വാണിജ്യവിജയത്തേക്കാൾ കലാമൂല്യമുള്ള സിനിമകൾ ചെയ്‌ത് മലയാളത്തിൽ മാറ്റങ്ങൾക്ക് വഴിതെളിച്ച സംവിധായകൻ, അടൂർ ഗോപാലകൃഷ്‌ണൻ. മലയാളത്തിൽ സമാന്തര സിനിമകളെ പരിചയപ്പെടുത്തി, അന്താരാഷ്ട്രതലത്തില്‍ വരെ ഖ്യാതി നേടിക്കൊടുക്കുന്നതിൽ അദ്ദേഹം വിജയിച്ചു. മലയാള സിനിമയിൽ പുതിയ സംസ്‌കാരം രൂപപ്പെടുത്തിയ അടൂർ ഗോപാലകൃഷ്‌ണൻ 1941 ജുലായ് മൂന്നിന് പത്തനംതിട്ടയിലെ അടൂരിൽ ജനിച്ചു. നാടകത്തിനോടുള്ള അഭിനിവേശത്തിൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിക്കാൻ ചേർന്നു.
മികച്ച നാടക സംവിധായകനാവാനായാണ് ചലച്ചിത്ര സംവിധാനം പഠിക്കാൻ തയ്യാറായത്. തിരക്കഥാരചനയിലും സംവിധാനത്തിലും ഡിപ്ലോമ പൂർത്തിയാക്കി 1965ൽ അദ്ദേഹം കേരളത്തിലെ ആദ്യത്തെ സിനിമാ നിർമാണ സഹകരണ സംഘം രൂപീകരിച്ചു. കുളത്തൂർ ഭാസ്കരൻ നായരുടെ പങ്കാളിത്തത്തോടെയാണ് ചിത്രലേഖ രൂപീകരിച്ചത്. സ്വതന്ത്രമായി സിനിമകളുടെ നിർമാണവും വിതരണവും പ്രദർശനവും നിർവഹിക്കാനായി സഹായിക്കുന്ന ചിത്രലേഖ അരവിന്ദന്‍, പി.എ.ബക്കര്‍, കെ.ജി. ജോര്‍ജ്, പവിത്രന്‍, രവീന്ദ്രന്‍ തുടങ്ങിയ പ്രമുഖരായ സംവിധായകരെ പ്രചോദിപ്പിട്ടുണ്ട്.
'സ്വയംവരം' എന്ന ചിത്രമാണ് അടൂർ ഗോപാലകൃഷ്‌ണന്‍റെ ആദ്യ ചലച്ചിത്രം. ഗാനവും നൃത്ത രംഗങ്ങളുമില്ലാത്ത സിനിമകള്‍ മലയാളിക്ക് ഒട്ടും പരിചിതമല്ലാത്ത സമയത്താണ്, സ്വയംവരത്തിനെ അടൂർ അവതരിപ്പിക്കുന്നത്. വാണിജ്യ വിജയത്തിന് നിർമിക്കുന്ന ചിത്രങ്ങളുടെ നേരെ എതിർമുഖം. വലിയൊരു കൂട്ടത്തിന് സ്വീകര്യതയല്ലായിരുന്നുവെങ്കിലും സിനിമയുടെ ഓരോ അംശത്തിലും കലാമൂല്യം മികച്ചു നിന്നതിനാൽ, ചിത്രത്തെ ഒരു വിഭാഗം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. 1972ൽ ബ്ലാക്ക് ആന്‍റ് വൈറ്റില്‍ അടൂര്‍ ഒരുക്കിയ സ്വയംവരം മികച്ച സംവിധായകൻ, മികച്ച ചലച്ചിത്രം, മികച്ച അഭിനേത്രി തുടങ്ങിയ ദേശീയ പുരസ്‌കാരങ്ങൾ മലയാളത്തിലേക്ക് എത്തിച്ചു.
ദേശീയ, സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളുടെ നേട്ടത്തിൽ അടൂരിന്‍റെ അടുത്ത ചിത്രമായ 'കൊടിയേറ്റ'വും മികച്ചുനിന്നു. പച്ചയായ ജീവിതത്തിനെ അടയാളപ്പെടുത്തിയ കൊടിയേറ്റത്തിൽ സാധാരണ കാണുന്ന നാടകീയ മുഹൂർത്തങ്ങൾ പ്രകടമല്ല. അടൂർ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച 'എലിപ്പത്തായം' 1981ലാണ് റിലീസിനെത്തിയത്. അടൂരിന്‍റെ ഏറ്റവും മികച്ച സൃഷ്ടിയായി വിലയിരുത്തപ്പെടുന്ന ചിത്രത്തിൽ ഒരു കാലഘട്ടത്തിലെ കേരളത്തിന്‍റെ അവസ്ഥ വിശദീകരിക്കുന്നു. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റ്യൂട്ടിന്‍റെ ഏറ്റവും നല്ല മൗലിക രചനയ്ക്കുള്ള പുരസ്‌കാരവും എലിപ്പത്തായം സ്വന്തമാക്കി. കൂടാതെ, നിരവധി അന്തർദേശീയ അവാർഡുകളും ചിത്രത്തിലൂടെ അടൂരിന് ലഭിച്ചിരുന്നു. കേരള സംസ്ഥാന പുരസ്‌കാരം നേടിയ 'മുഖാമുഖ'ത്തിൽ ഒരു വ്യക്തിയുടെ ബിംബവും സമൂഹം പതിപ്പിച്ചു നൽകുന്ന പ്രതിബിംബവും തമ്മിലുള്ള താരതമ്യവും പാരസ്പര്യവും പ്രമേയമാകുന്നുണ്ട്.
