
നസീറിനെയും ഷീലയെയും പോലെ സത്യനെയും ശാരദയെയും പോലെ മധുവും ശ്രീവിദ്യയും പഴയകാലചിത്രങ്ങളുടെ മികച്ച താര ജോഡിയായിരുന്നു. പ്രണയം പറയാൻ വലിയ മോമ്പൊടികളൊന്നും ചേർക്കാതെ ഇരുവരും അഭ്രപാളിയിൽ പ്രതൃക്ഷപ്പെട്ടപ്പോൾ 60 ഓളം ചിത്രങ്ങളും മലയാളത്തിൽ പിറന്നു. തീക്കനൽ, മുത്തുച്ചിപ്പി, താറാവ്, ജനകീയ കോടതി, ഇടവേളക്ക് ശേഷം, ഒരു യുഗസന്ധ്യ എന്നിവ മധുവും ശ്രീവിദ്യയും ഒരുമിച്ചത്തിയെ ഏതാനും ചില ചലച്ചിത്രങ്ങൾ.
- ജയന്‍- സീമ
കണ്ണും കണ്ണും തമ്മിൽ തമ്മിൽ കഥകള്‍ കൈമാറിയത് ജയനിലൂടെയും സീമയിലൂടെയുമായിരുന്നു. സിനിമക്ക് പുറത്തും പ്രണയജോഡികളെന്ന തരത്തിൽ ഗോസിപ്പുകളിലൂടെ ഇരുവരും അറിയപ്പെട്ടിരുന്നു. ലിസ, അങ്കക്കുറി, മൂര്‍ഖന്‍, അങ്ങാടി, കരിമ്പന എന്നീ ചിത്രങ്ങളിൽ ഇവര്‍ ഒരുമിച്ചെത്തിയപ്പോൾ പ്രണരംഗങ്ങളും പ്രണയഗാനങ്ങളും മലയാളിക്ക് അത്രയേറെ പ്രിയപ്പെട്ടതായി മാറി.
- ശങ്കർ- മേനക
ശങ്കറെന്ന പേരിനോട് കൂട്ടിവായിക്കാൻ എപ്പോഴും മലയാളിക്കിഷ്‌ടം മേനകയെയാണ്. കഥ മികച്ചതല്ലെങ്കിൽ പോലും ശങ്കറും മേനകയും ഒന്നിച്ചെത്തുന്നുണ്ടെങ്കിൽ പ്രേക്ഷകന് അത് മതി. എൺപതുകളിൽ മലയാളത്തിന്‍റ മുൻനിര താരമായിരുന്ന ശങ്കറിനൊപ്പം ശാലീന സുന്ദരി മേനകയും ഒരുമിച്ചപ്പോഴൊക്കെ ചിത്രങ്ങളും വിജയം കണ്ടു. നനഞ്ഞു നേരിയ പട്ടുറുമാലിലും ശ്രുതിലയമധുരത്തിലുമൊക്കെ ഇരുവരും പ്രണയം പറഞ്ഞ് പാടി നടന്നു, കണ്ണുകളിലൂടെ പ്രണയം കൈമാറി. അങ്ങനെ മലയാളത്തിന്‍റെ പ്രിയപ്പെട്ട ജോഡികളിൽ ശങ്കർ- മേനക എന്നും തെളിഞ്ഞു നിൽക്കുന്നു.
- റഹ്‌മാൻ- രോഹിണി
കേരളം ആഘോഷമാക്കിയ താരജോഡി, റഹ്‌മാനും രോഹിണിയും. കഥ ഇതുവരെ, ഒരിക്കൽ ഒരിടത്ത്, പറന്നു പറന്നു പറന്നു, കൂടണയും കാറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും പ്രണയജോഡികളായി. സിനിമയിൽ മാത്രമല്ല ഇരുവരും ശരിക്കും പ്രണയത്തിലാണെന്ന് വരെ ഒരുകാലത്ത് ഗോസിപ്പുകൾ ഉയർന്നിരുന്നു. റഹ്‌മാൻ- രോഹിണി തിരശ്ശീലയിൽ നിറഞ്ഞുനിന്നപ്പോഴൊക്കെ പ്രേക്ഷകനും ആഗ്രഹിച്ചിരുന്നു യഥാർഥത്തിൽ ഇവർ തമ്മിൽ പ്രണയത്തിലായെങ്കിൽ എന്ന്. അത്രയേറെ മലയാളി ഇഷ്‌ടപ്പെട്ടിരുന്ന കോമ്പോയായിരുന്നു റഹ്‌മാനും രോഹിണിയും.
- മോഹൻലാൽ- ശോഭന
ലാലേട്ടന്‍റെ നായികമാരായി മഞ്ജു വാര്യരും കാർത്തികയും ലിസിയും രേവതിയുമൊക്കെ വന്നെങ്കിലും ശോഭനയുമൊത്തുള്ള ചിത്രങ്ങളാണ് എണ്ണത്തിൽ കൂടുതൽ. മാത്രമല്ല, ഇരുവരും ഒന്നിച്ചുള്ള സിനിമകൾ വലിയ സ്വീകാര്യതയും നേടി. മാണിക്യനും കാത്തുമ്പിയും, പവിത്രത്തിലെ ഉണ്ണിയും മീരയും, മിന്നാരത്തിലെ ബോബിയും നീനയും തീരുന്നില്ല, വെള്ളാനകളുടെ നാട്, ടി.പി ബാലഗോപാലന്‍ എം.എ, നാടോടിക്കാറ്റ്, മായാമയൂരം, മാമ്പഴക്കാലം തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചെത്തി.
- ജഗതി ശ്രീകുമാർ- കൽപന