സ്റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്‍ നായകനായി എത്തിയ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായിരുന്നു 'അല വൈകുണ്ഡപുരമുലു'. അങ്ങ് വൈകുണ്ഡപുരത്ത് എന്ന പേരില്‍ മൊഴിമാറ്റി കേരളത്തിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു. അല്ലു അര്‍ജുന്‍റെ മടങ്ങിവരവെന്ന് തന്നെ പറയാവുന്ന ചിത്രം കൂടിയായ അല വൈകുണ്ഡപുരമുലുവിലെ ഗാനങ്ങളും ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. ലിറിക്കല്‍ വീഡിയോ ഇറങ്ങിയപ്പോഴെ ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അക്കൂട്ടത്തില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ഒരു ഗാനമായിരുന്നു 'ബുട്ടബൊമ്മ' എന്ന് തുടങ്ങുന്ന ഗാനം. ഇപ്പോള്‍ ഗാനത്തിന്‍റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
രണ്ട് ദിവസം കൊണ്ട് 'ബുട്ടബൊമ്മ സോങ്ങിന്' ഒരു കോടിയിലധികം കാഴ്ചക്കാര്‍ - Allu Arjun
1,22,85,911 ആളുകളാണ് റിലീസ് ചെയ്ത് രണ്ട് ദിവസം പിന്നിടുമ്പോള്‍ ഗാനം യുട്യൂബില്‍ മാത്രം കണ്ടത്
രണ്ട് ദിവസം മുമ്പ് ഇറങ്ങിയ ഗാനം ഇതിനോടകം ഒരു കോടിയിലേറെ ആളുകള്‍ യുട്യൂബില്‍ മാത്രം കണ്ടുകഴിഞ്ഞു. നായകന്‍ അല്ലു അര്‍ജുന്‍റെ സ്റ്റൈലിഷ് നൃത്തരംഗങ്ങള്‍ തന്നെയാണ് വീഡിയോ ഗാനത്തിന്‍റെ പ്രധാന ആകര്‍ഷണം. പൂജ ഹെഗ്ഡേയാണ് അല്ലുവിന്‍റെ നായിക. മലയാളത്തിന്‍റെ പ്രിയതാരങ്ങളായ ജയറാമും, ഗോവിന്ദ് പത്മസൂര്യയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അര്‍മാന്‍ മാലിക്കാണ് ഗാനം തെലുങ്കില്‍ ആലപിച്ചത്. തമനാണ് സംഗീതം നല്‍കിയത്. ത്രിവിക്രം ശ്രീനിവാസാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. തബു, നിവേദ, നവദീപ്, സുശാന്ത്, സത്യരാജ്, സമുദ്രക്കനി എന്നിവരാണ് മറ്റ് താരങ്ങള്‍. ഗീത ആര്‍ട്‌സ്, ഹാരിക ആന്‍റ് ഹസ്സിന്‍ ക്രിയേഷന്‍സ് എന്നിവയുടെ ബാനറില്‍ അല്ലു അരവിന്ദ്, എസ്.രാധാകൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.