ബഷീറിന്‍റെ നോവലിനെ ആസ്‌പദമാക്കി അടൂർ സംവിധാനം ചെയ്‌ത മതിലുകൾ "ഹൂ വാണ്ടസ് ഫ്രീഡം," ഒരു ചെറിയ ലോകത്തിലേക്ക് ഒതുങ്ങേണ്ടിവന്ന തടവുകാരൻ ബഷീറും മതിലിനപ്പുറത്തുള്ള ജയിലിലെ നാരായണിയും. തങ്ങളുടേതായ ലോകം നെയ്‌തെടുക്കുമ്പോൾ, ഭൗതികമായ 'മതിലുകൾ' അവർക്കിടയിൽ അതിർവരമ്പുകൾ സൃഷ്‌ടിക്കുന്നില്ലെന്ന് ബഷീർ സ്വന്തം തടവുജീവിതം നോവലിലാക്കി പറഞ്ഞു തന്നു. അടൂരാകട്ടെ അതിനെ അഭ്രപാളിയിലേക്ക് പകർത്തിയപ്പോൾ അതിരില്ലാത്ത അംഗീകാരം നേടിയെടുക്കുകയും ചെയ്‌തു. സക്കറിയയുടെ എഴുത്തിനെയാണ് അടുത്തതായി അടൂർ 'വിധേയനി'ൽ ചിത്രീകരിച്ചത്. 'ഭാസ്കര പട്ടേലരും എന്‍റെ ജീവിതവും' നോവലിനെ ആസ്‌പദമാക്കി പുറത്തിറക്കിയ വിധേയൻ പുരസ്‌കാരങ്ങൾ വാങ്ങിക്കൂട്ടുന്നതിൽ ഒട്ടും പിന്നിലല്ലായിരുന്നു. മതിലുകളും വിധേയനും രണ്ട് പ്രശസ്‌ത നോവലുകളുടെ സിനിമാ പതിപ്പുകളായപ്പോൾ, സൂപ്പർതാരത്തിന്‍റെ യാതൊരു പൊടിപ്പും ഇല്ലാതെ മമ്മൂട്ടി ഈ ചിത്രങ്ങളിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
അടൂരിന്‍റെ 2016ൽ പ്രദർശനത്തിനെത്തിയ പിന്നെയും എന്ന ചിത്രം സ്വതന്ത്ര്യത്തിനു മുമ്പത്തെ പത്തു വര്‍ഷം മുതല്‍ എണ്‍പതുകളിലെ ഇടതുപക്ഷ ഭരണത്തിന്‍റെ കാലം വരെയുള്ള സാമൂഹിക ചരിത്രം 'കഥാപുരുഷന്‍' വിവരിച്ചു. സംഘർഷമാണ് 2002ൽ പുറത്തിറക്കിയ 'നിഴൽകൂത്തിൽ' അടൂർ രേഖപ്പെടുത്തിയത്, തൂക്കുമരത്തിലേക്ക് വിധിക്കപ്പെട്ട നിരപരാധിയായ ഒരു മനുഷ്യനും അവൻ പ്രതിയല്ലെന്ന് അറിയാമെങ്കിലും കഴുത്തിൽ കുരുക്കിടാന്‍ വിധിക്കപ്പെട്ട ആരാച്ചാരും തമ്മിലുള്ള ആന്തരിക സംഘർഷം. നാലു പെണ്ണുങ്ങള്‍ (2007), ഒരു പെണ്ണും രണ്ടാണും (2008), പിന്നെയും( 2016) തുടങ്ങിയ ചിത്രങ്ങളും അദ്ദേഹത്തിന്‍റെ കയ്യൊപ്പ് പതിഞ്ഞ മലയാള ചലച്ചിത്രങ്ങളാണ്.
മുഴുനീള ചിത്രങ്ങൾക്ക് പുറമെ, ദി ലൈറ്റ്, മൺതരികൾ, എ മിഷൻ ഓഫ് ലൗ, ആന്‍റ് മാൻ ക്രിയേറ്റഡ് തുടങ്ങി ഒട്ടനവധി ഹ്രസ്വചിത്രങ്ങളും അടൂർ ഗോപാലകൃഷ്‌ണൻ സംഭാവന ചെയ്‌തു. ദേശീയ- അന്തർദേശീയ പുരസ്‌കാരങ്ങൾ, പത്മശ്രീ, സംസ്ഥാന അവാർഡുകൾ, ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം, ജെ.സി ഡാനിയേൽ പുരസ്‌കാരം എന്നിങ്ങനെ ഐതിഹാസിക സംവിധായകനും തിരക്കഥാകൃത്തുമായ അടൂരിനെ തേടിയെത്താത്ത അവാർഡുകളും അംഗീകാരങ്ങളും വിരളം.