തിരുവനന്തപുരം:സംഗീത ഇതിഹാസം എആർ റഹ്മാൻ നടത്തിയ സംഗീത മത്സരത്തിൽ കിരീടമണിഞ്ഞ പത്ത് പേരിൽ ഒരാൾ ഇവിടെയുണ്ട്. തിരുവനന്തപുരം കൈതമുക്ക് സ്വദേശിനി അമൃത. മാന്ത്രിക സംഗീതജ്ഞന്റെ അനുമോദനം നേടിയ സന്തോഷത്തിലാണ് അമൃതയും ഭർത്താവ് രോഹിതും. രോഹിത് സംഗീത സംവിധായകൻ കൂടിയാണ്.
ആർ ക്ലഫ് സ്റ്റുഡിയോ എന്ന പേരിൽ ഇരുവരും ചേർന്ന് മ്യൂസിക് പ്രൊഡക്ഷൻ തുടങ്ങിയതിന് പിന്നാലെയാണ് വലിയ അംഗീകാരം തേടിയെത്തിയത്. സംഗീതം സ്വപ്നം കണ്ടു നടന്ന രോഹിത്തും അമൃതയും 2018ലാണ് കണ്ടുമുട്ടുന്നത്. കഴിഞ്ഞ വർഷമായിരുന്നു വിവാഹം.
പത്രവാർത്തകളിലൂടെയാണ് എആർ റഹ്മാൻ 99 സിനിമയിലെ പാട്ടുകൾ വച്ചുകൊണ്ട് കവർ സോങ് മത്സരം നടത്തുന്നു എന്നറിഞ്ഞത്. പങ്കെടുക്കാം എന്ന് മാത്രമാണ് കരുതിയതെങ്കിലും വിജയികളാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. റഹ്മാനുമായി സംസാരിക്കാനും സംഗീത വിശേഷങ്ങൾ പങ്കുവയ്ക്കാനും കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യമായാണ് അമൃതയും രോഹിത്തും കാണുന്നത്. ഒപ്പം പ്രവർത്തിക്കാൻ അവസരമുണ്ടാകുമെന്ന് കൂടി പറഞ്ഞതോടെ ത്രിൽ ഇരട്ടിയായി.