സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും സൂരജ് തേലക്കാടും പ്രധാനവേഷത്തില്‍ എത്തി സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ ചലച്ചിത്രമായിരുന്നു ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ വേർഷൻ 5.25. ഭാസ്‌കരൻ പൊതുവാളിലൂടെയും സുബ്രഹ്മണ്യനിലൂടെയും മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത ചിത്രം 2019 നവംബറിലാണ് റിലീസിനെത്തിയത്. രതീഷ് ബാലകൃഷ്ണനായിരുന്നു സംവിധായകൻ.
അവതരണത്തിലും അഭിനേതാക്കളുടെ പ്രകടനത്തിലും പ്രശംസ പിടിച്ചുപറ്റിയ സിനിമയിലൂടെ സുരാജ് വെഞ്ഞാറമൂട് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും സ്വന്തമാക്കി. കൂടാതെ, തമിഴിലേക്ക് ചിത്രം റീമേക്കിനൊരുങ്ങുന്നുമുണ്ട്.
ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ ഇത്തവണ അളിയൻ
എന്നാൽ, ആൻഡ്രോയ്‌ഡ് കുഞ്ഞപ്പന്‍റെ ആരാധകർക്കായി അണിയറപ്രവർത്തകർ മറ്റൊരു സന്തോഷമാണ് പങ്കുവക്കുന്നത്. ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ വേർഷൻ 5.25ന് രണ്ടാം ഭാഗം വരുന്നതായി നിർമാതാവ് സന്തോഷ് ടി. കുരുവിള ഫേസ്‌ബുക്കിലൂടെ അറിയിച്ചു.
'അളിയന്‍' അഥവാ 'ഏലിയൻ' എന്ന പേരിലാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തന്നെയാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. സിനിമയുടെ ആദ്യ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് കുടുംബസദസ്സുകളുടെ പ്രിയങ്കരൻ ആൻഡ്രോയ്‌ഡ് കുഞ്ഞപ്പന്‍റെ രണ്ടാം വരവ് നിർമാതാവ് പ്രഖ്യാപിച്ചത്.
More Read: ആൻഡ്രോയിഡ് കുഞ്ഞപ്പൻ തമിഴിൽ ഗൂഗിൾ കുട്ടപ്പൻ
അതേ സമയം, അരുണാചൽ പ്രദേശ് സ്വദേശിയായ കെന്‍റി സിര്‍ഡോ, മലയാളത്തിന്‍റെ പ്രിയതാരങ്ങളായ സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു, രാജേഷ് മാധവൻ എന്നിവരും ഒന്നാം ഭാഗത്തിൽ മാറ്റുരച്ചിരുന്നു.