ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണൻ ഒരുക്കിയ മാലിക് സിനിമയെ പ്രശംസിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുല്ലക്കുട്ടി. സമീപകാലത്ത് കണ്ട ഉഗ്രൻ സിനിമയാണ് മാലിക് എന്ന് അബ്ദുല്ലക്കുട്ടി തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ഫഹദിന്‍റെ അഭിനയമികവിനെ പ്രശംസിച്ച അബ്ദുല്ലക്കുട്ടി മലയാള സിനിമക്ക് മോഹൻലാലിനെ തന്ന ഫാസിലിന് ദൈവം അനുഗ്രഹിച്ച് നൽകിയ പൊന്നുമോനാണ് ഫഹദ് എന്ന് കുറിച്ചു.
അബ്‌ദുല്ലക്കുട്ടിയുടെ വാക്കുകൾ:
മാലിക്ക് കണ്ടു. സമീപകാലത്ത് കണ്ട ഉഗ്രൻ ചലച്ചിത്രാവിഷ്കാരം. സിനിമ സംവിധായകന്‍റെ കലയാണെന്ന് പറയാറുണ്ട്. ഇവിടെയും മഹേഷ് നാരായണന്‍റെ പ്രതിഭക്ക് പത്തരമാറ്റിന്‍റെ തിളക്കം ഉണ്ട്. പക്ഷെ ഫഹദ് ഫാസിലിന്‍റെ സിനിമ കണ്ട് കഴിഞ്ഞാൽ നമ്മള് തിരുത്തി പറയണ്ടി വരും ഫഹദ് ഉണ്ടെങ്കിൽ ആ സിനിമ സംവിധായകന്‍റെയും, ഫഹദിന്‍റെയും സംയുക്ത കലയാണ്. ഫഹദ് തന്‍റെ സിനിമകളിൽ അഭിനയിക്കുകയല്ല. ജീവിക്കുകയാണ്.
മലയാള സിനിമയ്ക്ക് മഹാ നടൻ മോഹൻലാലിനെ സമ്മാനിച്ച ഫാസിലിന് പകരമായി ദൈവം അനുഗ്രഹിച്ച് നൽകിയ പൊന്നുമോനാണ് ഫഹദ്. ചന്ദനംചാരിയാൽ ചന്ദനം മണക്കും എന്ന് പറഞ്ഞത് പോലെ ഈ ചിത്രത്തിൽ അഭിനയിച്ചവരെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടിട്ടുണ്ട്. നിമിഷ മുതൽ എന്‍റെ നാട്ടുകാരൻ അമൽ വരെ...മലയാള സിനിമക്ക് മാലിക്ക് ഒരു മുതൽ കൂട്ട് തന്നെയാണ്. മഹാമാരിയുടെ കാലത്ത് വീട്ടിലിരുന്ന് കാണാൻ ആമസോൺ പ്രൈമിലൊരുക്കിയ നല്ല സിനിമയ്ക്ക് പിന്നിൽ യത്നിച്ച കലാകാരമാരെയെല്ലാം അഭിനന്ദിക്കുന്നു