ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും സിനിമാ മേഖലയെ പൂര്‍ണമായും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ രംഗത്ത്. കൊവിഡ് ആദ്യ തരംഗവും അതേ തുടര്‍ന്നുള്ള ലോക്ക് ഡൗണും സിനിമാ മേഖലയെ പത്ത് മാസത്തിലധികമാണ് പ്രതിസന്ധിയിലാക്കിയത്.
2021 ജനുവരി പകുതിയോടെ തിയേറ്ററുകള്‍ തുറക്കാനും സിനിമകളുടെ ചിത്രീകരണവും പ്രദര്‍ശനവും വീണ്ടും ആരംഭിക്കാനും തുടങ്ങി. സിനിമാ വ്യവസായം തിരിച്ചുവരവിന്‍റെ പാതയിലായിരുന്നപ്പോഴാണ് പെടുന്നനെ രണ്ടാം തരംഗവും ലോക്ക് ഡൗണും പ്രഖ്യാപിച്ചത്. പല മേഖലകള്‍ക്കും ഇളവുകള്‍ അനുവദിച്ച് ഘട്ടം ഘട്ടമായി അടച്ചുപൂട്ടലില്‍ നിന്നും മുക്തമാകാന്‍ അവസരം നല്‍കുമ്പോഴും സിനിമാ വ്യവസായത്തെ അവഗണിക്കുന്നുവെന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ പരാതിപ്പെടുന്നത്.
മറ്റുള്ളവര്‍ക്കെല്ലാം ജോലി ചെയ്യാനാകുന്നുണ്ട്. എന്നാല്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് അത് സാധിക്കുന്നില്ല. ഭക്ഷണം കഴിക്കാനും കുട്ടികളെ പഠിപ്പിക്കാനുമൊക്കെ സിനിമ പ്രവര്‍ത്തകര്‍ എങ്ങനെയാണ് പണം കണ്ടെത്തേണ്ടതെന്നും അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്‌ബുക്കിലെ പോസ്റ്റിലൂടെ ചോദിച്ചു.
അല്‍ഫോണ്‍സ് പുത്രന്‍റെ കുറിപ്പ്
'എന്തുകൊണ്ടാണ് സിനിമാ ഷൂട്ടിങിന് അനുമതി നൽകാത്തത്. പാല്‍ വിൽപന നടത്തുന്നവർക്കും ഭക്ഷണം കൊടുക്കുന്നവർക്കും ജോലി ചെയ്യാമെങ്കിൽ.... സിനിമാ പ്രവർത്തകർക്ക് എന്തുകൊണ്ട് ജോലി ചെയ്യാനാകുന്നില്ല. ഞങ്ങൾ എങ്ങനെ ഭക്ഷണം കഴിക്കും? എങ്ങനെ പാല്‍ മേടിക്കും? ഞങ്ങളുടെ കുട്ടികളെ എങ്ങനെ പഠിപ്പിക്കും? ഞങ്ങളുടെ കുട്ടികൾക്കായി എങ്ങനെ ഒരു പെൻസിൽ ബോക്‌സ് വാങ്ങും?
ഞങ്ങൾ എങ്ങനെയാണ് പണം സമ്പാദിക്കുക? സിനിമാ തീയേറ്ററുകളിലെന്നപോലെ അല്ല സിനിമാ ഷൂട്ടിങ് നടക്കുക. ക്ലോസ്അപ് ഷോട്ടോ, വൈഡ് ഷോട്ടോ എടുക്കണമെങ്കിൽ പോലും രണ്ട് മീറ്ററോ അതിലധികമോ മാറിനിൽക്കണം. പിന്നെ എന്ത് യുക്തിയാണ് ഷൂട്ടിങിന് അനുമതി നിഷേധിച്ച് നിങ്ങൾ ഇവിടെ പറയുന്നത്. ആലോചിച്ച് ഇതിനൊരു പരിഹാരം പറയൂ....' അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചു.
Also read:ശാരീരികമായും മാനസീകമായും പീഡിപ്പിച്ചവരുടെ പേരുകള്‍ പുറത്തുവിട്ട് രേവതി സമ്പത്ത്, ലിസ്റ്റില്‍ സിദ്ദീഖ് മുതല്‍ പൂന്തുറ എസ്.ഐ വരെ
ഷൂട്ടിങ് പാതിവഴിയില്‍ നിലച്ചതും പ്രാരംഭഘട്ടത്തിലുള്ളതുമായ ഒട്ടനവധി ചിത്രങ്ങളാണ് മലയാള സിനിമയില്‍ മാത്രം ഉള്ളത്. പലരും തങ്ങളുടെ സ്വപ്ന പദ്ധതികള്‍ക്ക് വേണ്ടി ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ്.