Jolly O Gymkhana promo video : 'അറബിക് കുത്തി'ന് ശേഷം മറ്റൊരു വിരുന്നുമായി വിജയും കൂട്ടരും എത്തുന്നു. 'ബീസ്‌റ്റി'ലെ രണ്ടാം ഗാനമായ 'ജോളി ഒ ജിംഖാന'യുടെ പ്രമോ വീഡിയോ പുറത്തിറങ്ങി. ഇന്ന് വൈകുന്നേരം ആറ് മണിക്ക് വീഡിയോ ഗാനം പുറത്തിറങ്ങും.
'ജോളി ഒ ജിംഖാന' ഗാന ചിത്രീകരണ സമയത്ത് നര്‍ത്തകരോട് സംസാരിക്കുന്ന നെല്‍സണെയാണ് പ്രമോയില്‍ കാണാനാവുക. പ്രമോയ്‌ക്കൊടുവിലായി അനിരുദ്ധും പ്രത്യക്ഷപ്പെടുന്നുണ്ട്. 'ബീസ്‌റ്റി'ലെ രസകരമായ പ്രമോ വീഡിയോകള്‍ ഇതിന് മുമ്പും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
Arabic Kuthu records: 'ബീസ്‌റ്റി'ലെ ആദ്യ ഗാനം 'അറബിക് കുത്ത്' ആസ്വാദകര്‍ക്കിടയില്‍ വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. നിരവധി റെക്കോര്‍ഡുകളും 'അറബിക് കുത്ത്' നേടിയിരുന്നു. തെന്നിന്ത്യന്‍ സിനിമാ ഗാനങ്ങളില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്‌ചക്കാരെ സ്വന്തമാക്കിയ ഗാനമെന്ന റെക്കോര്‍ഡും 'അറബിക് കുത്ത്' നേടി. 15 ദിവസങ്ങള്‍ കൊണ്ടാണ് ഗാനത്തിന്‍റെ ഈ നേട്ടം. ധനുഷ് ചിത്രം 'മാരി 2' വിലെ 'റൗഡി ബേബി'യുടെ റെക്കോര്‍ഡാണ് 'അറബി കുത്ത്' മറികടന്നത്. 18 ദിവസം കൊണ്ടാണ് 'റൗഡി ബേബി' 100 മില്യണ്‍ കടന്നത്. വിജയുടെ 'മാസ്‌റ്ററി'ലെ 'വാത്തി കമിങ്' എന്ന ഗാനം മൂന്നാം സ്ഥാനത്തുമാണ്.
Vijay remuneration 100 crores: 'ബീസ്‌റ്റി'നായി വിജയ് തന്‍റെ പ്രതിഫലം വര്‍ധിപ്പിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 'ബീസ്‌റ്റി'നായി താരത്തിന്‍റെ പ്രതിഫലം 100 കോടി രൂപയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ ബഡ്‌ജറ്റിന്‍റെ ഇരട്ടിയിലേറെയാണ് ഈ തുകയെന്നാണ് സൂചന. വിജയുടെ 65ാമത് ചിത്രം കൂടിയാണ് 'ബീസ്‌റ്റ്'. അടുത്തിടെ വന്‍ വിജയം നേടിയ ശിവകാര്‍ത്തികേയന്‍ ചിത്രം 'ഡോക്‌ടറി'ന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ ഏറെ പ്രതീക്ഷയാണ് ആരാധകര്‍ക്ക്.